സഭാകോടതികളുടെ വിവാഹമോചനം അസാധു –സുപ്രീംകോടതി

ന്യൂഡല്‍ഹി: കാനോന്‍ നിയമത്തിന് (ക്രിസ്തീയ വ്യക്തിനിയമം) കീഴില്‍ സഭാകോടതി അനുവദിച്ച വിവാഹമോചനം അസാധുവാണെന്ന് സുപ്രീംകോടതി വിധിച്ചു. മുസ്ലിം വ്യക്തിനിയമ പ്രകാരം മുത്തലാഖ് സാധുവായി അംഗീകരിക്കുന്നപോലെ ക്രിസ്ത്യന്‍ വ്യക്തി നിയമത്തിന് കീഴില്‍ ചര്‍ച്ച് അനുവദിക്കുന്ന വിവാഹമോചനവും അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. കര്‍ണാടക കത്തോലിക്ക അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ക്ളാരന്‍സ് പയസ് ആണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്.

ക്രിസ്ത്യന്‍ വിവാഹമോചന നിയമം നിലവില്‍വന്നതോടെ വ്യക്തിനിയമത്തിന് കീഴില്‍ നടത്തുന്ന വേര്‍പിരിയലിന് നിയമപരമായ സാധുതയുണ്ടാകില്ല. കാരണം, നിയമപ്രകാരം വിവാഹമോചനത്തിനും വേര്‍പിരിയലിനും വ്യത്യസ്ത നടപടിക്രമമാണുള്ളത്. 1996ലെ മോളി ജോസഫ്- ജോര്‍ജ് സെബാസ്റ്റ്യന്‍ കേസിലെ വിധിയില്‍ ഈ വിഷയം തീര്‍പ്പാക്കിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുസ്ലിം വ്യക്തിനിയമ പ്രകാരം മുത്തലാഖ് സാധുവാണെന്നപോലെ ക്രിസ്ത്യന്‍ വ്യക്തിനിയമത്തിന് കീഴില്‍ ചര്‍ച്ച് അനുവദിക്കുന്ന വിവാഹമോചനവും അംഗീകരിക്കണമെന്നായിരുന്നു പയസിന്‍െറ വാദം. മുത്തലാഖിന് സാധുത നല്‍കി മുസ്ലിം ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിക്കുമ്പോള്‍ ക്രിസ്തീയ വ്യക്തിനിയമങ്ങള്‍ എന്തുകൊണ്ട് കോടതി അംഗീകരിക്കുന്നില്ളെന്ന് പയസിനുവേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ സോളി സൊറാബ്ജി ചോദിച്ചു.
ചര്‍ച്ച് കോടതികളില്‍നിന്ന് വിവാഹമോചനം നേടി പുനര്‍വിവാഹം നടത്തുന്ന നിരവധി കത്തോലിക്കര്‍ രണ്ട് ഭാര്യമാരുള്ളതിന് ക്രിമിനല്‍ ശിക്ഷാ നടപടി നേരിടുകയാണെന്ന് സൊറാബ്ജി ബോധിപ്പിച്ചു. അതിനാല്‍, രണ്ട് ഭാര്യമാരുള്ളത് ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 494ാം വകുപ്പ് ഇത്തരം കേസുകളില്‍ ചുമത്തുമ്പോള്‍ ക്രിസ്തീയ വ്യക്തിനിയമമെന്ന നിലയില്‍ കാനോന്‍ നിയമവും കണക്കിലെടുക്കണം. വിവാഹമോചനം മൂന്നു പ്രാവശ്യം ഉച്ചരിക്കുന്നത് മുസ്ലിം വ്യക്തിനിയമപ്രകാരം കോടതി അംഗീകരിക്കുന്നതുപോലെ ഇന്ത്യന്‍ കത്തോലിക്കരുടെ വ്യക്തിനിയമമെന്ന നിലയില്‍ കാനന്‍ നിയമപ്രകാരമുള്ള വിവാഹമോചനവും അനുവദിക്കണം എന്ന് സൊറാബ്ജി വാദിച്ചു.

എന്നാല്‍, ഈ വാദത്തെ എതിര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ 1872ലെ ക്രിസ്ത്യന്‍ വിവാഹ നിയമത്തെയും 1869ലെ വിവാഹമോചന നിയമത്തെയും മറികടക്കാന്‍ കാനോന്‍ നിയമത്തിന് കഴിയില്ളെന്ന് ബോധിപ്പിച്ചു. ക്രിസ്ത്യന്‍ വിവാഹ നിയമപ്രകാരം വിവാഹമോചനത്തിന് കോടതിക്ക് മാത്രമേ അധികാരമുള്ളൂ. ഇതുപ്രകാരം ജില്ല കോടതിയിലോ ഹൈകോടതിയിലോ ഭാര്യയും ഭര്‍ത്താവും വന്ന് തങ്ങളുടെ വിവാഹം റദ്ദാക്കണമെന്ന് സംയുക്തമായി ആവശ്യപ്പെടണം.
സഭാ കോടതി പോലുള്ള ആത്മീയ ട്രൈബ്യൂണലുകള്‍ക്ക് ജില്ല കോടതിക്കും ഹൈകോടതിക്കുമുള്ള  ഇത്തരം അധികാരം ഉപയോഗിക്കാന്‍ കഴിയില്ളെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചാണ് വിവാഹത്തര്‍ക്കങ്ങളില്‍ കാനോന്‍ നിയമപ്രകാരം സഭാ കോടതികള്‍ കല്‍പ്പിക്കുന്ന തീര്‍പ്പുകള്‍ക്ക് നിയമസാധുതയുണ്ടായിരിക്കില്ളെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.

 

Tags:    
News Summary - christian sabha court veridicts are not legal -supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.