'ഫുട്ബാൾ ഇന്ത്യയിൽ ജനപ്രിയമാണ്, പക്ഷേ നേട്ടങ്ങളുണ്ടാകുന്നില്ല'; മുന്നേറ്റമുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്

ന്യൂഡൽഹി: ഇന്ത്യക്ക് ഫുട്ബാൾ രംഗത്ത് മുന്നേറ്റമുണ്ടാകണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ഫുട്ബാൾ ഇന്ത്യയിൽ ജനപ്രിയമാണ്, പക്ഷേ നേട്ടങ്ങളുണ്ടാകുന്നില്ല. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പുതിയ ഭരണഘടന അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു അഭിപ്രായം. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഇത്രയും നടപടിക്രമങ്ങൾക്കിടെ നമ്മുടെ കളിക്കാർക്ക് യഥാർഥത്തിൽ എപ്പോഴാണ് ഫുട്ബോൾ കളിക്കാൻ നേരമെന്ന് ചീഫ് ജസ്റ്റിസ് തമാശയായി ചോദിച്ചു. ഫെഡറേഷൻ ഇവിടെ ഫുട്ബാൾ കളിക്കുകയല്ലാതെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഭാഗ്യവശാൽ, ലോകകപ്പിന്‍റെ കാര്യം ഇനി നോക്കേണ്ട -അദ്ദേഹം പറഞ്ഞു.

കളിക്കാരുടെ പ്രകടനം ഉയർന്ന നിലവാരത്തിലല്ല എന്നതിലല്ല കാര്യം. നിങ്ങൾ ചെറുപ്പക്കാരെ ഒരു കായികമേഖലയിലേക്ക് നയിക്കുമ്പോൾ നല്ല പരിശീലനവും നല്ല സൗകര്യങ്ങളും നൽകണം. ഫുട്ബാളും ക്രിക്കറ്റും പോലെയല്ല, അവ ദേശീയവിനോദമായിക്കഴിഞ്ഞു. നമ്മളെല്ലാവരും കുട്ടിക്കാലത്ത് കളിച്ചിട്ടുണ്ട് എന്നത് നോക്കുമ്പോൾ ഫുട്ബാളും ദേശീയവിനോദമാണ്. ജനപ്രിയ കായികയിനമാണ്. എന്നാൽ അതിനെ ഉയരങ്ങളിലെത്തിക്കാനായിട്ടില്ല. അതിനെ മുന്നോട്ടുകൊണ്ടുപോകേണ്ടിയിരിക്കുന്നു. നമ്മളിപ്പോൾ ഫുട്ബാൾ ഫെഡറേഷന്‍റെ ഭരണഘടനക്ക് അന്തിമരൂപം നൽകുന്ന ഘട്ടത്തിലാണ്. നടക്കുന്ന എല്ലാ തെറ്റുകൾക്കെതിരെയും നടപടിയെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഒരു സമിതി നമുക്കുണ്ടാകും. അതിനാൽ ഉത്തരവാദപ്പെട്ടവർ ഇനി കായികമേഖലക്ക് വേണ്ടി എന്തെങ്കിലും ചെയ്യട്ടെ -ചീഫ് ജസ്റ്റിസ് പറഞ്ഞു.

എ.ഐ.എഫ്.എഫ് ഭരണഘടനയ്ക്ക് അന്തിമരൂപം നൽകുന്നതിനായി, ഉയർന്നുവന്ന എതിർപ്പുകൾ പട്ടികപ്പെടുത്താൻ വിഷയത്തിൽ അമിക്കസ് ക്യൂറിക്ക് കോടതി നിർദേശം നൽകി. ഫോറൻസിക് ഓഡിറ്റിന്റെ റിപ്പോർട്ട് സമർപ്പിക്കാനും ബെഞ്ച് നിർദ്ദേശിച്ചു.

Tags:    
News Summary - Football Is Popular In India, But No Achievements; Need To Take It Forward : Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.