ബംഗളൂരു: ഓട്ടോ എൽ.പി.ജി ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായി ഓട്ടോറിക്ഷ തൊഴിലാളികൾ. ബംഗളൂരുവിലെ 160ൽ അധികം പമ്പുകളിൽ 30ലധികം എണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. പ്രവർത്തിക്കുന്ന പമ്പുകളിൽ വാതകം നിറക്കാൻ മണിക്കൂറുകളോളം കാത്തിരിക്കണമെന്നും പലപ്പോഴും കൃത്യമായ ഷെഡ്യൂളുകളിലല്ല പമ്പുകളുടെ പ്രവർത്തനമെന്നും ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നു. പ്രവർത്തിക്കുന്ന പമ്പുകളിൽ വാതകം നിറക്കാനായി കിടക്കുന്ന ഓട്ടോറിക്ഷകളുടെ നീണ്ട നിര കാണാം. ഇന്ധനവില വർധനയും ക്ഷാമവും വലക്കുന്നതിനെ തുടർന്ന് നഗരത്തിൽ മിക്ക ഓട്ടോറിക്ഷകളും സർവിസ് നടത്തുന്നില്ല. കൂടാതെ, ചെലവ് ഭീമമായി വർധിച്ചതോടെ മീറ്ററിന് മുകളിലുള്ള നിരക്കാണ് ഇപ്പോൾ ഈടാക്കുന്നതും.
സ്റ്റോക്ക് ഇല്ലാത്തതിനാൽ പലപ്പോഴും പമ്പുകൾ അടച്ചിട്ട നിലയിലായിരിക്കും. അൽപ്പനേരത്തേക്ക് തുറന്നാൽ നീണ്ട നിര കാണാം. സ്റ്റോക്ക് തീരുന്നതോടെ വീണ്ടും അടക്കുകയും ചെയ്യും - ജെ.പി നഗറിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ പറയുന്നു. അതേസമയം, ഇന്ധന പ്രതിസന്ധിക്ക് മുമ്പുതന്നെ നിരക്ക് വർധിപ്പിച്ചതായും തൊഴിലാളികൾ പറയുന്നു. ലിറ്ററിന് 55 മുതൽ 60 രൂപ വരെയായിരുന്നു നേരത്തേ നിരക്ക്. ഇപ്പോൾ വിവിധ സ്വകാര്യ പമ്പുകളിൽ ലിറ്ററിന് 105 രൂപ, 120 രൂപ, 130 രൂപ എന്നിങ്ങനെ നൽകണം. പല പമ്പുകളിലും റേഷൻ അടിസ്ഥാനത്തിലാണ് വിതരണം. അതിനാൽ ഒരു വാഹനത്തിന് 10-12 ലിറ്റർ മാത്രമേ അനുവദിക്കൂവെന്നും തൊഴിലാളികൾ കൂട്ടിച്ചേർത്തു.
‘ഒരു യാത്രക്കാരനിൽ നിന്ന് 10 രൂപ അധികം ഈടാക്കിയാൽ സർക്കാർ പിഴ ചുമത്തും. എന്നാൽ പമ്പുകൾ ഗ്യാസിന് 130 രൂപ ഈടാക്കുമ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എവിടെയാണ്? മന്ത്രിമാർ എവിടെ?’ -വില വർധനവിനെതിരെ പ്രതിഷേധമുയർത്തി ഒരു ഡ്രൈവർ ചോദിച്ചു. കൂടാതെ അവശ്യ ഇന്ധനത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും റോഡ് നികുതികളും ഗതാഗത പിഴകളും പിരിക്കുന്നത് തുടരുകയും ചെയ്യുകയാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.