ഭീതിയേറും രാവില്‍ ചേതനയറ്റ്...

ഇ. അഹമ്മദ് പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണതു മുതല്‍  ബുധനാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്‍െറ മരണം സ്ഥിരീകരിച്ച നിമിഷം വരെയുള്ള സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ മാധ്യമം ലേഖകന്‍ 12 മണിക്കൂറിലധികം നീണ്ട നാടകീയ രംഗങ്ങള്‍ വിശദീകരിക്കുന്നു

ന്യൂഡല്‍ഹി: ഇളയ മകന്‍ നസീറിനെ ചൊവ്വാഴ്ച രാവിലെ പാര്‍ലമെന്‍റിലേക്കിറങ്ങും മുമ്പ് നാലുവട്ടമാണ് അഹമ്മദ് വിളിച്ചത്. മക്കളോടുള്ള സ്നേഹാതിരേകത്തില്‍ ചില ദിവസം അങ്ങനെയൊക്കെ തമാശയാണ് അഹമ്മദിന്്. നസീറിനോടുള്ള കളിചിരി കഴിഞ്ഞ് പതിവില്‍ കവിഞ്ഞ ആവേശത്തില്‍ ഇറങ്ങുമ്പോള്‍ ഒമ്പത് തീന്‍മൂര്‍ത്തി മാര്‍ഗില്‍ എന്നും കൂട്ടിനുള്ള ഷഫീഖിനെ കൈപിടിക്കാന്‍ പോലും അഹമ്മദ് സമ്മതിച്ചില്ല. രാവിലെ 11.05ന് പാര്‍ലമെന്‍റ് മന്ദിരത്തിലത്തെിയപ്പോഴും ഈ ഊര്‍ജസ്വലത അഹമ്മദ് കൈവിട്ടില്ല. അതുകൊണ്ടാണ് സെന്‍ട്രല്‍ ഹാളിലേക്കുള്ള വഴിമധ്യേയത്തെിയപ്പോഴേക്കും ‘‘ഇനി നീ പോയ്ക്കോ, ഞാനൊറ്റക്ക് പോയ്ക്കോളാ’’മെന്ന് ഷഫീഖിനോട് അഹമ്മദ് പറഞ്ഞത്. 

സെന്‍ട്രല്‍ ഹാളിലത്തെിയപ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസംഗം തുടങ്ങിയതുകൊണ്ടാകണം പതിവു തെറ്റിച്ച് പിന്‍നിരയിലാണ് അഹമ്മദ് ഇരുന്നത്. ഹൃദയാഘാതമുണ്ടായി അരമണിക്കൂറിനകം കുഴഞ്ഞുവീണ വിവരം കേരളത്തില്‍നിന്നുള്ള എം.പിമാരിലേറെ പേരും ഉടനറിയാതെപോയത് അതുകൊണ്ടായിരുന്നു. അവരെയൊന്നുമറിയിക്കാതെതന്നെ പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ ചുമതലയുള്ള, ഡോക്ടര്‍കൂടിയായ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്‍െറ നേതൃത്വത്തില്‍ സുരക്ഷജീവനക്കാര്‍ അഹമ്മദിനെ ആംബുലന്‍സിലേക്കും തുടര്‍ന്ന് വിളിപ്പാടകലെയുള്ള രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കും മാറ്റി.

നാഡിമിടിപ്പ് നിലച്ചപ്പോള്‍...
ജിതേന്ദ്ര സിങ്ങിന്‍െറ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍നിന്ന് സ്ട്രെച്ചറില്‍ പുറത്ത് കടത്തുമ്പോള്‍ ഇ. അഹമ്മദിന്‍െറ നെഞ്ചിനിടിച്ച് തുടങ്ങിയതാണ്.  നാഡിമിടിപ്പ് കുത്തനെ താഴുകയാണെന്ന് കണ്ടതോടെ കൂടെയുണ്ടായിരുന്ന ഷഫീഖ് കലിമ (സത്യവാചകം)ചൊല്ലിക്കൊടുത്തുതുടങ്ങി. ഏറക്കുറെ മരണമായെന്ന് കൂട്ടത്തിലുള്ള ഒരു ഡോക്ടര്‍ പറഞ്ഞതോടെ ലീഗ് നേതാവായ ഖുര്‍റം വാവിട്ടു കരഞ്ഞു. ഈ സമയത്ത് ഇ.ടി. മുഹമ്മദ് ബഷീര്‍ അടക്കം ഏതാനും പേര്‍ ഐ.സി.യുക്കകത്തും പി.വി. അബ്ദുല്‍ വഹാബ്, എന്‍.കെ. പ്രേമചന്ദ്രന്‍, സുരേഷ് ഗോപി, ആന്‍േറാ ആന്‍റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. ബിജു തുടങ്ങിയവരെല്ലാം ഇടനാഴിയിലുമാണ്.  

എല്ലാവരോടും പുറത്തുപോകാനാവശ്യപ്പെട്ട ഡോക്ടര്‍മാര്‍  ജിതേന്ദ്ര സിങ്ങും ഡയറക്ടറും ഐ.സി.യുവിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചു. ഇടനാഴിയില്‍ നിന്ന എം.പിമാരോട് അവിടെയും നില്‍ക്കാന്‍ പറ്റില്ളെന്ന് പറഞ്ഞ് തൊട്ടടുത്തുള്ള മുറിക്കകത്താക്കി വാതിലടച്ചു. 

മരിച്ച ശേഷമുള്ള നടപടിക്രമങ്ങള്‍ക്കായിരിക്കാം തങ്ങളെ മാറ്റിയതെന്ന് കരുതിയ വഹാബും ബഷീറും മയ്യിത്ത് നാട്ടിലത്തെിക്കുന്നതിന് വിമാനം ഏര്‍പ്പാടാക്കുന്നതിനെക്കുറിച്ചും പാണക്കാട് തങ്ങളെ ഉടന്‍ വിവരമറിയിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തുകയാണ്. അടച്ചിട്ട മുറിയിലിരുത്തിയ  ലീഗ് എം.പിമാരടക്കമുള്ളവരെ  കാണാതെ ഡയറക്ടറെയും കൂട്ടി ഐ.സി.യുവിലത്തെിയ ജിതേന്ദ്ര സിങ് ഡോക്ടര്‍മാരോട് സംസാരിച്ച് മടങ്ങിയപ്പോഴാണ് ഒരറ്റത്തുള്ള ഈ ഐ.സി.യുവില്‍നിന്ന് ആശുപത്രിയിലെ മറ്റേ അറ്റത്തുള്ള ട്രോമ ഐ.സി.യുവിലേക്ക് മാറ്റാനാണ് നിര്‍ദേശം എന്നറിഞ്ഞത്. 

 ട്രോമ കെയറെന്ന സുരക്ഷിത കസ്റ്റഡി
കേരളത്തില്‍നിന്നുള്ള എം.പിമാര്‍ക്കടക്കമുള്ള പ്രവേശനം നിഷേധിക്കുന്നതിനായിരുന്നു ഐ.സി.യു മാറ്റിയത്. മാറ്റിയപ്പോള്‍തന്നെ നിലപാട് വ്യക്തമാക്കിയ ആശുപത്രി അധികൃതര്‍ ഇനിയൊരാളും കാണാതിരിക്കാന്‍ വാതിലില്‍ നോട്ടീസ് പതിച്ചു. സംസം വെള്ളം ചുണ്ടില്‍ നനച്ചുകൊടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ പറ്റില്ളെന്നായി. തുടര്‍ന്ന് വെന്‍റിലേറ്ററിന് പുറമെ നെഞ്ചിലിടിക്കാനുള്ള ലുക്കാസും ഘടിപ്പിച്ചു. ബജറ്റ് സമ്മേളനം മുടക്കാതിരിക്കാനുള്ള ക്രമീകരണമാണെന്ന് ബോധ്യപ്പെട്ട നിമിഷം അഹമ്മദിന്‍െറ മക്കള്‍ എത്താതിരുന്നതിനാല്‍ സ്വന്തമായെന്തെങ്കിലും ചെയ്യാന്‍ എം.പിമാരും അശക്തരായി.  രാത്രി മക്കള്‍ എത്തിത്തുടങ്ങിയിട്ടും അധികൃതര്‍ കുലുങ്ങിയില്ല. 

വിതുമ്പിക്കരഞ്ഞ് ഫൗസിയ
തീവ്രപരിചരണ വിഭാഗത്തിന്‍െറ വാതിലില്‍ മുട്ടിയ അഹമ്മദിന്‍െറ മക്കളായ നസീറിനും ഡോ. ഫൗസിയക്കും മരുമകന്‍ ഡോ. ബാബു ഷര്‍സാദിനും മനുഷ്യത്വരഹിതമായ പ്രതികരണമാണ് ലഭിച്ചത്. മക്കളാണെങ്കിലും കാണാന്‍ അനുവദിക്കില്ളെന്നവര്‍ തീര്‍ത്തുപറഞ്ഞു. ചികിത്സയുടെ വിശദാംശങ്ങള്‍ അറിയാന്‍ ഡോക്ടറെ കാണണമെന്ന് പറയുമ്പോഴും നിഷേധാര്‍ഥത്തില്‍ മറുപടി. പിതാവിനരികില്‍ ഖുര്‍ആന്‍ പാരായണം നടത്താനെങ്കിലും അനുവദിക്കണമെന്ന ഫൗസിയയുടെ അഭ്യര്‍ഥനയും തള്ളി. ഇതിനിടയിലാണ് അഹമ്മദ് പട്ടേല്‍ ആശുപത്രിയിലത്തെുന്നത്. അപ്പോള്‍ സമയം രാത്രി പത്തര.  വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട അഹമ്മദ് പട്ടേലിനോട് തുറക്കില്ളെന്നായി സുരക്ഷ ഗാര്‍ഡുകള്‍. അങ്ങനെയെങ്കില്‍ ഡോക്ടര്‍ പുറത്തേക്ക് വരണമെന്ന് പട്ടേല്‍. ഡോക്ടര്‍മാരെന്നു പറഞ്ഞ് പുറത്തുവന്നത് രണ്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍. 

ഇതാണോ അഹമ്മദിനുള്ള മെച്ചപ്പെട്ട ചികിത്സ എന്ന് ചോദിച്ച് ക്ഷുഭിതനായ പട്ടേല്‍ അഹമ്മദിനെ മക്കള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. അനുവദിക്കരുതെന്ന് മുകളില്‍നിന്ന് നിര്‍ദേശമുണ്ടെന്ന് ഡോക്ടര്‍മാര്‍.സര്‍ക്കാറാണോ ഈ നിര്‍ദേശം നല്‍കിയത്? ഒന്നുകില്‍ താനിപ്പോള്‍ മാധ്യമങ്ങളെ വിളിച്ച് മനുഷ്യത്വരഹിതമായ സര്‍ക്കാര്‍ നിര്‍ദേശമറിയിക്കും. അല്ളെങ്കില്‍ മക്കളെ കാണാന്‍ അനുവദിക്കണം -പട്ടേല്‍ കയര്‍ത്തു. ഇതിനിടയില്‍ പട്ടേല്‍ നല്‍കിയ ഫോണില്‍ നസീറും ഫൗസിയയും സോണിയയോട് സംസാരിച്ചു. താനങ്ങോട്ട് വരികയാണെന്ന് സോണിയ.  ഗുലാംനബി ആസാദും ആശുപത്രിയിലത്തെി. 

മകന്‍ റഈസിനെ ആശ്വസിപ്പിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
 

പൊട്ടിത്തെറിച്ച് സോണിയ
രാത്രി പതിനൊന്നര. സോണിയയത്തെി ഫൗസിയയോട് വിവരങ്ങള്‍ ആരാഞ്ഞു. ഐ.സി.യു തുറക്കാനാവശ്യപ്പെട്ട സോണിയക്കു മുന്നില്‍ ഇടനാഴിയില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് വാടക ഗുണ്ടയായ ഒരു ‘ബൗണ്‍സര്‍.’ അതു കണ്ട് കോപാകുലനായ പട്ടേല്‍ എന്താണീ കാണുന്നതെന്ന് ചോദിച്ചു. പിറകെ വന്ന ജൂനിയര്‍ ഡോക്ടര്‍മാരോടും ജീവനക്കാരോടും പൊട്ടിത്തെറിക്കുകയായിരുന്നു സോണിയ.  മക്കളെ തടയാന്‍ ഈ കിടക്കുന്നത് ഭീകരവാദിയാണോ? ഒരു ക്രിമിനലാണോ? അതോ മുന്‍ മന്ത്രികൂടിയായ എം.പിയാണോ ആര്‍.എം.എല്ലില്‍ പതിവായി വരാറുള്ള തന്നെ ഇവിടത്തെ നിയന്ത്രണം പഠിപ്പിക്കേണ്ടെന്ന് ഓര്‍മിപ്പിച്ച സോണിയ എത്രയും പെട്ടെന്ന് അഹമ്മദിനെ മക്കള്‍ക്ക് കാണിച്ചുകൊടുക്കാനാവശ്യപ്പെട്ടു.

സോണിയ ഒച്ചവെക്കുന്നതു കേട്ട് ആശുപത്രിക്ക് താഴെനിന്നുപോലും ആളുകളോടിയത്തെി. എന്നിട്ടും സോണിയ നിര്‍ത്തിയില്ല.  മക്കള്‍ അറിയാതെ ആരുടെ നിര്‍ദേശപ്രകാരമാണ് അഹമ്മദിന് ചികിത്സ നല്‍കുന്നതെന്ന് പറയാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. മക്കളുടെ സമ്മതം വാങ്ങാതെ ഒരു സൂചിയെങ്കിലും രോഗിയുടെ ശരീരത്തില്‍ കുത്താന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടോ എന്നും സോണിയ ചോദിച്ചു. 

ഇതിനിടയില്‍ രാഹുല്‍ ഗാന്ധിയും കടന്നുവന്നു.  ആരോഗ്യസ്ഥിതി മറന്ന് രാത്രി ഉറക്കമിളച്ച് വന്ന് ഒച്ചവെക്കരുതെന്നും താന്‍ നോക്കിക്കോളാമെന്നും പറഞ്ഞ് സോണിയയെ സമാധാനിപ്പിച്ച് വിഷയമേറ്റെടുത്തു. നല്‍കുന്ന  ചികിത്സയുടെ വിശദാംശമറിയാത്ത ജൂനിയര്‍ ഡോക്ടര്‍മാരോട് സൂപ്രണ്ട് എവിടെയെന്നാരാഞ്ഞു. സൂപ്രണ്ട് ആശുപത്രിയിലുണ്ടെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്ന് പട്ടേല്‍ മറുപടി നല്‍കിയപ്പോള്‍ സൂപ്രണ്ട് വരാതെ താന്‍ അകത്തു കടക്കില്ളെന്നു പറഞ്ഞ് അവിടെ നില്‍പുറപ്പിച്ചു.

അതോടെ അഞ്ച് മിനിറ്റിനകം സൂപ്രണ്ടും ഓടിയത്തെി. കാര്യങ്ങള്‍ പിടിവിട്ടുവെന്നറിഞ്ഞ സൂപ്രണ്ട് രാഹുലിനെയും കൂട്ടി അകത്തു പോയി അഹമ്മദിന് മസ്തിഷ്കത്തിന് മരണം സംഭവിച്ചോ എന്നറിയാന്‍  പരിശോധന നടത്താമെന്ന് സമ്മതിച്ചു. ഇതിനിടയില്‍  മക്കളുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് ആശുപത്രിയിലത്തെി കേസും രജിസ്റ്റര്‍ ചെയ്തു. 

അകമ്പടിയായി വാടക ഗുണ്ടകള്‍
രാഹുല്‍ പോയതോടെ ടെസ്റ്റ് നടത്താമെന്ന് പറഞ്ഞുപോയ സുപ്രണ്ട് വീണ്ടും മുങ്ങി. ഒരു മണിക്കൂര്‍ കാത്തുനിന്നിട്ടും ഫലമില്ലാതെ വന്നപ്പോള്‍ ഇ.ടി. ബഷീറും എം.കെ. രാഘവനും മക്കളും മരുമകനും വീണ്ടും ഐ.സി.യുവിന് മുന്നിലത്തെി. ടെസ്റ്റ് നടത്താന്‍ വരാത്ത സൂപ്രണ്ടിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. സൂപ്രണ്ടിന് പകരം ആദ്യം കുറെ സുരക്ഷ ജീവനക്കാരും അവര്‍ക്ക് ഒരു ഡസനോളം വാടക ഗുണ്ടകളുമാണ് വന്നത്. അവരിലൊരാള്‍ രാഘവനോട് തട്ടിക്കയറാന്‍ ശ്രമിച്ചത് എല്ലാവരും ചേര്‍ന്ന് തടഞ്ഞു.

ഒരു ഭാഗത്ത് ഡല്‍ഹി പൊലീസും മറുഭാഗത്ത് മല്ലന്മാരായ ബൗണ്‍സര്‍മാരും അവര്‍ക്കിടയില്‍ എം.പിമാരും അഹമ്മദിന്‍െറ മക്കളും സുഹൃത്തുക്കളുമായി സംഘര്‍ഷഭരിതമായ അന്തരീക്ഷം. ഡല്‍ഹി പൊലീസിനെ വിളിച്ച് അഹമ്മദിന്‍െറ മരുമകന്‍ ബാബു ഷെര്‍സാദ് 10 മിനിറ്റിനകം സൂപ്രണ്ട് എത്തിയില്ളെങ്കില്‍ അഹമ്മദിനെ ആശുപത്രി മാറ്റാനോ പുറത്തെ ആശുപത്രിയില്‍നിന്നുള്ള വിദഗ്ധരെ ഐ.സി.യുവിലേക്ക് കയറ്റാനോ തയാറാകണമെന്ന് ആവശ്യപ്പെട്ടു. അകത്ത് ഡോക്ടര്‍മാര്‍ ഒരാള്‍പോലുമില്ളെന്നും ഉള്ളത് പി.ജി വിദ്യാര്‍ഥികളാണെന്നും കാണിച്ച് അഹമ്മദിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അപേക്ഷയും തയാറാക്കി.

ഡല്‍ഹി പൊലീസ് അര മണിക്കൂര്‍ സമയം ചോദിച്ചു. ആ അര മണിക്കൂര്‍ കഴിഞ്ഞ് ഐ.സി.യുവിനകത്തേക്ക് മക്കളെയും മരുമകനെയും കടത്തിവിട്ടു. അപ്പോഴേക്കും വെന്‍റിലേറ്ററില്‍നിന്നും നെഞ്ചിടിക്കുന്ന ലൂക്കാസില്‍നിന്നും അഹമ്മദിനെ വേര്‍പെടുത്തിയിരുന്നു. നിരന്തരമുള്ള ഇടിയില്‍ ശരീരത്തിന് സംഭവിച്ച രൂപമാറ്റം മക്കളെ ഞെട്ടിച്ചു.

തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെ ഡോ. ഷെര്‍സാദ് തന്നെ പുറത്തുവന്ന് ഇ. അഹമ്മദ് മരിച്ചുവെന്ന് ഒൗദ്യോഗികമായി അറിയിച്ചു. ഐ.സി.യുവിനകത്തുനിന്ന് അര ഡസനിലേറെ വാടക ഗുണ്ടകളുടെ അകമ്പടിയോടെയാണ് എംബാം ചെയ്യാനായി അഹമ്മദിന്‍െറ മൃതശരീരം പുറത്തത്തെിച്ചത്. എല്ലാവരും ഐ.സി.യുവില്‍നിന്ന് പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ ഗുണ്ടകളൊന്നടങ്കം ഡല്‍ഹി പൊലീസിന് മുന്നിലൂടെ ഇറങ്ങിപ്പോയി.

Tags:    
News Summary - death of E ahmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.