ന്യൂഡൽഹി: സർക്കാർ നയങ്ങളുടെ നേട്ടം അർഹരായവർക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്താൻ മുന്നോട്ടുവെക്കുന്ന സാമ്പത്തിക മാനദണ്ഡം വിലക്കപ്പെട്ട കാര്യമല്ലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ പരാമർശം. സർക്കാർ നയങ്ങളുടെ ഗുണഫലം നിശ്ചിത വിഭാഗക്കാർക്ക് കിട്ടുന്നതിനാണ് സാമ്പത്തിക മാനദണ്ഡം സർക്കാർ മുന്നോട്ടു വെക്കുന്നത്. സാമ്പത്തിക മാനദണ്ഡം അനുവദനീയമായ ഒന്നാണ്. ഗുണഭോക്താക്കളെ തരംതിരിക്കുന്നതിനുള്ള യുക്തിസഹമായ മാർഗങ്ങളിലൊന്നാണ്. അതിന് വിലക്കൊന്നുമില്ല.
വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ ഭരണഘടന ഭേദഗതി ചോദ്യം ചെയ്യുന്ന ഹരജികളിൽ വാദം കേൾക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ പരാമർശം നടത്തിയത്. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധവും സ്വേഛാപരവും അനാവശ്യവുമാണെന്ന് കേന്ദ്രസർക്കാറിന്റെ നിയമനിർമാണത്തെ എതിർക്കുന്നവർ വാദിച്ചു. ഇന്ദിര സാഹ്നി, മണ്ഡൽ കേസുകളിലെ വിധി അട്ടിമറിക്കുന്നതാണ് സാമ്പത്തിക സംവരണമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. തുല്യാവസരം നിഷേധിക്കുന്നതാണ് സാമ്പത്തിക സംവരണം. ജാതിയുടെ അടിസ്ഥാനത്തിൽ ദരിദ്രരെ പുറന്തള്ളുന്നതാണ് സാമ്പത്തിക സംവരണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രഫ. രവിവർമ കുമാർ വാദിച്ചു. വ്യാഴാഴ്ചയും വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.