പ്രതീകാത്മക ചിത്രം
ജമ്മുവിൽ പരീക്ഷാ തട്ടിപ്പ് സംഘം പിടിയിൽ; 14 പേർ അറസ്റ്റിൽ
ജമ്മു: ജമ്മു കശ്മീർ സർവിസ് സെലക്ഷൻ ബോർഡിന്റെ (ജെ.കെ.എസ്.എസ്.ബി) ഫിനാൻസ് അസിസ്റ്റന്റ് പരീക്ഷയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച 14 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പരീക്ഷ തുടങ്ങുന്നതിന് മുൻപായി വിവിധ പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പരീക്ഷയിൽ ക്രമക്കേട് നടത്താൻ ഒരു സംഘം പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലിസ് പ്രത്യേക പരിശോധന നടത്തുകയായിരുന്നു. ഉദ്യോഗാർഥികൾക്ക് ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങൾ വഴി ഉത്തരങ്ങൾ കൈമാറാനായിരുന്നു സംഘത്തിന്റെ നീക്കമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
ഇതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്തരങ്ങൾ ഉദ്യോഗാർഥികളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് സംഘം ഒരുക്കിയിരുന്നതെന്ന് പൊലിസ് വക്താവ് അറിയിച്ചു.
വിവരം ലഭിച്ചയുടൻ വിവിധ പൊലിസ് സംഘങ്ങളെ രൂപീകരിച്ച് പരീക്ഷാ കേന്ദ്രങ്ങൾക്ക് സമീപം നിയോഗിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 14 പേരെ പിടികൂടിയത്. പരീക്ഷാ ഹാളിനുള്ളിലുള്ള ഉദ്യോഗാർഥികൾക്ക് കൈമാറാൻ ഉപയോഗിക്കാനുദ്ദേശിച്ച വയർലെസ് റേഡിയോ സെറ്റുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു.
സംഭവത്തിൽ ദോമാന പൊലിസ് സ്റ്റേഷനിൽ മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് വിശദമായി അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും (എസ്.ഐ.ടി) രൂപീകരിച്ചു.
മത്സരപരീക്ഷകളുടെ സുതാര്യത തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.