ന്യൂഡൽഹി: ദോക്ലാമിനെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന് േകന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.
ഇന്തോ-തിബത്തൻ അതിർത്തി സംരക്ഷണ പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നം പരിഹരിക്കാൻ ചൈന ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഏതെങ്കിലും രാജ്യത്തിനെതിരെ ഇന്ത്യ ദോഷകരമായ നിലപാട് സ്വീകരിക്കില്ലെന്ന് ഏവർക്കുമറിയാം. അതിർത്തി വികസിപ്പിക്കാൻ നമുക്ക് താൽപര്യമില്ല. എന്നാൽ, എന്തുവിലകൊടുത്തും അതിരുകൾ സംരക്ഷിക്കും.
അയൽരാജ്യങ്ങളുമായി ഉൗഷ്മളബന്ധം കാത്തുസൂക്ഷിക്കലാണ് ഇന്ത്യയുടെ നയം. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞചടങ്ങിന് അയൽരാജ്യങ്ങളിലെ ഭരണത്തലവന്മാരെ ക്ഷണിച്ചത്. അത് വെറും ഹസ്തദാനത്തിനുവേണ്ടിയായിരുന്നില്ല. ഹൃദയങ്ങൾ തമ്മിൽ അടുപ്പം സ്ഥാപിക്കാനായിരുന്നു. ലഡാക്കിലെ പ്രതികൂല കാലാവസ്ഥയിലും ആത്മാർഥ സേവനം നടത്തുന്ന സൈനികരെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ െഎ.ടി.ബി.പിയിലെ 1654 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം മന്ത്രി പ്രഖ്യാപിച്ചു.
കേന്ദ്രസഹമന്ത്രി കിരൺ റിജിജുവും സംബന്ധിച്ചു.അതേസമയം, ആഗസ്റ്റ് 15ന് ലഡാക്കിൽ നടന്ന സൈനിക സംഘർഷത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനിങ് രംഗത്തെത്തി. നിയന്ത്രണരേഖയിൽ പട്രോളിങ് നടത്തിയ ചൈനീസ് സൈനികരെ ഇന്ത്യൻ ഭടന്മാർ ആക്രമിക്കുകയായിരുന്നെന്ന് അവർ ആരോപിച്ചു. ഇക്കാര്യത്തിൽ ചൈനക്ക് കടുത്ത അതൃപ്തിയുള്ളതായും അവർ പറഞ്ഞു.
എന്നാൽ, ചൈനീസ് ഭടന്മാർ അതിർത്തി ഭേദിച്ചപ്പോൾ തടയുകമാത്രമാണ് ഇന്ത്യൻ സൈന്യം ചെയ്തതെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ദോക്ലാം പ്രശ്നത്തിൽ രമ്യമായ പരിഹാരത്തിന് ശ്രമിക്കുന്ന അവസരത്തിലുണ്ടായ സംഘർഷം ആർക്കും ഗുണം ചെയ്യില്ലെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.