രാഹുലിനെ 'പപ്പു'വാക്കി എഎപി; ഭഗവന്ത് മാനെ മദ്യപാനിയെന്ന് വിളിച്ചതിന് മറുപടി, കോൺഗ്രസ് എഎപി പോര് മുറുകുന്നു
ന്യൂഡൽഹി: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപാനിയെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിക്കെതിരെ 'പപ്പു' പരിഹാസവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി.
രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകളും പരിഹാസങ്ങളും പങ്കുവെച്ചാണ് എഎപിയുടെ മറുപടി. ഇൻഡ്യ സഖ്യത്തിലെ പ്രധാന കക്ഷികളായ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയാണ് പുതിയ സംഭവവികാസങ്ങൾ.
നവംബർ നാലിന് പഞ്ചാബിലെ സംഗ്രൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച ഇൻസാഫ് റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. പാർലമെന്റിൽ ഭഗവന്ത് മൻ ഒപ്പമിരിക്കുമ്പോൾ രാവിലെ 11 മണിക്ക് പോലും മദ്യത്തിന്റെ മണം അനുഭവപ്പെട്ടിരുന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം. മദ്യപിക്കുന്നത് വ്യക്തിപരമായ കാര്യമാണെങ്കിലും ലഹരിവിപത്തിനെ നേരിടേണ്ട സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ എല്ലായ്പ്പോഴും ലഹരിയിലാകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിൽ മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നതിൽ എഎപി സർക്കാർ പരാജയപ്പെട്ടെന്നും രാഹുൽ ആരോപിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മൻ സംസ്ഥാനത്തെ പ്രശ്നങ്ങളിൽ കാഴ്ചക്കാരനായി തുടരുകയാണെന്നും പഞ്ചാബിന്റെ ഭരണം ഡൽഹിയിൽ നിന്നാണ് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
'പപ്പു' പോസ്റ്ററുമായി എഎപി
രാഹുലിന്റെ ആരോപണത്തിന് പിന്നാലെയാണ് എഎപി അദ്ദേഹത്തെ 'പപ്പു' എന്ന് പരിഹസിച്ച് പോസ്റ്ററുകളുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി ഇടയ്ക്കിടെ തായ്ലൻഡിലേക്ക് പോകുന്നതിന്റെ കാരണം എന്താണെന്ന ചോദ്യവും പാർട്ടി ഉയർത്തി. രാഹുലിനെക്കുറിച്ചുള്ള പരിഹാസങ്ങളും തമാശകളും പങ്കുവെക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെയും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്ന് എഎപി നേതാക്കൾ പ്രതികരിച്ചു.
രാഹുലിന്റെ പരാമർശം നിലവാരമില്ലാത്ത വ്യക്തിപരമായ അധിക്ഷേപമാണെന്ന് എഎപി ഡൽഹി ഘടകം കൺവീനർ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. തെളിവുകളില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ വിമർശിക്കുന്നതിന് പകരം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കോൺഗ്രസിന്റെ സമീപനം രാഷ്ട്രീയ ലക്ഷ്യങ്ങളെ സംശയത്തിലാക്കുന്നുവെന്നും ഭരദ്വാജ് വിമർശിച്ചു.
2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് കോൺഗ്രസും എഎപിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നത്. സംസ്ഥാനത്ത് ഭരണകക്ഷിയായ എഎപിയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും തമ്മിലുള്ള തർക്കം രാഷ്ട്രീയ ആരോപണങ്ങളിൽനിന്ന് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് മാറുന്നത് ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തെയും ചോദ്യം ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.