തെരഞ്ഞെടുപ്പിനെ മതത്തില്‍ നിന്ന് വേര്‍പെടുത്തണം –സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മതേതരപ്രക്രിയയാണെന്നും അതിനെ മതത്തില്‍നിന്ന് വേര്‍പെടുത്തണമെന്നും സുപ്രീംകോടതി. ജൈനമതക്കാരനായ സ്ഥാനാര്‍ഥിക്കുവേണ്ടി ഹിന്ദുത്വത്തിന്‍െറയും രാമക്ഷേത്രത്തിന്‍െറയും പേരില്‍ വോട്ടുപിടിച്ചത് മതത്തിന്‍െറ പേരിലുള്ള വോട്ടുപിടിത്തമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വര്‍മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്‍െറ 1996ലെ വിവാദ ഹിന്ദുത്വ വിധി പുനഃപരിശോധിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പില്‍ മതത്തെ ഉപയോഗിക്കുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചത്.
1994ല്‍ മധ്യപ്രദേശ് നിയമസഭയിലേക്ക് മത്സരിച്ച ജൈനമതക്കാരനായ സുന്ദര്‍ലാല്‍ പട്വക്കുവേണ്ടി ഹിന്ദുത്വത്തിന്‍െറയും രാമക്ഷേത്രത്തിന്‍െറയും പേരിലാണ് വോട്ടു ചോദിച്ചതെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകനെ  സുപ്രീംകോടതി ഓര്‍മിപ്പിച്ചു. സ്ഥാനാര്‍ഥി സ്വന്തം മതത്തിന്‍െറ പേരിലല്ല, ഹിന്ദുത്വത്തിന്‍െറ പേരിലാണ് വോട്ടുചോദിച്ചതെന്ന് പട്വയുടെ അഭിഭാഷകന്‍ വാദിച്ചപ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഓര്‍മപ്പെടുത്തല്‍.
നമ്മുടെ അടിസ്ഥാന സ്വഭാവം മതേതരമാണ്. തെരഞ്ഞെടുപ്പുകള്‍ മതേതര വിഷയമാണ്. അത്തരമൊരു മതേതര പ്രക്രിയയിലേക്ക് എങ്ങനെയാണ് മതത്തെ കൊണ്ടുവരുക? ഈ കേസില്‍ സ്ഥാനാര്‍ഥി ജൈനനാണെങ്കിലും രാമക്ഷേത്രമുണ്ടാക്കാന്‍ സഹായിക്കുമെന്ന് സ്ഥാനാര്‍ഥിക്കുവേണ്ടി ചിലര്‍ ആഹ്വാനം ചെയ്യുന്നു. ഈ ആഹ്വാനം സ്ഥാനാര്‍ഥിയുടെ പേരിലല്ളെങ്കിലും മതത്തിന്‍െറ പേരിലാണ്. മതത്തെ രാഷ്ട്രീയ പ്രക്രിയയില്‍നിന്ന് വേര്‍പെടുത്തണമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
ഏതു നേതാവ് വോട്ടിന് മതം ഉപയോഗിച്ചാലും അത് ജനപ്രാതിനിധ്യ നിയമത്തിന്‍െറ ലംഘനമാകില്ളേ എന്ന് സുപ്രീംകോടതി ചോദിച്ചു. സ്ഥാനാര്‍ഥി തന്‍െറ മതം പറഞ്ഞ് വോട്ടുപിടിക്കുന്നതുപോലെയല്ല വേറൊരാള്‍  ആ സ്ഥാനാര്‍ഥിക്ക് മതത്തിന്‍െറ പേരില്‍ വോട്ടുചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്ന് വാദിച്ചതും സുപ്രീംകോടതി ഖണ്ഡിച്ചു. സ്ഥാനാര്‍ഥിയെപ്പോലെ മതത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏത് നേതാവ് ഉപയോഗിക്കുന്നതും നിയമവിരുദ്ധമല്ളേ എന്നും മതത്തിന്‍െറ പേരില്‍ സ്ഥാനാര്‍ഥിയുടെ ഏജന്‍റ് വോട്ട് ചോദിച്ചാലും അത് ജനാധിപത്യത്തിന് അപകടകരമാകില്ളേ എന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ ചോദിച്ചു.
അതേ സ്ഥാനാര്‍ഥിയുടെ നേതാവ് മതത്തിന്‍െറ പേരില്‍ വോട്ട് ചോദിച്ചാലും ഇതേ പരിധിയില്‍പെടും. സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്‍റ് എന്ന പദവി പോലും ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള പദവിയാണ്. അതിനാല്‍ ജനപ്രാതിനിധ്യ നിയമം 123 (3) വകുപ്പിന്‍െറ ലംഘനം സ്ഥാനാര്‍ഥിയുടെ ഏജന്‍റിന്‍െറ ഭാഗത്തുനിന്നുമുണ്ടാകാന്‍ പാടില്ളെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കേസ് എന്ന നിലയില്‍ വര്‍ഗീയവിരുദ്ധ പ്രചാരകരായ തങ്ങളെയും കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, ചരിത്രകാരനും  റിട്ട. പ്രഫസറുമായ ശംസുല്‍ ഇസ്ലാം, ഇന്ത്യാ ടുഡേ മുന്‍ എഡിറ്റര്‍ ദിലീപ് മണ്ഡല്‍ എന്നിവര്‍ അപേക്ഷ നല്‍കി. മുതിര്‍ന്ന അഭിഭാഷക അഡ്വ. ഇന്ദിര ജയ്സിങ് മൂവര്‍ക്കുംവേണ്ടി ഹാജരായി.
അതേസമയം, വിവാദ വിധിയെ പിന്തുണക്കുന്ന അഭിഭാഷകര്‍ കേസില്‍ അറ്റോണി ജനറലിന്‍െറ ഭാഗവും കേള്‍ക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. നിയമനിര്‍മാണത്തിന്‍െറ വ്യാഖ്യാനവുമായി ബന്ധപ്പെട്ട എല്ലാ കേസിലും അറ്റോണി ജനറലിന്‍െറ സഹായം വേണമെന്നാണോ പറയുന്നതെന്ന് സുപ്രീംകോടതി തിരിച്ചടിച്ചു.

 

Tags:    
News Summary - Election-a secular exercise , separate them from religion: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.