ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയും ഹിന്ദുത്വ വാഴ്ചയും പ്രതിപാദിക്കുന്ന ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി ഇന്ത്യയിൽ തടഞ്ഞതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.
‘ദ ഹിന്ദു’ ദിനപത്രത്തിന്റെ മുൻ എഡിറ്റർ എൻ.റാം, സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര എന്നിവർ സംയുക്തമായും പ്രമാദ വിഷയങ്ങളിലെ പൊതുതാൽപര്യ വ്യവഹാരി അഡ്വ. മനോഹർ ലാൽ ശർമ വേറിട്ടും സമർപ്പിച്ച രണ്ട് ഹരജികളാണ് സുപ്രീംകോടതിയിൽ എത്തിയത്.
തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുമ്പാകെ തന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് അഡ്വ. മനോഹർ ലാൽ ശർമ ആവശ്യപ്പെട്ടപ്പോൾ അതംഗീകരിച്ച ചീഫ് ജസ്റ്റിസ് ഫെബ്രുവരി ആറിന് എടുക്കാമെന്നറിയിക്കുകയും ചെയ്തു.
ഡോക്യുമെന്ററി വിലക്ക് പൗരന്മാരുടെ മൗലികാവകാശ ലംഘനമായതിനാൽ ഭരണഘടനയുടെ 32ാം അനുഛേദ പ്രകാരമാണ് എൻ. റാം, പ്രശാന്ത് ഭൂഷൺ, മഹുവ മൊയ്ത്ര എന്നിവർ സംയുക്ത ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഡോക്യുമെന്ററി ഇന്ത്യയിൽ തടഞ്ഞത് ഭരണഘടനാ വിരുദ്ധമാണെന്ന് മൂവരും സംയുക്ത ഹരജിയിൽ ബോധിപ്പിച്ചു. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സെൻസർഷിപ് എടുത്തുകളഞ്ഞ് ഡോക്യുമെന്ററി ഓൺലൈനിലൂടെ കാണുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്ന് മൂവരും ആവശ്യപ്പെട്ടു.
അതിന്റെ ലിങ്ക് പങ്കുവെച്ച തങ്ങളുടെ ട്വീറ്റുകൾ കേന്ദ്ര ഉത്തരവ് പ്രകാരം ട്വിറ്റർ നീക്കം ചെയ്തത് പുനഃസ്ഥാപിക്കണം. ഭരണഘടനയുടെ 19(1)(എ) അനുഛേദം അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൽ ‘വിവരം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം’ കൂടി ഉൾപ്പെടുന്നതാണ്.
തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം എന്ന നിലയിൽ വാർത്താമാധ്യമങ്ങൾ അടക്കം മുഴുവൻ പൗരന്മാർക്കും ബി.ബി.സി ഡോക്യുമെന്ററി കാണാനും അഭിപ്രായം രൂപവത്കരിക്കാനും വിമർശിക്കാനും റിപ്പോർട്ട് ചെയ്യാനും നിയമപരമായി പ്രചരിപ്പിക്കാനും മൗലികാവകാശമുണ്ട്.
കേന്ദ്ര ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശത്തെ മൂന്നു തരത്തിലാണ് ഹനിക്കുന്നതെന്ന് ഹരജിയിൽ വിശദീകരിച്ചു. ഒന്ന്) ഡോക്യമെന്ററി തയാറാക്കിയ മാധ്യമപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യം. രണ്ട്) ഇന്ത്യാ ചരിത്രത്തിലെ ഒരു പ്രത്യേക കാലയളവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ തങ്ങളുടെ അഭിപ്രായം ഡോക്യുമെന്ററിയിൽ പറഞ്ഞവരുടെ അഭിപ്രായ സ്വാതന്ത്ര്യം. മൂന്ന്) ആ ഡോക്യുമെന്ററിയിലെ വിവരങ്ങൾ അറിയാനും അതേക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ ചർച്ച നടത്താനും ആഗ്രഹിക്കുന്ന ഹരജിക്കാർ അടക്കമുള്ള ഇന്ത്യക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.