ജൂഡിത്തിനെക്കുറിച്ചോര്‍ത്ത് ആശങ്കയോടെ കുടുംബം

കൊല്‍ക്കത്ത: അഫ്ഗാനിസ്താനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കൊല്‍ക്കത്ത സ്വദേശിനി ജൂഡിത് ഡിസൂസയുടെ കുടുംബം ആശങ്കയില്‍. മകളെ തട്ടിക്കൊണ്ടുപോയ വിവരം പിതാവ് ഡെന്‍സില്‍ ഡിസൂസ അറിയുന്നത് വ്യാഴാഴ്ച അര്‍ധരാത്രിയാണ്. കാബൂളിലെ ഇന്ത്യന്‍ എംബസി അധികൃതരുടെ ഫോണ്‍ വിളി വന്നതിനുശേഷം ആ രാത്രി വീട്ടില്‍ ആരും ഉറങ്ങിയിട്ടില്ല. ശാരീരിക അവശതമൂലം ഡെന്‍സിലിനെ രാവിലെതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്‍ക്കത്തയിലെ എന്‍റല്ലി കോളനിയില്‍ താമസിക്കുന്ന വയോധികരായ മാതാപിതാക്കളും സഹോദരങ്ങളുമടങ്ങുന്ന ജൂഡിത്തിന്‍െറ കുടുംബം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്.

രണ്ടുദിവസം മുമ്പും ജൂഡിത് വീട്ടിലേക്ക് വിളിച്ചിരുന്നെന്ന് മാതാവ് ഗ്ളോറിയ പറഞ്ഞു. ഒരുമാസത്തെ അവധിക്ക് ജൂഡിത് ഈ മാസം 15ന് നാട്ടിലത്തൊനിരുന്നതാണ്. വരുമ്പോള്‍ മാതാവിന് എന്താണ് കൊണ്ടുവരേണ്ടതെന്ന് ചോദിച്ചതായും ഗ്ളോറിയ ഓര്‍ക്കുന്നു.ഒരു വര്‍ഷമായി കാബൂളില്‍ ആഗാ ഫൗണ്ടേഷനുവേണ്ടി ജോലിചെയ്യുകയായിരുന്നു നാല്‍പതുകാരിയായ ജൂഡിത്. മുമ്പും അവര്‍ കാബൂളില്‍ ജോലി ചെയ്തിട്ടുണ്ട്. കാബൂളില്‍ ജീവിക്കാന്‍ തനിക്ക് ഇഷ്ടമാണെന്ന് ജൂഡിത് പറയാറുണ്ടെന്നും ഒരിക്കലും സുരക്ഷാ ഭീഷണി നേരിട്ടിട്ടില്ളെന്നും മാതാവ് പറഞ്ഞു. സര്‍ക്കാര്‍ നടപടികളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചതായി അറിയില്ളെന്നും ജുതിത്തിന്‍െറ സഹോദരന്‍ ജെറോം പറഞ്ഞു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ട് ജൂതിത്തിന്‍െറ മോചനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.
ജോലിയുടെ ഭാഗമായി അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, കസാഖ്സ്താന്‍, മൊറീഷ്യസ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ജൂഡിത് സന്ദര്‍ശിച്ചിട്ടുണ്ട്. എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, ഇന്‍റര്‍നാഷനല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്‍റ് തുടങ്ങിയ എന്‍.ജി.ഒകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആംഗ്ളോ ഇന്ത്യന്‍ കുടുംബാംഗമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.