ക്ലാസ് മുറിയിൽ മുസ്‌ലിം വിദ്യാർഥിക്കുനേരെ തീവ്രവാദി അധിക്ഷേപം; ബംഗളൂരുവിൽ അധ്യാപകന് സസ്പെൻഷൻ

ബംഗളൂരു: ബംഗളൂരു പി.ഇ.എസ് സർവകലാശാലയിൽ മുസ്‌ലിം വിദ്യാർഥിക്കുനേരെ ആവർത്തിച്ച് തീവ്രവാദി അധിക്ഷേപം നടത്തി എന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പ്രഫ. ഡോ. മുരളീധർ ദേശ്പാണ്ഡേക്ക് എതിരെയാണ് നടപടി.

വെള്ളിയാഴ്ച ക്ലാസ് മുറിയിൽ 13 തവണ തുടർച്ചയായി അധ്യാപകൻ അധിക്ഷേപം ചൊരിഞ്ഞതിന്റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് വിദ്യാർഥി സംഘടന എൻ.എസ്.യു.ഐ ബംഗളൂരു സെൻട്രൽ ജില്ല കമ്മിറ്റി പ്രസിഡന്റ് രാഘവേന്ദ്ര ലക്ഷ്യരാജ് പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് വൈസ് ചാൻസലർ നടപടി സ്വീകരിച്ചത്.

സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നു എന്ന ഒറ്റ വരിയാണ് ഉത്തരവിലുള്ളത്. അഫാൻ എന്ന വിദ്യാർഥിയാണ് അധിക്ഷേപത്തിന് ഇരയായത്. "നിങ്ങളെപ്പോലുള്ള ആളുകൾ കാരണമാണ് ഇറാൻ യുദ്ധം ഉണ്ടായത്," "ട്രംപ് നിങ്ങളെ കൊണ്ടുപോകും," "നിങ്ങൾ വിഡ്ഢികളാണ്, നിങ്ങൾ നരകത്തിലേക്ക് പോകും" എന്ന് കൂടി പ്രഫസർ പറയുന്നുണ്ട്. 60ഓളം വിദ്യാർഥികൾക്ക് മുന്നിലാണ് ഈ പരാമർശങ്ങൾ നടത്തിയത്.

തെളിവാകാൻ സാധ്യതയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഇല്ലാതാക്കിയതായി ആരോപണം ഉയരുന്നുണ്ട്. അഫാനെ പിന്തുണച്ച ചില വിദ്യാർഥികളെ "ക്ലാസിനിടെ സംസാരിച്ചതിന്" സസ്‌പെൻഡ് ചെയ്തതായും വിവരമുണ്ട്.

Tags:    
News Summary - Bengaluru teacher suspended for allegedly abusing Muslim student in classroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.