സി.ബി.എസ്.ഇ പുനർമൂല്യനിർണയ പ്രതിസന്ധിക്ക് പരിഹാരമായില്ല; വിദഗ്ധ സമിതി യോഗം ചേർന്നു, ഉത്തരക്കടലാസ് കോപ്പിക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയ അപേക്ഷാ നടപടികൾ പോർട്ടലിലെ പ്രശ്നങ്ങളിൽ ഇതുവരെ പരിഹാരമായില്ല. പ്രതിഷേധം ശക്തമായതോടെ പോർട്ടലിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ മദ്രാസ്, കാൺപുർ ഐ.ഐ.ടികളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരെ നിയോഗിച്ച് കേന്ദ്ര സർക്കാർ. തുടർന്ന് ഐ.ഐ.ടി വിദഗ്ധരും സി.ബി.എസ്.ഇ ഉദ്യോഗസ്ഥരും ഓൺലൈൻ യോഗം ചേർന്നു. ബാങ്കുകളുടെ പ്രതിനിധികൾ ഇന്നലെ തന്നെ പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.

അതേസമയം ഉത്തരക്കടലാസിന്റെ പകർപ്പിനുള്ള അപേക്ഷ നൽകാനുള്ള സമയം ഇന്ന് അർധരാത്രി വരെ നീട്ടി. നാളെ മുതൽ 29 വരെയാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള സമയപരിധി. പോർട്ടലിലെ പ്രശ്നങ്ങൾ കാരണം അവസാന നിമിഷം തടസ്സപ്പെട്ടാൽ വീണ്ടും അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും ശ്രമിക്കരുതെന്നു സി.ബി.എസ്.ഇ അഭ്യർഥിച്ചു.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള പുനർമൂല്യനിർണയ പ്രക്രിയയിൽ നേരിടുന്ന കടുത്ത സാങ്കേതിക തടസ്സങ്ങളും മൂല്യനിർണയത്തിലെ പിഴവുകളുമാണ് പ്രതിസന്ധിക്ക് കാരണം. ഒരേസമയം 1.15 ലക്ഷം വിദ്യാർഥികൾ വരെയാണ് അപേക്ഷിക്കാൻ ശ്രമിക്കുന്നതെന്നും ഇതാണ് പോർട്ടലിലെ തകരാറിനു കാരണമെന്നുമാണ് വിശദീകരണം. എന്നാൽ, അപേക്ഷാ നടപടികളിലെ സാങ്കേതിക തടസ്സം മൂലം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടാകുന്ന മാനസിക സമ്മർദം ഏറുകയാണ്.

സി.ബി.എസ്.ഇ നടപ്പാക്കിയ ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) രീതിയിലുള്ള ആക്ഷേപം കാരണം ഇത്തവണ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഓൺ സ്ക്രീൻ മാർക്കിങ് രീതി നടപ്പാക്കുന്നതിലൂടെ പുനർമൂല്യനിർണയ അപേക്ഷകളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് സി.ബി.എസ്.ഇ അവകാശപ്പെട്ടിരുന്നെങ്കിലും സംഭവിച്ചത് നേരെ മറിച്ചാണ്. മാർക്ക് കൂട്ടുന്നതിലെ പിഴവുകൾ ഒഴിവാക്കാം, മൂല്യനിർണയത്തിനുള്ള ചെലവ് കുറയ്ക്കാം തുടങ്ങിയ മെച്ചങ്ങളും ഒ.എസ്.എമ്മിന് അനുകൂലമായി ചൂണ്ടിക്കാട്ടിയിരുന്നു.

വ്യാപക പരാതികളെത്തുടർന്ന് പുനർമൂല്യനിർണയത്തിനുള്ള ഫീസ് കുറയ്ക്കേണ്ടി വന്ന സി.ബി.എസ്.ഇക്ക് സാമ്പത്തിക ബാധ്യത കൂടുകയാണു ചെയ്തത്. പരീക്ഷയുടെ വിശ്വാസ്യത തന്നെ സംശയനിഴലിലാവുകയും ചെയ്തു. രാജ്യത്താകെ 17,68,968 വിദ്യാർഥികളാണ് 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. പുനർമൂല്യനിർണയ അപേക്ഷാ നടപടികൾ ആരംഭിച്ച 19നു തന്നെ 1,27,146 പേർ ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷ നൽകി. മൊത്തം വിദ്യാർഥികളുടെ ഏഴ് ശതമാനം ആണിത്. തുടർന്നുള്ള ദിവസങ്ങളിൽ പോർട്ടൽ തകരാർ മൂലം നടപടികൾ തടസ്സപ്പെട്ടില്ലായിരുന്നുവെങ്കിൽ അപേക്ഷകരുടെ എണ്ണം പല മടങ്ങാകുമായിരുന്നുവെന്നാണു വിലയിരുത്തൽ.

Tags:    
News Summary - CBSE extends deadline for Class 12th answer sheet scanned copies to May 25; re-evaluation dates soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.