മുരശു വിതച്ചത് 2000 കോടിയിലധികം രൂപയുടെ നാശനഷ്ടം; കരകയറും മുമ്പ് ആന്ധ്രപ്രദേശിന് അടുത്ത ചുഴലിക്കാറ്റ് ഭീഷണി
അമരാവതി: ആന്ധ്രപ്രദേശിനെ ദുരിതത്തിലാഴ്ത്തിയ മുരശു ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് ആകെ 2000 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കണക്ക്. കൃഷി, റോഡുകൾ, വൈദ്യുതി ശൃംഖല, ജലസേചന സംവിധാനങ്ങൾ എന്നീ മേഖലയിലാണ് വ്യാപക നാശമുണ്ടായത്. മുരസുവിന്റെ ആഘാതത്തിൽ നിന്നും പൂർണമായും മുക്തമാവുന്നതിന് മുമ്പെയാണ് സംസ്ഥാനത്തിന് മറ്റൊരു ചുഴലിക്കാറ്റ് ഭീഷണി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ ആന്ധ്ര തീരത്ത് വീണ്ടും ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കേന്ദ്രത്തിന്റെ അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസം, പുനരധിവാസം, തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണം എന്നിവക്കായി അടിയന്തിര ഇടപെടൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയന്റ് സെക്രട്ടറി ചിത്തരഞ്ജൻ ദാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ബാപട്ല, പൽനാട്, ഏലൂരു, ഈസ്റ്റ് ഗോദാവരി ജില്ലകളിലെ 60ഓളം സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റോഡ്, കെട്ടിട നിർമാണം തുടങ്ങിയ മേഖലക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. 888.84 കോടി രൂപയുടെ നാശനഷ്ടമാണ് ഈ മേഖലയിൽ കണക്കാക്കുന്നത്. 1,385 കിലോമീറ്ററിലധികം റോഡുകൾ തകർന്നു. 36 ഇടങ്ങളിൽ റോഡുകൾ ഒലിച്ചുപോവുകയും 65 കലുങ്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൃഷിമേഖലയിൽ 874.97 കോടി രൂപയുടെ നഷ്ടമുണ്ടായി. 1.43 ലക്ഷം ഹെക്ടറിലധികം കൃഷിയിടങ്ങളിലെ വിളകൾ നശിച്ചു. 1.86 ലക്ഷത്തോളം കർഷകരെ ഇത് ബാധിച്ചു. ഏലൂരു ജില്ലയിൽ നെൽകൃഷിയുടെ 90 ശതമാനത്തോളം നശിച്ചതായാണ് കണക്ക്. ഈസ്റ്റ് ഗോദാവരിയിൽ 80 ശതമാനം വരെ നെൽകൃഷിക്ക് നാശമുണ്ടായി. 6,756 ഹെക്ടറിലെ തോട്ടവിളകൾക്കും നാശമുണ്ടായി. 337.10 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ കണക്കാക്കുന്നത്. ജലസേചന സംവിധാനങ്ങൾക്ക് 136 കോടി രൂപയുടെയും പഞ്ചായത്തീരാജ് എൻജിനീയറിങ് മേഖലയ്ക്ക് 119 കോടി രൂപയുടെയും നഷ്ടമുണ്ടായി.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നവംബർ 15ന് രാവിലെയോടെ ശക്തമായ ന്യൂനമർദമായി മാറി. ഇത് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി നവംബർ 16ന് ചുഴലിക്കാറ്റായും 17ന് അതിതീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. വടക്കൻ ആന്ധ്രയിൽ ശക്തമായ കാറ്റിനും കനത്ത മഴക്കും സാധ്യതയുള്ളതിനാൽ ജനങ്ങളും കർഷകരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കനത്ത നാശനഷ്ടങ്ങളിൽ നിന്നും കരകയറുംമുമ്പ് 20 ദിവസത്തിനിടെ മൂന്നാമത്തെ ചുഴലിക്കാറ്റ് കൂടി എത്താനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.