ഹൈദരാബാദ്: തെലങ്കാനയിൽ ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് മൃതദേഹം തോളിലേന്തി നാല് കിലോമീറ്റർ നടന്ന് ബന്ധുക്കൾ. ഭദ്രാചലം സ്വദേശി കന്ദി വെങ്കണ്ണ (45) യാണ് സൂര്യഘാതമേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സമീപമുള്ള സർക്കാർ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആശുപത്രിയിൽ ആംബുലന്‍സ് ഉണ്ടായിട്ടും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതേ തുടർന്ന് നാല് കിലോമീറ്ററോളം ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം തോളിലേന്തി കൊണ്ടുപോകുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനിടെ സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചു. തെലങ്കാനയിലെ ആരോഗ്യമേഖലയുടെയും അടിയന്തര സേവനങ്ങളുടെയും നിലവിലെ അവസ്ഥയെ വിമർശിച്ച് ബി.ആർ.എസ് സർക്കാരിനെതിരെ രംഗത്തെത്തി. കോൺഗ്രസ് ഭരണത്തിന് കീഴിൽ തെലങ്കാന ദുരിതത്തിലേക്കും അപമാനത്തിലേക്കും കൂപ്പുകുത്തിയെന്ന് ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു ആരോപിച്ചു. കോൺഗ്രസ് സർക്കാർ പരസ്യങ്ങൾക്കും വിദേശ യാത്രകൾക്കും വേണ്ടി വൻതുക ചെലവഴിക്കുമ്പോൾ പാവപ്പെട്ടവർക്ക് അടിയന്തര സേവനങ്ങൾ പോലും നൽകുന്നില്ലെന്നും കൂട്ടി ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.