ശരദ് പവാറിന്‍റെ 75ാം പിറന്നാൾ മാമാങ്കം ഇന്ന്

ന്യൂഡൽഹി: രാഷ്ട്രീയ ഈഹാപോഹമുയർത്തി എൻ.സി.പി നേതാവ് ശരദ് പവാറിെൻറ ഒരു വർഷം നീളുന്ന 75ാം പിറന്നാളാഘോഷത്തിന് ഡൽഹിയിൽ വ്യാഴാഴ്ച തുടക്കം. രാഷ്ട്രീയ വൈരം മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വിജ്ഞാൻ ഭവനിൽ നടക്കുന്ന പിറന്നാൾ മാമാങ്കത്തിൽ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി തുടങ്ങിയവർ ‘അമൃത മഹോത്സവ’ത്തിൽ വിശിഷ്ടാതിഥികളാണ്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അതികായനുള്ള മോഹങ്ങളെക്കുറിച്ചാണ്  ഈഹാപോഹം. 2017ൽ നടക്കേണ്ട രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾക്ക് ആരവം ഉയരുമ്പോഴാണ് ഒരു വർഷത്തെ പിറന്നാൾ ആഘോഷം സമാപിക്കുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള ബന്ധം ഉലഞ്ഞതിനാൽ ബി.ജെ.പിക്കാകട്ടെ, പവാറിനെ കൈയിലെടുക്കണമെന്ന മോഹമുണ്ട്.

കോൺഗ്രസ് നയിക്കുന്ന യു.പി.എയിലെ സഖ്യകക്ഷിയാണെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പവാറുമായുള്ള കൂടിക്കാഴ്ചകളും സമ്പർക്കവും ഈഷ്മളവുമാണ്. ബിഹാറിലെ തെരഞ്ഞെടുപ്പു തോൽവിയോടെ പ്രതിപക്ഷ നിരയിൽ വിള്ളൽ വീഴ്ത്തണമെന്ന രാഷ്ട്രീയതന്ത്രവും പവാറുമായുള്ള ബന്ധത്തിലൂടെ മോദി പയറ്റുന്നു. ബിഹാറിൽ മതനിരപേക്ഷ ചേരിയിൽ പവാർ പങ്കാളിയായിരുന്നില്ല.

പവാറിെൻറ അരനൂറ്റാണ്ടു നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനുള്ള ആദരമെന്ന നിലയിലാണ് ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ എൻ.സി.പി സംഘടിപ്പിക്കുന്നത്. 1967ലാണ് പവാർ ആദ്യമായി മഹാരാഷ്ട്ര നിയമസഭാംഗമായത്. പിന്നെ മുഖ്യമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ അതികായനായി വളർന്നു. ’99ൽ സോണിയയുമായി തെറ്റി കോൺഗ്രസ് വിട്ടെങ്കിലും, പിന്നീട് കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് അത് തടസ്സമായില്ല. ഡൽഹിക്ക് പിന്നാലെ മുംബൈ, പുണെ, ബാരാമതി എന്നിവിടങ്ങളിലും ആഘോഷമുണ്ട്. പിറന്നാൾ ആഘോഷിക്കുന്ന നേതാവിനെ കേരളത്തിൽനിന്നുള്ള എൻ.സി.പി സംഘം ഡൽഹിയിൽ ചെന്നുകണ്ട് സന്തോഷം അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ ആറന്മുള കണ്ണാടി ശരദ് പവാറിന് സമ്മാനിച്ചു. എ.കെ. ശശീന്ദ്രൻ എം.എൽ.എ, ജിമ്മി ജോർജ്, ടി.പി. പീതാംബരൻ, റസാഖ് മൗലവി, സുൽഫിക്കർ മയൂരി തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.