കൊൽക്കത്ത: പ്രശസ്ത നർത്തകിയും നൃത്ത സംവിധായകയുമായ അമല ശങ്കർ (101) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്. ജൂണിൽ ജന്മദിനമാഘോഷിച്ച അമല 96ാം വയസ്സ് വരെ നൃത്തരംഗത്ത് സജീവമായിരുന്നു. മണിപ്പൂരി, ഭരതനാട്യം എന്നിവയിൽ ഇവർക്ക് പ്രാവീണ്യമുണ്ടായിരുന്നു.
കഥകളിയിലും അവഗാവമുണ്ട്. കലാരംഗത്തെ മികവിന് ബംഗാൾ സർക്കാർ 2011ൽ ബംഗാ ബിഭൂഷൻ പുരസ്കാരം നൽകി ആദരിച്ചിരുന്നു. 2012ലെ സംഗീത നാടക അക്കാദമിയുടെ ടാഗോർ രത്ന പുരസ്കാര ജേതാവാണ്.
നർത്തകനും പ്രശസ്ത കൊറിയോഗ്രാഫറും ആയിരുന്ന ഉദയ് ശങ്കറാണ് ഭർത്താവ്. പ്രമുഖ സിത്താർ വാദകൻ പണ്ഡിറ്റ് രവിശങ്കറിെൻറ സഹോദരനാണ് ഉദയ്. 1942ലായിരുന്നു വിവാഹം. പ്രശസ്ത സംഗീതജ്ഞനും നർത്തകനുമായ ആനന്ദ ശങ്കർ മകനാണ്. ബംഗാളി നടിയും നർത്തകിയുമായ മമത ശങ്കർ മകളാണ്. 1930കളിൽ നേതാജി സുഭാഷ് ചന്ദ്രബോസിെൻറ നിർദേശപ്രകാരം അമലയെ ഉദയ് ശങ്കറിനുകീഴിൽ നൃത്തം പഠിപ്പിക്കാനയച്ചതാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്.
1948ൽ ഉദയ് ശങ്കർ സംവിധാനം ചെയ്ത ‘കൽപന’ എന്ന ഹിന്ദി ചിത്രത്തിൽ അമല, ഉദയ് ശങ്കറിനൊപ്പം അഭിനയിച്ചിരുന്നു. 2012ലെ കാൻ ചലച്ചിത്രോത്സവത്തിൽ ‘കൽപന’ പ്രദർശിപ്പിച്ചിരുന്നു. അന്ന് 93ാം വയസ്സിൽ കാനിലെ റെഡ് കാർപറ്റിൽ ആദരിക്കപ്പെട്ട നർത്തകിയാണ് അമല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.