ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് (ഇടത്ത്). ജീവൻ രക്ഷിച്ച കശ്മീരി ഗൈഡ് നസകത്ത് അഹമ്മദ് ഷായോടൊപ്പം ബിജെപി നേതാവ് അരവിന്ദ് എസ് അഗർവാൾ (വലത്ത്)
റായ്പൂർ: പഹൽഗാം ഭീകരാക്രമണത്തിനിടെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ രക്ഷിച്ച കശ്മീരി ടൂറിസ്റ്റ് ഗൈഡ് നസകത്ത് അഹമ്മദ് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. മുസ്‍ലിംകളെ കുറ്റപ്പെടുത്തരുതെന്നും ഏതാനും ചിലരുടെ പ്രവൃത്തിക്ക് എല്ലാവയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനിടെ താനടക്കമുള്ള വിനോദയാത്രക്കാരെ രക്ഷിച്ചത് കശ്മീരിലെ മുസ്‌ലിം സഹോദരനാണെന്ന് ചത്തീസ്ഗഢിലെ ബി.ജെ.പി നേതാവ് അരവിന്ദ് അഗര്‍വാള്‍ നേരത്തെ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ യുവ നേതാക്കളായ അരവിന്ദ് എസ്. അഗർവാൾ, കുൽദീപ് സ്ഥാപക്, ശിവാൻഷ് ജെയിൻ, ഹാപ്പി വാദ്ധ്വൻ എന്നിവരെയും കുടുംബങ്ങളെയുമാണ് ടൂറിസ്റ്റ് ഗൈഡും ഷാള്‍ കച്ചവടക്കാരനുമായ നസാകത്ത് അഹമ്മദ് ഷാ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചത്. നിങ്ങളുടെ ജീവന്‍ പണയം വെച്ച് ഞങ്ങളെ രക്ഷിച്ച നസാകത്ത് ഭായിയുടെ ഉപകാരത്തിന് ഞങ്ങള്‍ എന്താണ് പകരം നല്‍കേണ്ടതെന്ന് അരവിന്ദ് അഗര്‍വാള്‍ ഫേസ്ബുക് പോസ്റ്റില്‍ ചോദിച്ചു.
ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി മുസ്‍ലിം സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തരുതെന്ന് പ്രത്യേക അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ആക്രമണകാരികളെയും അവരെ പിന്തുണച്ചതായി ആരോപിക്കപ്പെടുന്ന പാകിസ്താനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നസകത്ത് അഹമ്മദ് ഷാക്ക് നന്ദി പറഞ്ഞ് അദ്ദേഹം രക്ഷിച്ച മറ്റൊരു യാത്രക്കാരനും രംഗത്തുവന്നിരുന്നു. തന്റെ കുഞ്ഞിനെ എടുത്ത് 14 കിലോമീറ്ററോളം അപകടകരമായ കുന്നുകളിലൂടെ ഓടിയ താങ്കളെ എങ്ങനെ മറക്കുമെന്നും താങ്കളാണ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്നും യാത്രയില്‍ ബി.ജെ.പി നേതാവ് അരവിന്ദ് അഗര്‍വാളിന്റെ കൂടെയുണ്ടായിരുന്നയാൾ പറഞ്ഞു.
ചത്തീസ്ഗഢിലെ മനേന്ദ്രഗഡ്, ചിരിമിരി, ഭരത്പൂര്‍ ജില്ലിയില്‍ നിന്നുള്ള നാല് ദമ്പതികളും മൂന്ന് കുട്ടികളും അടങ്ങുന്ന സംഘത്തിന്റെ ഗൈഡായാണ് നസകത്ത് പ്രവര്‍ത്തിച്ചത്. ഭീകരാക്രമണത്തിനിടെ അക്രമികളിൽ നിന്ന് തോക്ക് പിടിച്ചെടുത്ത് തിരിച്ചടിക്കാൻ ശ്രമിക്കവേ ഭീകരവാദികള്‍ കൊലപ്പെടുത്തിയ പഹല്‍ഗാമിലെ ടൂറിസ്റ്റ് ഗൈഡായ സയ്യിദ് ആദിൽ ഹുസൈന്റെ ബന്ധു കൂടിയാണ് നസകത്ത് ഷാ.
ഭീകരാക്രമണം നടക്കുന്നുവെന്ന് മനസിലായപ്പോള്‍ തന്നെ കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കാൻ കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നുവെന്ന് നസകത്ത് ഷാ പറഞ്ഞു. ദമ്പതികളെ ഉള്‍പ്പെടെ 11 പേരെയും താന്‍ സുരക്ഷിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.