സ്ത്രീകള്‍ക്ക് ഹിജാബും പുരുഷന്മാര്‍ക്ക് താടിയും നിര്‍ബന്ധമല്ല –വനിതാ സൂഫി സെമിനാര്‍

ന്യൂഡല്‍ഹി: പുരുഷന്മാര്‍ക്ക് താടിയും സ്ത്രീകള്‍ക്ക് ഹിജാബും നിര്‍ബന്ധമല്ളെന്ന് ലോക സൂഫി ഫോറത്തോടനുബന്ധിച്ച് ആള്‍ ഇന്ത്യാ ഉലമാ ആന്‍ഡ് മശായിഖ് ബോര്‍ഡ് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച വനിതാ സൂഫി  സെമിനാര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ ഖുര്‍ആന്‍ പഠിച്ചാല്‍ മാത്രമേ സ്ത്രീകളുടെ പക്ഷത്തുനിന്നുള്ള വ്യത്യസ്തമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ ലഭിക്കൂവെന്നും പുരുഷമേധാവിത്വത്തിന് ഇസ്ലാം എതിരാണെന്നും സെമിനാറില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായാണ് വനിതാ സൂഫി സെമിനാര്‍ നടക്കുന്നത്.
‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്‍െറ മതം’ എന്ന് ഖുര്‍ആന്‍ വ്യക്തമായി നിഷ്കര്‍ഷിച്ചിട്ടുള്ളതുകൊണ്ട് പുരുഷന്മാര്‍ക്ക് താടിയും സ്ത്രീകള്‍ക്ക് ഹിജാബും നിര്‍ബന്ധമാണെന്ന് പറയാനാവില്ളെന്ന് വനിതാ സൂഫി സെമിനാറില്‍ അധ്യക്ഷതവഹിച്ച, ലോക സൂഫി ഫോറത്തിന്‍െറ  മുഖ്യസംഘാടക കൂടിയായ, ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയുമായി ബന്ധപ്പെട്ട സാദിയ ദഹ്ലവി വ്യക്തമാക്കി. ഖുര്‍ആന്‍ പഠിക്കാന്‍ സ്ത്രീകള്‍ മുന്നോട്ടവരുകയും സ്ത്രീയുടെ കോണില്‍നിന്ന് ഖുര്‍ആന്‍ വായിക്കുകയും വേണം. അപ്പോള്‍ മാത്രമേ സ്ത്രീപക്ഷത്തുനിന്നുള്ള വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരാധനകള്‍ അനുഷ്ഠിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ കലയിലൂടെയും സാഹിത്യത്തിലൂടെയും ദൈവസാമീപ്യം അനുഭവിക്കുന്നുണ്ടെന്ന് പാക് വംശജയും അമേരിക്കയില്‍ സൂഫി പ്രസ്ഥാനപ്രവര്‍ത്തകയുമായ ഡോ അസ്മ പറഞ്ഞു.
സൂഫിസത്തിലൂടെ ലോകം സമാധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ഹാര്‍വഡില്‍ സൂഫിസത്തില്‍ ഗവേഷണം നടത്തുന്ന അമേരിക്കയിലെ ബാബ മുഹ്യിദ്ദീന്‍ ദര്‍ഗയിലെ റുഖിയ്യ എലിസബത്ത് ലീഹുഡ് പറഞ്ഞു. സലഫിസവും വഹാബിസവുമാണ് ഭീകരത വ്യാപിപ്പിക്കുന്നതെന്നും അവര്‍ തന്നെയാണ് സൂഫിസത്തിന്‍െറ ഏറ്റവും വലിയ എതിരാളികളെന്നും പാകിസ്ഥാനില്‍ ലാഹോറിലെ ചിശ്തി ഖാന്‍ഖാഹില്‍ നിന്നുള്ള സുംബാല്‍ ഇഫ്തികാര്‍ പറഞ്ഞു. എന്നാല്‍, സൂഫിസത്തെ അതിജയിക്കാന്‍ വഹാബിസത്തിന് കഴിഞ്ഞിട്ടില്ളെന്നും പാകിസ്താനിലെ ഭൂരിഭാഗം ജനങ്ങളും ദര്‍ഗകളില്‍ സൂഫീ പാരമ്പര്യങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നും സുംബാല്‍ വ്യക്തമാക്കി.
  പുരുഷമേധാവിത്വത്തിനെതിരെയുള്ള ചിത്രമാണ് ഖുര്‍ആന്‍െറ പല ആയത്തുകളും നല്‍കുന്നതെന്ന് കാനഡയില്‍ നിന്നുള്ള അഫ്റാ ജലാബി പറഞ്ഞു. സൂഫിസത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുന്നതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും  അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്നേഹത്തെക്കുറിച്ചാണ് ഇസ്ലാം കൂടുതല്‍ സംസാരിച്ചിരിക്കുന്നതെന്നും മദീന പ്രവാചകസ്നേഹത്തിന്‍െറ നഗരമാണെന്നും സൗദി അറേബ്യയില്‍ നിന്നുള്ള നിമാ നവാബ് ചൂണ്ടിക്കാട്ടി. സാദിയ ദഹ്ലവി നേതൃത്വം നല്‍കിയ കൂട്ടുപ്രാര്‍ഥനയോടെയാണ് സെമിനാര്‍ സമാപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.