വ്യാജ ഷിപ്പിങ് കമ്പനിയുടെ ചതിയില്‍പ്പെട്ട മലയാളികളെ രക്ഷിച്ചു

മുംബൈ: പത്ര പരസ്യം നല്‍കി ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടുന്ന വ്യാജ ഷിപ്പിങ് കമ്പനിയുടെ കെണിയിലകപ്പെട്ട വയനാട് സ്വദേശികളെ മലയാളി സംഘടനയായ ബോംബെ കേരള മുസ്ലിം ജമാഅത്ത് ഇടപെട്ട് രക്ഷിച്ചു. നഗരത്തിലെ ധാരാവി, സയണ്‍-ബാന്ദ്ര ലിങ്ക് റോഡിലുള്ള പിലാ ബംഗ്ളാ ബസ്സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റി ഗ്ളോബല്‍ മാനേജ്മെന്‍റ് സര്‍വിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ കപ്പലില്‍ ജോലിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ ബത്തേരി കാര്യമ്പാടി സ്വദേശികളായ അഖിലുദ്ദീന്‍, അജീലുദ്ദീന്‍, നവാസ് എന്നിവരെയാണ് തട്ടിപ്പില്‍ നിന്ന് രക്ഷിച്ചത്. ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് കഴിഞ്ഞ മൂവരും ഇന്‍ഫിനിറ്റി ഗ്ളോബല്‍ മാനേജ്മെന്‍റ് സര്‍വിസസിന്‍െറ പത്രപരസ്യം കണ്ട് ജോലിക്ക് അപേക്ഷിക്കുകയായിരുന്നു.

500 രൂപ രജിസ്ട്രേഷന്‍ ഫീസ് അടച്ച് അഭിമുഖത്തിനിരിക്കാന്‍ പറഞ്ഞ കമ്പനി മൂവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവെച്ചു. പിന്നീട് മുന്‍കൂറായി 26,500 രൂപ അടച്ച് മൂവരോടും നാട്ടിലേക്ക് മടങ്ങാന്‍ കമ്പനി ആവശ്യപ്പെട്ടെന്നും സംശയത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയ ഉദ്യോഗാര്‍ഥികള്‍ കമ്പനി വ്യാജമാണെന്ന് കണ്ടത്തെിയെന്നും ബോംബെ കേരള മുസ്ലിം ജമാഅത്ത് പത്രകുറിപ്പില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു ചോദിച്ചപ്പോള്‍ പണമടക്കാനായിരുന്നുവത്രെ കമ്പനിയുടെ മറുപടി. ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.

തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ ബോംബെ കേരള മുസ്ലിം ജമാഅത്തിനെ സമീപിക്കുകയായിരുന്നു. ബോംബെ കേരള മുസ്ലിം ജമാഅത്ത് ഇടപെട്ട് സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങി. ഇന്‍ഫിനിറ്റി ഗ്ളോബല്‍ മാനേജ്മെന്‍റ് സര്‍വിസസ് കമ്പനി വ്യാജമാണെന്നും ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും ജമാഅത്ത് അഭ്യര്‍ഥിച്ചു.

Tags:    
News Summary - fake shipping company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.