മോദി, അമിത് ഷാ, യൂട്യൂബർമാർ; ഉത്തർപ്രദേശിൽ വിപുല തന്ത്രങ്ങളുമായി ബിജെപി

ലഖ്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായി വിപുലമായ തന്ത്രങ്ങളുമായി ഭാരതീയ ജനതാ പാർട്ടി (ബിജെപി). അടുത്ത മാസം മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ നിതിൻ നബിൻ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കനത്ത പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ പാർട്ടി നേതൃയോഗം അന്തിമ രൂപം നൽകി. മഥുരയിൽ നടന്ന രണ്ട് ദിവസത്തെ ഉന്നതതല യോഗത്തിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച നിർണായക തീരുമാനങ്ങളുണ്ടായത്.

സംഘടനയെ ശക്തിപ്പെടുത്തുന്നതിനും അടിത്തട്ടിൽ സ്വാധീനം ഉറപ്പിക്കുന്നതിനുമായി മുതിർന്ന നേതാക്കൾ സംസ്ഥാനവ്യാപകമായി പര്യടനം നടത്തും. അടുത്ത മാസം മുതൽ ആരംഭിക്കുന്ന പ്രചാരണ പരിപാടികളുടെ രൂപരേഖ തയ്യാറാക്കിവരികയാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്തെ ബ്രജ്, പശ്ചിമ ഉത്തർപ്രദേശ്, കാൺപൂർ-ബുന്ദേൽഖണ്ഡ്, കാശി, അവധ്, ഗോരഖ്പൂർ എന്നീ എല്ലാ സംഘടനാ മേഖലകളെയും ഉൾപ്പെടുത്തി ആറ് ജൻ ആശീർവാദ യാത്രകൾ സംഘടിപ്പിക്കും. മുതിർന്ന സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ യാത്രകൾ ലഖ്‌നോവിൽ നടക്കുന്ന ബ്രഹ്മാണ്ഡ റാലിയോടെ സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യും.

പാർട്ടി പ്രവർത്തകരെയും താഴെത്തട്ടിലുള്ള കേഡറുകളെയും സജീവമാക്കുന്നതിനായി വിപുലമായ ഔട്ട്‌റീച്ച് പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബൂത്ത് തല കൺവെൻഷനുകളും ശക്തി കേന്ദ്ര കോൺഫറൻസുകളും സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇത്തരം യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഘടനക്കും സർക്കാരിനും പ്രവർത്തകർക്കിടയിൽ കൂടുതൽ സ്വീകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശ് മന്ത്രിമാരെ ഓരോ ജില്ലയുടെയും ചുമതല ഏൽപ്പിക്കും. ജില്ലാതലത്തിലെ മുതിർന്ന ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി അവരുടെ അഭിപ്രായങ്ങളും ആശങ്കകളും സർക്കാരിന്റെയും പാർട്ടിയുടെയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും മന്ത്രിമാർ നേരിട്ട് കേട്ടറിയും.

തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ പ്രവർത്തകർക്ക് മുൻഗണന നൽകുന്ന ‘കാര്യകർത്താ പ്രഥം’ എന്ന നയമാണ് പാർട്ടി മുന്നോട്ടുവെക്കുന്നത്. പ്രവർത്തകരുടെ അഭിപ്രായങ്ങൾക്ക് അർഹമായ വിലയും ആദരവും ഉറപ്പാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

ഇത്തരം കൂടിയാലോചനകളിൽ നിന്നും ലഭിക്കുന്ന ഫീഡ്‌ബാക്കുകൾ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലും പ്രധാന ഘടകമായി പരിഗണിക്കും. സിറ്റിങ് എംഎൽഎമാരുടെ പ്രകടനവും അതത് മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്താൻ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ സഹായിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ജില്ല യൂനിറ്റുകൾ പ്രമുഖ യൂട്യൂബർമാരുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും സഹായം തേടും. ഡിജിറ്റൽ ഔട്ട്‌റീച്ചിന് പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഇതോടൊപ്പം, വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്ത അർഹരായ വോട്ടർമാരെ കണ്ടെത്തി അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രത്യേക കാമ്പയിൻ മിഷൻ മോഡിൽ നടപ്പിലാക്കും.

Tags:    
News Summary - BJP plans big UP campaign with Modi, Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.