പി.എസ്.എല്‍.വി സി-34ന്‍റെ ചരിത്ര വിക്ഷേപണം വിജയകരം

ബംഗളൂരു: രാജ്യത്തിന്‍െറ ഉപഗ്രഹ വിക്ഷേപണ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് 20 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-34ന്‍െറ വിജയക്കുതിപ്പ്. ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് -2 സി ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ബുധനാഴ്ച രാവിലെ 9.26ന് ഐ.എസ്.ആര്‍.ഒയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന് പറന്നുയര്‍ന്നത്. 26 മിനിറ്റിനകം എല്ലാ ഉപഗ്രഹങ്ങളും 505 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തിലത്തെിച്ചു.

ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശ വാഹനമെന്നറിയപ്പെടുന്ന പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍െറ (പി.എസ്.എല്‍.വി) 36ാമത്തെ ദൗത്യവും ഇതോടെ വിജയമായി. തിങ്കളാഴ്ച രാവിലെ 9.26ന് കൗണ്ട്ഡൗണ്‍ ആരംഭിച്ച് 48 മണിക്കൂറിന് ശേഷമായിരുന്നു വിക്ഷേപണം. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച രാജ്യങ്ങളില്‍ ഇതോടെ ഇന്ത്യ മൂന്നാമതത്തെി. റഷ്യ 37ഉം അമേരിക്ക 29ഉം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തയച്ചിരുന്നു. 2008 ഏപ്രില്‍ 28ന് പി.എസ്.എല്‍.വി സി-9ല്‍ ഇന്ത്യയുടെ രണ്ടും വിദേശ രാജ്യങ്ങളില്‍നിന്നുള്ള എട്ടും ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്കയച്ചതായിരുന്നു ഇന്ത്യയുടെ വിക്ഷേപണ ചരിത്രത്തിലെ റെക്കോഡ്.

കാര്‍ട്ടോസാറ്റ് -2സിക്കൊപ്പം പുണെ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്നുള്ള ‘സ്വയം’, ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍നിന്നുള്ള ‘സത്യഭാമ സാറ്റ്’ എന്നിവയുടെയും യു.എസ്.എ, കനഡ, ജര്‍മനി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 17 ചെറു ഉപഗ്രഹങ്ങളുടെയും വിക്ഷേപണമാണ് നടന്നത്. 1288 കിലോഗ്രാമാണ് 20 ഉപഗ്രഹങ്ങളുടെയും കൂടി ഭാരം.

ഇന്ത്യയില്‍നിന്നുള്ള ഉപഗ്രഹങ്ങള്‍ക്ക് പുറമെ ഇന്തോനേഷ്യയുടെ ലാപാന്‍ എ-3, ജര്‍മനിയുടെ ബിറോസ്, കാനഡയുടെ എം ത്രി എംസാറ്റ്, ജി.എച്ച്.ജി സാറ്റ് -ഡി എന്നിവയും അമേരിക്കയുടെ 13 ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ബുധനാഴ്ച വിക്ഷേപിച്ചവയില്‍ കാര്‍ട്ടോസാറ്റ് -2 ശ്രേണിയിലെ നാലാമത്തെ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -2 സി സൈനിക ആവശ്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രയോജനപ്പെടുക. 725.5 കിലോഗ്രാം ഭാരമുള്ള ഇതിന്‍െറ പ്രധാന ദൗത്യം ബഹിരാകാശത്തുനിന്ന് ഭൂമിയെ നിരീക്ഷിക്കുകയാണ്. ശക്തിയേറിയ പാന്‍ക്രോമറ്റിക് കാമറ ഉപയോഗിച്ച് 600 കിലോമീറ്റര്‍ പരിധിയിലെ സൂക്ഷ്മമായ ചിത്രങ്ങളും വിഡിയോയും ഉപഗ്രഹം അയക്കും.

അഹ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷന്‍സ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച ഉപഗ്രഹം പിന്നീട് ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
വിക്ഷേപണത്തെ ‘മഹത്തായ നേട്ടം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനായി പ്രയത്നിച്ച ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെയും ചരിത്ര നേട്ടത്തില്‍ പങ്കാളികളായ രണ്ട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളെയും ട്വിറ്ററില്‍ അഭിനന്ദിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ശാസ്ത്രജ്ഞരെ അഭിനന്ദനം അറിയിച്ചു.

Full View
Video Courtesy: The Hindu
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.