ജയ്പൂർ: മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധരാ രാജെ സിന്ധ്യയുമായി രഹസ്യ കൂട്ടുകെട്ടുണ്ടെന്ന ആരോപണങ്ങൾ തള്ളി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അഴിമതിക്കെതിരെ തന്റെ സർക്കാർ സീറോ ടോളറൻസ് നയമാണ് പിന്തുടരുന്നതെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.
15 വർഷം വെറും 15 തവണ മാത്രമേ വസുന്ധരയുമായി സംസാരിച്ചിട്ടുള്ളൂ. തന്റേതിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിലപാടുകളാണ് അവർക്ക്. ഒരു തരത്തിലും ഐക്യപ്പെടാൻ പറ്റില്ല. തന്റെ പരാമർശം വളച്ചൊടിക്കുകയായിരുന്നു മാധ്യമങ്ങൾ. 2020ൽ സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റും ചില കോൺഗ്രസ് നേതാക്കളും കലാപമുണ്ടാക്കിയപ്പോൾ രക്ഷിച്ചത് വസുന്ധരയാണെന്നായിരുന്നു ഗെഹ്ലോട്ട് പറഞ്ഞത്.
''മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, മുന്‍ നിയമസഭാ സ്പീക്കര്‍ കൈലാഷ് മേഘ്വാള്‍, എം.എൽ.എ ശോഭറാണി കുശ്വ എന്നീ മൂന്ന് ബി.ജെ.പി നേതാക്കളുടെ പിന്തുണ കൊണ്ടാണ് തന്റെ സര്‍ക്കാര്‍ രക്ഷപ്പെട്ടത്''- എന്നായിരുന്നു ധോല്‍പൂരില്‍ ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് ഗെഹ്‌ലോട്ട് പറഞ്ഞത്. ''കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ഗജേന്ദ്ര സിങ് ശെഖാവത്ത്, ധർമേന്ദ്ര പ്രധാന്‍ എന്നിവര്‍ ചേര്‍ന്ന് എന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തി. അവര്‍ രാജസ്ഥാനില്‍ പണം വിതരണം ചെയ്തു. എന്നാല്‍ അവര്‍ ഇപ്പോള്‍ ആ പണം തിരികെ വാങ്ങുന്നില്ല. എന്തുകൊണ്ടാണ് അവര്‍ എം.എൽ.എമാരില്‍ നിന്ന് പണം തിരികെ ആവശ്യപ്പെടാത്തതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു''-എന്നായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പരാമർശം.
'ധോൽപൂരിൽ വെച്ച് വസുന്ധരാജിയും കൈലാഷ്ജിയും തന്നെ സഹായിച്ചു എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ ആളുകൾ അത് തെറ്റിദ്ധരിച്ചു. വസുന്ധര എന്റെ അടുത്ത് വന്ന് ഞാൻ നിങ്ങൾക്കൊപ്പമാണ് എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല'-ഗെഹ്ലോട്ട് തന്റെ വാദം ന്യായീകരിച്ചു. ഇതിനെതിരെ ഗെഹ്ലോട്ട് തന്നെ അപമാനിച്ചുവെന്നാരോപിച്ച് വസുന്ധര രംഗത്തുവന്നിരുന്നു.
ഗെഹ്ലോട്ടിന്റെ പരാമർശത്തിനു പിന്നാലെ സച്ചിൻ പൈലറ്റ് വാർത്ത സമ്മേളനം വിളിച്ചിരുന്നു. ഗെഹ്ലോട്ടിന്റെ നേതാവ് വസുന്ധരയാണെന്നും സോണിയ അല്ലെന്ന് തെളിഞ്ഞതായും സച്ചിൻ പൈലറ്റ് ആരോപിച്ചു. പിന്നാലെ അഴിമതിക്കെതിരെ സംസ്ഥാനത്തുടനീളം പദയാത്രയും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.