പാകിസ്താൻ താരങ്ങൾ ഇന്ത്യ വിടണമെന്ന് നവനിർമാൺസേന; താരങ്ങൾക്ക് പൊലീസ് സംരക്ഷണം

മുംബൈ: പാകിസ്താന്‍ താരങ്ങള്‍ ഇന്ത്യ വിടണമെന്ന എം.എന്‍.എസ് അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ പാക് താരങ്ങൾക്ക് സംരക്ഷണം നല്‍കുമെന്ന് മഹാരാഷ്ട്രാ പോലീസ്. മതിയായ രേഖകളുമായി താമസിക്കുന്ന എല്ലാ വിദേശികൾക്കും സംരക്ഷണം നല്‍കുമെന്ന് മുംബൈ ജോയിന്‍റ് പോലീസ് കമീഷണര്‍ ദേവന്‍ ഭാരതി അറിയിച്ചു.

ഇന്ത്യന്‍ സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനി നടീനടന്‍മാരും കലാകാരന്‍മാരും 48 മണിക്കൂറിനകം രാജ്യംവിടണമെന്നായിരുന്നു മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ അന്ത്യശാസനം. ഉറിയില്‍ പട്ടാള ക്യാമ്പിനുനേരേയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു എം.എൻ.എസിന്‍റെ ഭീഷണി.

പാകിസ്താന്‍ നടനും പാട്ടുകാരനുമായ ഫവാദ് ഖാന്‍, നടി മഹിറ ഖാന്‍, അലി സഫര്‍ എന്നിവരോടാണ് ഉടന്‍ ഇന്ത്യ വിട്ടു പോകാന്‍ ആവശ്യപ്പെട്ടത്. പാക് നടീനടന്മാര്‍ ഇന്ത്യന്‍ താരങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്നും പാക് താരങ്ങള്‍ക്ക് ഇന്ത്യ വിട്ടു പോകാനുള്ള അന്ത്യശാസനമാണിതെന്നും നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ ഭാര്യ ശാലിനി താക്കറെ പറഞ്ഞു.

പാക് താരങ്ങളെവെച്ച് സിനിമയോ ടെലിവിഷന്‍ പരിപാടികളോ ചെയ്യുന്ന സംവിധായകര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും തല്ലുകിട്ടുമെന്നും ഭീഷണിയുണ്ട്. അടുത്തമാസം റിലീസ് ചെയ്യാനിരിക്കുന്ന ‘എ ദില്‍ ഹായ് മുഷ്‌കില്‍’ എന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ ഫവദ് സഹതാരമായും ‘റയീസ്’ എന്ന ഷാറൂഖ് ഖാന്‍ ചിത്രത്തില്‍ മഹിര പ്രധാനവേഷത്തിലും എത്തുന്നുണ്ട്. രണ്ടു സിനിമകളും മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എം.എന്‍.എസ്. നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.