Abhijeet Dipke

ഒറ്റക്ക് വരരുത്, പൊലീസുകാർക്ക് പൂക്കൾ നൽകുക...; പ്രതിഷേധ മാർച്ചിന് മാർഗനിർദേശങ്ങൾ നൽകി കോക്രോച്ച് ജനത പാർട്ടി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിനുള്ള മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കോക്രോച്ച് ജനതാ പാർട്ടി. ഞായറാഴ്ച രാവിലെ ഒമ്പതിന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തകർ റിപ്പോർട്ട് ചെയ്യണമെന്നും അവിടെ നിന്നും ജന്തർ മന്ദിറിലേക്ക് മാർച്ച് നടത്തുമെന്നും പാർട്ടി അറിയിച്ചു.

ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ തകർച്ചയിൽനിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ചെന്ന് 'ഫൈനൽ നോട്ടീസ്' പുറത്തുവിട്ട് സി.ജെ.പി വ്യക്തമാക്കി. തികച്ചും സമാധാനപരവും ജനാധിപത്യപരവുമായ രീതിയിലായിരിക്കും പ്രതിഷേധമെന്ന് ഉറപ്പുവരുത്താൻ പ്രവർത്തകർക്കായി പ്രത്യേക മാർഗനിർദേശങ്ങളും പാർട്ടി പുറപ്പെടുവിച്ചിട്ടുണ്ട്. സമരക്കാർക്കായി പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങളിൽ ചെയ്യേണ്ടവയും ചെയ്യാൻ പാടില്ലാത്തവയുമായാണ് തരംതിരിച്ചിരിക്കുന്നത്.

ദേശീയ പതാകയും പുസ്തകവും കൈയിൽ കരുതണമെന്നും മൊബൈൽ ഫോണുകൾ വഴി പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യാനും നിർദേശമുണ്ട്. മാർച്ചിൽ എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളോ പ്രകോപനങ്ങളോ ഉണ്ടാക്കുന്നവരെ നേരിട്ട് നേരിടാതെ പൊലീസിനെ അറിയിക്കണം. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ സൺസ്ക്രീൻ, തൊപ്പി എന്നിവ ധരിക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും സി.ജെ.പി പുറത്തുവിട്ട നോട്ടീസിൽ നിർദേശിച്ചു.

ഒറ്റയ്ക്ക് വരാൻ പാടില്ലെന്നും പരമാവധി കൂട്ടമായിട്ടോ കുടുംബത്തോടൊപ്പമോ പ്രതിഷേധത്തിൽ പങ്കുചേരണമെന്നുമാണ് സി.ജെ.പിയുടെ നിർദേശം. പൊലീസുകാർക്ക് നേരെ പൂക്കൾ എറിയരുത്, പകരം സംരക്ഷിക്കുന്നതിന് അവർക്ക് നന്ദി പറഞ്ഞുകൊണ്ട് പൂക്കൾ സമ്മാനിക്കുകയാണ് ചെയ്യേണ്ടത്. സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളോടോ മറ്റ് പ്രകോപനങ്ങളോടോ പ്രതികരിക്കാൻ നിൽക്കരുതെന്നും കൃത്യമായി ആഹാരം കഴിച്ചതിന് ശേഷം മാത്രം സമരത്തിൽ പങ്കെടുക്കുകയെന്നും നിർദേശങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു.

 വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന ഒറ്റ ലക്ഷ്യത്തിൽ ഉറച്ചുനിന്നുകൊണ്ട്, അച്ചടക്കമുള്ള രീതിയിൽ നാളത്തെ പ്രതിഷേധം വൻ വിജയമാക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും കോക്രോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്തു. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്കരണങ്ങൾ നടത്തുക, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എന്നിവയാണ് കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രതിഷേധത്തിന്റെ മുഖ്യലക്ഷ്യങ്ങൾ.

Tags:    
News Summary - Don't come alone, give flowers to policemen; Cockroach Janata Party releases guidelines for protest march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.