ശരദ് പവാർ,നരേന്ദ്ര മോദി
‘രാജ്യത്തിന്റെ കാര്യം ഞാനും സുപ്രിയയും നോക്കും’; ശരദ് പവാറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി
പുണെ: ബുധനാഴ്ച പുണെയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത മുതിർന്ന രാഷ്ട്രീയ നേതാവും എൻ.സി.പി(എസ്പി) അധ്യക്ഷനുമായ ശരദ് പവാറിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഫോണിൽ വിളിച്ചു.
‘പവാർ സാറിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഏറെ സ്നേഹത്തോടെയും ആദരവോടെയുമാണ് അദ്ദേഹം സംസാരിച്ചത്. പവാർ സാർ പൂർണ വിശ്രമം എടുക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു’ ശരദ് പവാറിന്റെ അടുത്ത സഹായിയായ വിഠൽ മണിയാർ ബുധനാഴ്ച പുണെയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജോലിക്കാര്യങ്ങളിൽ ആശങ്കപ്പെടാതെ ആരോഗ്യം പൂർണമായി വീണ്ടെടുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിർദേശിച്ചതായും തുടർന്ന് സുപ്രിയ ഇപ്പോൾ കാര്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ടെന്നും രാജ്യത്തിന്റെ കാര്യങ്ങൾ താനും സുപ്രിയയും ചേർന്ന് നോക്കിക്കൊള്ളാമെന്നും പ്രധാനമന്ത്രി അദ്ദേഹത്തോട് പറഞ്ഞു-മണിയാർ വ്യക്തമാക്കി.
പ്രധാനമന്ത്രി തന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചതിന് ശരദ് പവാർ നന്ദി അറിയിക്കുകയും വിശ്രമിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് നെഞ്ചിൽ ശ്വാസമെടുക്കുമ്പോൾ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 85 വയസ്സുകാരനായ ശരദ് പവാർ പുണെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
‘ശരദ് പവാറിനെ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സുഖമായിരിക്കുന്നു. ആശുപത്രിയിൽ നിന്ന് നേരിട്ട് മുംബൈയിലെ വസതിയിലേക്കാണ് അദ്ദേഹം യാത്ര തിരിക്കുക’ ആശുപത്രി ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പർവേസ് കെ. ഗ്രാന്റ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.