മണിപ്പൂരിൽ സംഘർഷം തുടരുന്നു; കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം
ഇംഫാൽ: മണിപ്പൂരിൽ തുടരുന്ന വംശീയ സംഘർഷത്തിനിടയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ്ങിന്റെ വസതിക്കു മുന്നിൽ പ്രതിഷേധം. ഇംഫാലിലെ ബാബുപാറയിലുള്ള മുഖ്യമന്ത്രിയുടെ വസതിയുടെ പ്രധാന കവാടത്തിനു മുന്നിലാണ് മൃതദേഹങ്ങൾ എത്തിച്ച് പ്രതിഷേധം നടത്തിയത്. ഇംഫാൽ ഈസ്റ്റ്, കാങ്പോക്പി ജില്ലകളുടെ അതിർത്തിക്കു സമീപം സായുധസംഘത്തിന്റെ ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്.
2023 മേയ് മുതൽ സംസ്ഥാനത്ത് തുടരുന്ന സംഘർഷങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ രോഷാകുലരായ നാട്ടുകാരാണ് മൃതദേഹങ്ങളുമായി ഇംഫാലിലെത്തിയത്. മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധം ശക്തമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്ന് മൃതദേഹങ്ങൾ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (ജെ.എൻ.ഐ.എം.എസ്) മാറ്റി. പ്രതിഷേധം നടക്കുമ്പോൾ മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.
കാങ്പോക്പി ജില്ലയിലെ ഖോങ്ബാൽ സുനുറോക് ഉയോക് പ്രദേശത്താണ് വെടിവെപ്പുണ്ടായത്. ഇംഫാൽ ഈസ്റ്റിലെ നോങ്ഷും ഗ്രാമത്തിന് സമീപം നടന്ന ആക്രമണത്തിൽ വിറക് ശേഖരിക്കാൻ പോയ സംഘത്തിനുനേരെ സായുധസംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ നാലുപേർക്കുകൂടി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് അധികൃതർ അറിയിച്ചു. ആക്രമണത്തിനു പിന്നാലെ മൂന്നുപേരെ കാണാതായതായും പൊലീസ് വ്യക്തമാക്കി.
അതേസമയം, മണിപ്പൂരിൽ വിവിധ മേഖലകളിൽ അക്രമസംഭവങ്ങൾ തുടരുകയാണ്. ഞായറാഴ്ച കാംജോങ് ജില്ലയിലെ മലയോര ഗ്രാമത്തിൽ കുക്കി വിഭാഗത്തിൽപ്പെട്ടവരുടെ കുറഞ്ഞത് 15 വീടുകൾ അഗ്നിക്കിരയാക്കി. ഇതോടെ നിരവധി സാധാരണക്കാർ വീടുവിട്ട് വനമേഖലകളിലേക്കും സമീപത്തെ സൈനിക ക്യാമ്പിലേക്കും അഭയം തേടി. സായുധസംഘം ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ ഒരു കുക്കി വിഭാഗക്കാരൻ കൊല്ലപ്പെടുകയും നാലുപേർക്ക് വെടിയേറ്റു പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, മണിപ്പൂരിൽ തൗബാൽ ജില്ലയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ പെല്ലറ്റ് വെടിയേറ്റ് 24കാരൻ മരിച്ചു. തോഖ്ചോം രാകേഷ് എന്നയാളാണ് മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ മറ്റു മൂന്നുപേരുടെ നില ഗുരുതരമാണ്. സംഘർഷത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഘർഷം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി തൗബാൽ ജില്ലാ മജിസ്ട്രേറ്റ് യുംനം റോബിത സങ്കായ്യുംഫം, ഖാങ്ബോക് എന്നീ റവന്യൂ ഗ്രാമങ്ങളിലും പരിസരങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തി. ഒക്ടോബർ 18ന് രാത്രി 11 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ജനങ്ങൾ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.