തീരനിയമം: കേന്ദ്രം എം.പിമാരുടെ യോഗം വിളിക്കും; നിയമഭേദഗതിക്ക് അനുകൂല നിലപാടുമായി പരിസ്ഥിതി മന്ത്രി

ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരസംസ്ഥാനങ്ങളിലെ എം.പിമാരുടെ യോഗം വിളിക്കും. നിയമഭേദഗതി ഏറ്റവും വേഗം കൊണ്ടുവരുമെന്ന് പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ ഉറപ്പുനല്‍കിയതായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി എം.പി അറിയിച്ചു.

തീരനിയമ ഭേദഗതി അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ മത്സ്യത്തൊഴിലാളി ഫോറം, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച പാര്‍ലമെന്‍റ് മാര്‍ച്ച് നടന്നിരുന്നു. ഇത് ഉദ്ഘാടനം ചെയ്ത ആന്‍റണി പിന്നീട് കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പിമാരുടെ യോഗം വിളിക്കാനുള്ള തീരുമാനം അറിയിച്ചത്. പരിസ്ഥിതി വകുപ്പ് നേരത്തേ കൈകാര്യം ചെയ്ത മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവ്ദേക്കറെയും ആന്‍റണി കണ്ടിരുന്നു.

തീരപരിപാലന നിയമംമൂലം ചെറിയ വീടുവെക്കാന്‍പോലും മത്സ്യത്തൊഴിലാളികള്‍ക്ക് കഴിയുന്നില്ളെന്നും, അവരുടെ ജീവിതം ദുരിതപൂര്‍ണമാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഏറ്റവും വേഗം നിയമഭേദഗതി കൊണ്ടുവരേണ്ടതുണ്ട്. കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിലെ നിര്‍ദേശങ്ങള്‍കൂടി പരിഗണിക്കണമെന്ന് ആന്‍റണി മന്ത്രിയോട് ആവശ്യപ്പെട്ടു.
നിയമഭേദഗതി എന്ന ആവശ്യത്തോട് കേന്ദ്രത്തിന് യോജിപ്പാണെന്ന് പരിസ്ഥിതി മന്ത്രി പറഞ്ഞു.

ഇതിന്‍െറ നടപടികള്‍ മുന്നോട്ടു നീക്കുന്നുണ്ട്. എം.പിമാരുടെ യോഗത്തിലെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് ഭേദഗതിക്ക് അന്തിമ രൂപം നല്‍കും. ഏറ്റവും പെട്ടെന്ന് ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ലോക മത്സ്യത്തൊഴിലാളി ദിനത്തില്‍ നടന്ന പാര്‍ലമെന്‍റ് മാര്‍ച്ചില്‍ കേരളത്തിനു പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും പങ്കെടുത്തിരുന്നു. ജന്തര്‍മന്തറില്‍ സമ്മേളിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തിയത്.

കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപവത്ക്കരിക്കുക, വിദേശ മീന്‍പിടിത്ത കപ്പലുകളെ ഇന്ത്യന്‍ കടലില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കുക, മത്സ്യബന്ധനത്തിന് മണ്ണെണ്ണ ന്യായവിലയ്ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിച്ചു. അശാസ്ത്രീയമായ പെയര്‍ ട്രോളിങ് ഇന്ത്യന്‍ കടലില്‍ നിരോധിക്കുക, കോഴിത്തീറ്റക്കും വളത്തിനും വേണ്ടി മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയുക തുടങ്ങിയവയായിരുന്നു മറ്റ് ആവശ്യങ്ങള്‍. എം.പിമാരായ എ. സമ്പത്ത്, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരും ആനി രാജ, എം. ഇളങ്കോ, നരേന്ദ്രപാട്ടീല്‍, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍, പി.പി. ജോണ്‍, സിസ്റ്റര്‍ സോണി ഫ്രാന്‍സിസ് ജാക്സണ്‍ പൊള്ളയില്‍, എം.പി. അബ്ദുല്‍ റസാഖ് തുടങ്ങിയവരും സംസാരിച്ചു.

 

Tags:    
News Summary - central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.