ന്യൂഡൽഹി: കോടതി കുറ്റവാളിയെന്ന് കണ്ടെത്തി ശിക്ഷിച്ച രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാർ. അത് കഠിനമാണെന്നും അയോഗ്യതയുടെ കാലാവധി തീരുമാനിക്കുന്നത് പാർലമെന്റാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടും ഒമ്പതും വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് അഡ്വ. അശ്വനി ഉപാധ്യായ 2016 ൽ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്ര സർക്കാറിന്റെ സത്യവാങ്മൂലം.
എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുപുറമേ, കുറ്റവാളികളായ രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും ബി.ജെ.പി നേതാവ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം നിയമത്തിൽ പ്രതിപാദിച്ച കുറ്റകൃത്യങ്ങൾക്ക് തടവിന് ശിക്ഷിക്കപ്പെട്ട ഒരു വ്യക്തി ജയിൽ മോചിതനായതിനുശേഷം ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് വിലക്ക്. എന്നാൽ, ഒമ്പതാം വകുപ്പ് പ്രകാരം അഴിമതിക്കോ രാജ്യത്തിനെതിരായുള്ള പ്രവർത്തങ്ങൾക്കോ ശിക്ഷിക്കപ്പെട്ട പൊതുപ്രവർത്തകർക്ക് അഞ്ച് വർഷത്തേക്കാണ് അയോഗ്യത.
ഇത്തരത്തിൽ അയോഗ്യത സമയബന്ധിതമായി പരിമിതപ്പെടുത്തുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന ഹരജിക്കാരന്റെ വാദം കേന്ദ്രം തള്ളി. ചട്ടം പുനഃക്രമീകരിക്കാനോ പുതിയ നിയമം നിർമിക്കാനോ പാർലമെന്റിനോട് ആവശ്യപ്പെടുന്നത് ജുഡീഷ്യറിയുടെ അധികാരത്തിനപ്പുറമുള്ള വിഷയമാണെന്നും കേന്ദ്രം ബോധിപ്പിച്ചു. രാഷ്ട്രീയത്തിന്റെ ക്രിമിനൽവത്കരണം ഗുരുതരമാണെന്ന് നേരത്തെ ഹരജി പരിഗണിക്കുമ്പോൾ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. അടുത്ത മാസം മൂന്നിന് വീണ്ടും വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.