ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം റദ്ദാക്കണമെന്നും മുൻവർഷങ്ങളിലെ പരമ്പരാഗത രീതിയിലുള്ള മൂല്യനിർണയം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്ത്. ഓൺലൈൻ വഴിയുള്ള ഓൺ സ്ക്രീൻ മൂല്യനിർണയ രീതിയിൽ വ്യാപക ക്രമക്കേട് നടന്നതായാണ് ആക്ഷേപം. ഇതിനെതിരെ സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിലുള്ള പ്രചാരണമാണ് വിദ്യാർത്ഥികൾ നടത്തുന്നത്.
ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രത്യേക മൂല്യനിർണയ ഫലത്തിനെതിരെയും കടുത്ത അമർഷം ഉയരുന്നുണ്ട്. നിരവധി വിദ്യാർത്ഥികൾ മൂന്ന് വിഷയങ്ങളിൽ വരെ പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പുനർമൂല്യനിർണയത്തിനായി ഒറിജിനൽ ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ പ്രതിഷേധം.
പുനർമൂല്യനിർണ്ണയ സംവിധാനവും പൂർണ്ണമായും താറുമാറായതോടെ സംസ്ഥാനത്തെ സ്കൂൾ അധികൃതരും ആശങ്കയിലാണ്. എന്നാൽ ഇത് കേവലം സാങ്കേതിക പ്രശ്നം മാത്രമാണെന്നും ജൂൺ 15-ന് പുറത്തിറക്കുന്ന പുതിയ സർക്കുലറിലൂടെ ഇതിന് പരിഹാരമുണ്ടാകുമെന്നുമാണ് സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷന് ലഭിച്ച വിശദീകരണം. ഉത്തരക്കടലാസുകൾ ഡിജിറ്റലായി അപ്‌ലോഡ് ചെയ്യുന്ന ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസികൾക്ക് വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും നിലവിലെ ഈ മൂല്യനിർണയ രീതി വിദ്യാർത്ഥികളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്നും കേരള സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷൻ പേട്രൻ ഇബ്രാഹിം ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.