രവി നായർ

മലയാളി മാധ്യമ പ്രവർത്തകൻ രവി നായർക്ക് ജാമ്യം; ഏഴുദിവസത്തിന് ശേഷമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്

അഹ്മദാബാദ്: അദാനി എന്റര്‍പ്രൈസസിന്റെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ അറസ്റ്റിലായി, ഏഴുദിവസമായി ജയിലിലായിരുന്ന മലയാളി മാധ്യമ പ്രവർത്തകൻ രവി നായർക്ക് ജാമ്യം ലഭിച്ചു. ഗാന്ധി നഗർ സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്.

സെപ്റ്റംബര്‍ 17 നാണ് അഹ്മദാബാദ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ സ്വമേധയാ ഹാജരായതിന് പിന്നാലെയാണ് അന്വേഷണാത്മക മാധ്യമപ്രവർത്തകനായ രവി നായരെ അറസ്റ്റ് ചെയ്തത്. കോടതി നടപടികളില്‍ തുടര്‍ച്ചയായി സഹകരിച്ചു വന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍, ഒറ്റ ദിവസം ഹാജരാകാന്‍ കഴിയാത്തതിന്റെ പേരിലാണ് നേരിട്ട് ജാമ്യമില്ലാ വാറണ്ട് നേരിടേണ്ടി വന്നത്. ഹാജരാകാതിരുന്നാല്‍, ആദ്യ ഘട്ടത്തില്‍ ജാമ്യം ലഭിക്കാവുന്ന വാറണ്ടെന്ന സുപ്രീംകോടതി നിര്‍ദേശം കാറ്റില്‍ പറത്തിയായിരുന്നു നടപടി. നേരിട്ട് പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കാന്‍ കീഴ്‌ക്കോടതി വിസമ്മതിച്ചതോടെയാണ് രവി ജയിലിലായത്.

കേസിലെ പരാതിക്കാരായ അദാനി ഗ്രൂപ്പ് വസ്തുതകള്‍ സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, രവി നായര്‍ക്ക് ഇടക്കാല ജാമ്യം പോലും അനുവദിക്കാതെ കേസ് മാറ്റി വെക്കുകയായിരുന്നു. രവി നായരുടെ അറസ്റ്റ് രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിനും നീതിയുക്തമായ വിചാരണക്കുമുള്ള അവകാശത്തിന്മേല്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉൾപ്പെ​ടെ ചൂണ്ടിക്കാട്ടിയിരുന്നു.

2020 -21 കാലയളവില്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പങ്കുവെച്ച ട്വീറ്റുകളുടെ പേരിലാണ് 2021-ല്‍ അദാനി എന്റര്‍പ്രൈസസ് ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. വാര്‍ത്ത തെറ്റാണെന്ന് ഒരിടത്തും ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. അന്തര്‍ദേശീയ മാധ്യമമായ 'ദി ഗാര്‍ഡിയന്‍' അടക്കമുള്ളവയയുടെ വാര്‍ത്താ ലിങ്കാണ് രവി നായര്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മാന്‍സ കോടതി ഒരുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും, ആ വിധിക്കെതിരെയുള്ള അപ്പീല്‍ നിലനില്‍ക്കെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.