ലിംഗായത്ത് മഠാധിപതിയെ ഹണിട്രാപ്പിൽ കുടുക്കിയത് എൻജിനീയറിങ് വിദ്യാർഥിനി; പ്രേരിപ്പിച്ചത് മറ്റൊരു മഠാധിപതി

ബംഗളൂരു: കർണാടക രാമനഗരയിലെ ലിംഗായത്ത് മഠാധിപതി ബസവലിംഗ സ്വാമി (44) ജീവനൊടുക്കിയ കേസിൽ എൻജിനീയറിങ് വിദ്യാർഥിനിയും മറ്റൊരു മഠാധിപതിയും അറസ്റ്റിൽ.

21കാരിയായ വിദ്യാർഥിനി ബസവലിംഗയുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ സംഭാഷണങ്ങളും ദൃശ്യങ്ങളും റെക്കോഡ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വാമിയുമായി ശത്രുത പുലർത്തിയിരുന്ന കന്നൂർ മഠാധിപതി മൃത്യഞ്ജയ സ്വാമിയുടെ സഹായത്തോടെയാണ് പെൺകുട്ടി നഗ്ന ദൃശ്യങ്ങളടക്കം പകർത്തിയത്. പിന്നാലെ ഇരുവരും ബസവലിംഗയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇരുവരും സ്വാമിയിൽനിന്ന് വൻതുക കൈപറ്റി. മഠാധിപതി സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു. സ്വാമി എഴുതിയ ആത്മഹത്യക്കുറിപ്പിൽ ഹണിട്രാപ്പിനെപ്പറ്റി സൂചനയുണ്ടായിരുന്നു. ഒരു അജ്ഞാത സ്ത്രീ എന്നോട് ഇത് ചെയ്തു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ദിവസങ്ങൾക്കു മുമ്പാണ് മഠത്തിലെ മുറിയിൽ ബസവലിംഗ സ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബസവലിംഗയും മൃത്യഞ്ജയയും തമ്മിൽ തർക്കം നിലനിന്നിരുന്നു. പ്രതികാര നടപടിയുടെ ഭാഗമായാണ് മൃത്യഞ്ജയ പെൺകുട്ടിയോടൊപ്പം ചേർന്ന് ഹണിട്രാപ്പ് ഒരുക്കിയത്. ഫെബ്രുവരിയിലാണ് പെൺകുട്ടിയോടൊപ്പം ചേർന്ന് പദ്ധതി തയാറാക്കുന്നത്. പിന്നാലെ ഏപ്രിലിൽ സ്വകാര്യ വിഡിയോ റെക്കോഡ് ചെയ്തെന്നും പൊലീസ് ഓഫിസർ എസ്. സന്തോഷ് ബാബു പറഞ്ഞു.

കഞ്ചുഗൽ ബന്ദേ മഠാധിപതി സ്ഥാനവും മൃത്യഞ്ജയ ലക്ഷ്യമിട്ടിരുന്നു. 1997 മുതൽ ബസവലിംഗ സ്വമിയാണ് ഇതിന്‍റെ മഠാധിപതി. ബസവലിംഗയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. കൂടാതെ, 25 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളും നിർണായകമായി.

Tags:    
News Summary - Engineering Student 'Honeytrapped' Karnataka Seer Who Died By Suicide: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.