പാട്ടുപാടി തോറ്റ അനുഭവം പങ്കിട്ട് രാഹുല്‍

ന്യൂഡല്‍ഹി: ആദ്യവും അവസാനവുമായി പൊതുവേദിയില്‍ പാട്ടുപാടാന്‍ ശ്രമിച്ച ഓര്‍മ പങ്കുവെച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ് പ്രമുഖ ഗായിക ശുഭ മുദ്ഗലിന് സമ്മാനിച്ച ചടങ്ങിലാണ് തന്‍െറ പാട്ടനുഭവം രാഹുല്‍ സദസ്സിനോട് വിവരിച്ചത്.

34 വര്‍ഷം മുമ്പ് സ്കൂളില്‍ പഠിക്കുമ്പോഴാണ് പാട്ടുപാടാന്‍ നിര്‍ബന്ധിതനായത്. ക്ളാസിലെ എല്ലാവരും പാടണമെന്നായിരുന്നു സീനിയര്‍ കുട്ടികളുടെ നിര്‍ദേശം. സ്റ്റൂളില്‍ കയറ്റിനിര്‍ത്തി.

പക്ഷേ, ഒന്നും നാവില്‍നിന്ന് ഉതിര്‍ന്നുവീണില്ല. എന്തെങ്കിലും പാടണമെന്ന് കൂട്ടുകാര്‍ ഒച്ചവെച്ചപ്പോള്‍ എന്തോ പാടിയെന്നു വരുത്തി സ്റ്റൂളില്‍നിന്ന് ചാടി. ഇത് പാട്ടല്ല, വെറും ഒച്ചയാണെന്ന പരിഹാസമാണ് പിന്നാലെ വന്നത്. അന്നത്തെ പാട്ട് പൊതുവേദിയിലെ തന്‍െറ ആദ്യത്തേതും അവസാനത്തേതുമായ ഗാനമായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. തനിക്ക് പാട്ട് ഏറെ ഇഷ്ടമായിരുന്നു. 34 വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് പാട്ടു പാടാന്‍ അറിയില്ല. അതുകൊണ്ട് പ്രസംഗിക്കാനുള്ള വക ഓണ്‍ലൈനില്‍ പരതിയ ശേഷമാണ് പരിപാടിക്ക് എത്തിയതെന്നും രാഹുല്‍ പറഞ്ഞു.

ഗാനം കര്‍ണപുടങ്ങളെ സന്തോഷിപ്പിക്കുന്നു. പക്ഷേ, ഒച്ച ചെവിയിലേക്ക് അസുഖകരമായി കടന്നുകയറുകയാണ് ചെയ്യുന്നത്. പാടുമ്പോള്‍ ഗായകനും ശ്രോതാവുമായി സ്വരച്ചേര്‍ച്ച ഉണ്ടാവുന്നു. മാനസികമായൊരു കൂട്ടായ്മയാണത്. നല്ളൊരു ആസ്വാദകനായ രാജീവ് ഗാന്ധി അതിനു ശ്രമിച്ചയാളാണ്. ഇന്ത്യയുടെ താളം തെറ്റിച്ച് സമൂഹത്തെ  ഭിന്നിപ്പിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ശ്രമം നടക്കുകയാണ്.
ഒറ്റപ്പെടുത്തുന്നതും അവഹേളിക്കുന്നതും പീഡിപ്പിക്കുന്നതുമാണ് അക്കൂട്ടര്‍ക്ക് ഇഷ്ടം. ഇന്ത്യയെ നയിക്കുന്നത് തങ്ങളാണെന്ന തോന്നലിലാണ് അവര്‍. ഇന്ത്യയെ ഒന്നായി കാണുന്നവരെ ആദരിക്കുന്ന പാരമ്പര്യമാണ് ബഹുഭൂരിപക്ഷത്തിന്‍േറതെന്നും രാഹുല്‍ ഗാന്ധി
കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.