സ്റ്റേറ്റ് ബാങ്ക് ലയനം: നടപടിക്രമങ്ങള്‍ക്ക് തുടക്കമായി

മുംബൈ: അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കായി പ്രത്യേക സമിതി രൂപവത്കരിച്ചു. ശക്തമായ രാഷ്ട്രീയപ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, സര്‍ക്കാര്‍ അനുമതിപോലും ലഭിക്കുന്നതിനുമുമ്പാണ് എസ്.ബി.ഐയുടെ നടപടി. എന്നാല്‍, ഭാരതീയ മഹിളാ ബാങ്കിനെ ലയിപ്പിക്കല്‍ ഈ ഘട്ടത്തിലുണ്ടാകുമോ എന്നത് വ്യക്തമായിട്ടില്ല.
15-20 അംഗങ്ങളുള്ള സമിതിക്കാണ് എസ്.ബി.ഐ രൂപംനല്‍കിയത്. ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഇവര്‍ പ്രവര്‍ത്തനം തുടങ്ങിയതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഒരു ജനറല്‍ മാനേജരും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരുമടങ്ങിയതാണ് സമിതി.
മാനേജിങ് ഡയറക്ടര്‍ വി.ജി. കണ്ണന്‍െറ നേതൃത്വത്തിലെ അസോസിയേറ്റ് ആന്‍ഡ് സബ്സിഡിയറീസ് വകുപ്പിന്‍െറ മേല്‍നോട്ടത്തിലാണ് സമിതിക്ക് രൂപം നല്‍കിയത്. എല്ലാം ശരിയായി നടന്നാല്‍ മൂന്നു നാലു മാസങ്ങള്‍ക്കുള്ളില്‍ നടപടിയാരംഭിക്കുമെന്ന് വി.ജി. കണ്ണന്‍ പറഞ്ഞു.
അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാബാങ്കും തങ്ങളുമായി ലയിപ്പിക്കാനുള്ള ശിപാര്‍ശ കഴിഞ്ഞമാസമാണ് എസ്.ബി.ഐ ബോര്‍ഡ് സര്‍ക്കാറിന് മുമ്പാകെ സമര്‍പ്പിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനേര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണ് ലയിപ്പിക്കുന്ന അനുബന്ധ ബാങ്കുകള്‍.
 സര്‍ക്കാര്‍ നിര്‍ദേശം വിലയിരുത്തുകയാണെന്നും ഉടന്‍ അഭിപ്രായമറിയിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഈയിടെ പ്രതികരിച്ചിരുന്നു. തീരുമാനം ധിക്കാരമാണെന്ന് പ്രതികരിച്ച തൊഴിലാളി യൂനിയനുകള്‍ പണിമുടക്കിനും ആഹ്വാനം ചെയ്തിരുന്നു.
നിര്‍ദേശത്തിനെതിരെ ആദ്യം പ്രതികരിച്ച സര്‍ക്കാര്‍ കേരളത്തിലേതാണ്. എസ്.ബി.ടി കേരളത്തിന്‍െറ ബാങ്കാണെന്നും അത് അങ്ങനെതന്നെ നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.