ബീജിങ്: ഇന്ത്യയിലൂടെ ഒഴുകി ബംഗ്ലാദേശിലെത്തുന്ന ടീസ്റ്റ നദിയുടെ പുനരുദ്ധാരണ പദ്ധതിക്ക് ബംഗ്ലാദേശ് ചൈനയുടെ സഹായം സ്വീകരിച്ചത് ഇന്ത്യയെ വലിയ ആശങ്കയിലാക്കിയിരുന്നു. ബംഗ്ലാദേശ് ജലവികസന ബോർഡും ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള പവർചൈനയും ടീസ്റ്റ നദിയയുടെ വിപുലീകരണത്തിനായി ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു.
ബംഗ്ലാദേശുമായുള്ള സഹകരണം ഏതെങ്കിലും മൂന്നാം കക്ഷിയെ ലക്ഷ്യം വെക്കുന്നതല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ. ചൈന-ബംഗ്ലാദേശ് സഹകരണം മൂന്നാം കക്ഷിയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും മൂന്നാം കക്ഷി സ്വാധീനത്തിൽ നിന്ന് മുക്തമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഗുരുതരമായ ആശങ്കകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയോട് വളരെ അടുത്താണ് ടീസ്റ്റ നദീതടം സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശ്-ചൈന സംയുക്ത സംരംഭത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കയുടെ അടിസ്ഥാനവും ഇതുതന്നെയാണ്.
ടീസ്റ്റ നദിയുടെ സമഗ്രമായ വികസനവും പുനരധിവാസവും ബംഗ്ലാദേശ് വലിയ പ്രാധാന്യം നൽകുന്ന ഒരു ഉപജീവന പദ്ധതിയാണ്. ഈ പദ്ധതിയെ പിന്തുണക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. ബംഗ്ലാദേശുമായുള്ള നയതന്ത്രബന്ധം ശക്തമാക്കാനും സമ്പദ്വ്യവസ്ഥ, വ്യാപാരം, ജലസംരക്ഷണം, ഉപജീവനമാർഗം, തുടങ്ങിയ മേഖലകളിൽ വിനിമയവും സഹകരണവും വർദ്ധിപ്പിക്കാനും ചൈന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന ടീസ്റ്റ നദി രണ്ട് അയൽരാജ്യങ്ങൾക്കിടയിലെയും പ്രധാന ചർച്ചാ വിഷയമാണ്. ബംഗാൾ വഴിയാണ് ടീസ്റ്റ നദി ബംഗ്ലാദേശിലെത്തുന്നത്. തന്ത്രപ്രധാന മേഖലയായ സിലിഗുരിക്ക് സമീപമാണ് പുനരുദ്ധാരണ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ഇവിടേക്ക് ചൈനയുടെ ഇടപെടൽ ഒഴിവാക്കാൻ 2024ൽ ഇന്ത്യ ബംഗ്ലാദേശിന്‍റെ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബംഗ്ലാദേശും പശ്ചിമബംഗാളും തമ്മിൽ നിലനിൽക്കുന്ന ജലവിതരണ തർക്കം കാരണമാണ് ബംഗ്ലാദേശ് ചൈനയുമായി സഹകരിക്കാൻ തീരുമാനിച്ചത്. ടീസ്റ്റ ഉൾപ്പെടെയുള്ള ബംഗ്ലാദേശിലെ നദികളുടെ മാനേജ്‌മെന്റിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് ബംഗ്ലാദേശും ചൈനയും ധാരണയിലെത്തിയിട്ടുണ്ട്. ടീസ്റ്റ പദ്ധതിയുമായുള്ള ഏതൊരു മുന്നേറ്റവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.