തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലെ ബന്ധത്തിൻെറ പേരാണ് മോദി -രാഹുൽ

ന്യൂഡൽഹി: 84-ാം കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലെ ബന്ധത്തിൻറെ പേരാണ് മോദിയെന്ന് രാഹുൽ പറഞ്ഞു. മോദിയുടെ മായയിൽ ഇന്ത്യക്ക് ജീവിക്കേണ്ടി വരുന്നു. കർഷകർ മരിക്കുമ്പോൾ പ്രധാനമന്ത്രി ഇന്ത്യാ ഗേറ്റിനു മുന്നിൽ യോഗ ചെയ്യാൻ പറയുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു രാഹുലിൻറെ പ്രസംഗം.

ബി.ജെ.പി ഒരു സംഘടനയുടെ മാത്രം ശബ്ദമാണ്. എന്നാൽ, കോൺഗ്രസ് ജനങ്ങൾക്കൊപ്പമാണ് നിൽക്കുന്നത്. മഹാഭാരതത്തിലെ കൗരവന്മാരെ ബി.ജെ.പിയോട് ഉപമിച്ച രാഹുൽ പാണ്ഡവരെപ്പോലെ തന്റെ പാർട്ടി സത്യത്തിനു വേണ്ടി പോരാടുമെന്ന് രാഹുൽ വ്യക്തമാക്കി. മോദിയെ തെരഞ്ഞെടുത്താൻ വികസനമുണ്ടാവുമെന്ന് രാജ്യത്തെ യുവജനങ്ങളെ വിശ്വസിപ്പിച്ചു. അവർ ഇപ്പോഴും തൊഴിൽരഹിതരായിരിക്കുന്നു. 


മനോഹരമായ തമിഴ് ഭാഷ മാറ്റാൻ തമിഴരോട് അവർ പറയുന്നു. വടക്ക് കിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങളോട് ഈ ഭക്ഷണം കഴിക്കരുതെന്ന് അവർ പറയുന്നു. ഗൗരി ലങ്കേഷിനോടും കൽബുർഗിയോടും വായടക്കാനും അല്ലെങ്കിൽ മരിക്കാനും പറഞ്ഞു. ഒന്നും പ്രതീക്ഷിക്കാതെ പണിയെടുക്കാൻ അവർ നമ്മുടെ കർഷകരോടു പറയുന്നു. നിങ്ങൾ ഇവിടെ ഉണ്ടായിരിക്കേണ്ടവരല്ലെന്ന് അവർ രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന മുസ്ലിംകളോടും പറയുന്നു.

കൊലപാതകം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയായ ബി.ജെ.പി ദേശീയ പ്രസിഡന്‍റിനെ ജനം അംഗീകരിക്കുന്നു, പക്ഷേ ഇത് കോൺഗ്രസിലാണെങ്കിൽ ജനം അംഗീകരിക്കില്ല. അവർ കോൺഗ്രസിലെ ഉന്നത സ്ഥാനത്താണ് കാണുന്നത്. ആർ.എസ്.എസ് നേതാവ് സവർക്കർ ബ്രിട്ടീഷുകാരോട് കത്തെഴുതി ശിക്ഷ ഒഴിവാക്കാൻ യാചിച്ചയാളാണ്. കോൺഗ്രസിന്റെ 15,000 പ്രവർത്തകർ സ്വാതന്ത്ര്യസമരത്തിൽ മരണമടഞ്ഞു. നിരവധി പേർ ജയിലുകളിൽ അന്തിയുറങ്ങി. സ്വാതന്ത്ര്യ സമരത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ ലിസ്റ്റ് ഓരോ സംസ്ഥാനത്തുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

രാഹുലിൻെറ പ്രസംഗം വീക്ഷിക്കുന്ന സോണിയ ഗാന്ധി
 


നമ്മുടെ പ്രധാനമന്ത്രിയുടെ പേര് തന്നെയാണ് നിരവ് മോദിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പുകാരനാണ്. ഇന്ത്യൻ ക്രിക്കറ്റിൽ അഴിമതി കാട്ടിയ ലളിത് മോദിയും നമ്മുടെ പ്രധാനമന്ത്രിയുടെ പേര് പങ്കുവെക്കുന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയവർ നമ്മുടെ പ്രധാനമന്ത്രിയുടെ അതേ പേരുള്ളവരാണ്- രാഹുൽ പരിഹസിച്ചു. 

രണ്ടാം യു.പി.എ സർക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്ന് രാഹുൽ സ്വയം വിമർശം നടത്തി. കോൺഗ്രസിന് മാറ്റം അനിവാര്യമാണ്. സാധാരണ ജനങ്ങൾക്കും നേതാക്കൾക്കുമിടയിലെ അന്തരം ഒഴിവാക്കണം. സ്ഥാനാർഥികളെ കെട്ടിയിറക്കുന്നത് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുതിർന്ന പാർട്ടി നേതാവ് പി. ചിദംബരവും നേരത്തേ മോദി സർക്കാറിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. 

Tags:    
News Summary - Congress plenary- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.