വിമാനപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുടെ സംസ്കാര ചടങ്ങിന്‍റെ ചെലവ് കുടുംബത്തിന്‍റെ തലയിലിട്ട് ബി.ജെ.പി

ഗാന്ധിനഗർ: എയർ ഇന്ത്യ വിമാനപകട ദുരന്തത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾക്കുള്ള ചെലവ് ബി.ജെ.പി ഏറ്റെടുക്കാത്തതിൽ വിവാദം. രൂപാണിയുടെ സംസ്കാര ചടങ്ങുകൾക്ക് കുടുംബത്തിന് 25 ലക്ഷം രൂപയാണ് ചിലവായത്. എന്നാൽ, പണം നൽകാൻ വിസമ്മതിച്ചതോടെ ഞെട്ടിയിരിക്കുകയാണ് രൂപാണിയുടെ കുടുംബം.

ബി.ജെ.പിയുടെ ഉന്നത നേതാക്കളെല്ലാം രൂപാണിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, നിരവധി ബി.ജെ.പി നേതാക്കൾ, ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ എന്നിവരുടെയെല്ലാം സാന്നിധ്യത്തിൽ രാജ്കോട്ടിലായിരുന്നു സംസ്കാരം. സംസ്കാരം നടത്തി മൂന്ന് മാസത്തിന് ശേഷമാണ് വിവാദം പുറത്തുവന്നത്. പൂക്കൾ, ടെന്റുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവയുടെ ബില്ലുകൾ മുൻ മുഖ്യമന്ത്രിയുടെ കുടുംബത്തിന് കൈമാറുകയായിരുന്നു. പണം ലഭിക്കാനുള്ളവർ കഴിഞ്ഞ മാസം വീട്ടുപടിക്കൽ എത്തി പണം ചോദിക്കാൻ തുടങ്ങിയപ്പോഴാണ് ബില്ലുകൾ പാർട്ടി അടച്ചിട്ടില്ലെന്ന് കുടുംബം തിരിച്ചറിഞ്ഞത്. മറ്റുമാർഗങ്ങളില്ലാതെ കുടുംബം കടങ്ങൾ വീട്ടാൻ തുടങ്ങി.

സംഭവം ഗുജറാത്തിലെ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. വിവാദത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് ബി.ജെ.പി നേതാക്കളാരും മറുപടി നൽകിയിട്ടില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സി.ആർ പാട്ടീൽ ഒഴിഞ്ഞുമാറി.

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിലായിരുന്നു വിജയ് ആർ. രൂപാണിയുടെ (69) മരണം. ദുരന്തത്തിൽ ഒരു യാത്രക്കാരൻ ഒഴികെ എല്ലാവരും മരിച്ചിരുന്നു. അപകടം നടന്ന് മൂന്നാംദിവസം ഡി.എൻ.എ പരിശോധനയിലൂടെയാണ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് രൂപാണി ഉണ്ടായിരുന്നത്. ലണ്ടനിലുള്ള മകളെ കാണാൻ പോകുകയായിരുന്നു അദ്ദേഹം.

വിമാനാപകടത്തിൽ അന്തരിക്കുന്ന രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് രൂപാണി. 1956 ആഗസ്റ്റിൽ മ്യാന്മറിലെ (അന്ന് ബർമ) യാംഗോനിലെ ജയിൻ ബനിയ കുടുംബത്തിലാണ് രൂപാണിയുടെ ജനനം. ബിസിനസ് ആവശ്യാർഥം കുടുംബം അവിടെ സ്ഥിരതാമസമായിരുന്നു. മ്യാന്മറിലെ രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് അവർ 1960ൽ ഗുജറാത്തിലെ രാജ്കോട്ടിലേക്ക് വന്നു. ധർമേന്ദ്രസിങ്ജി ആർട്സ് കോളജിൽനിന്ന് ബി.എയും സൗരാഷ്ട്ര സർവകലാശാലയിൽനിന്ന് എൽ.എൽ.ബിയും പാസായി. എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടർന്ന് ആർ.എസ്.എസിലും 1971ൽ ജനസംഘത്തിലും പിന്നീട് ബി.ജെ.പിയിലും അംഗമായി. 2016 ആഗസ്റ്റ് മുതൽ 2021 സെപ്റ്റംബർവരെയാണ് ഗുജറാത്തിന്റെ പതിനാറാം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്.

Tags:    
News Summary - BJP refuses to pay for ex-CM Vijay Rupani’s funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.