‍നാശം വിതച്ച്​ വർദ : മരണം 18; ചെ​െന്നെ സാധാരണ നിലയിലേക്ക്​

 ചെന്നൈ: ആറുമണിക്കൂര്‍കൊണ്ട് ചെന്നൈ ഉള്‍പ്പെടെ മൂന്ന് ജില്ലകളെ ചുഴറ്റിയെറിഞ്ഞ വര്‍ദ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ കോടികളുടെ നഷ്ടം. തീരദേശ ജില്ലകളായ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ നഷ്ടത്തിന്‍െറ കണക്കെടുപ്പ് തുടങ്ങി. സംസ്ഥാനത്ത് മരണസംഖ്യ പതിനെട്ടായി.  നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെന്നൈയില്‍ നാലുപേരും കാഞ്ചീപുരത്തും തിരുവള്ളൂരും രണ്ടുപേര്‍ വീതവും വില്ലുപുരം, നാഗപട്ടണം എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മറ്റു ജില്ലകളില്‍ മരിച്ചവരുടെ വിശദ വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ആയിരത്തോളം വീടുകള്‍ക്കാണ് കേടുപാടു സംഭവിച്ചത്.  ലക്ഷത്തോളം മരങ്ങള്‍ കടപുഴകി. 5,000 വൈദ്യുതി തൂണുകള്‍ നിലംപൊത്തി. വ്യാപകമായി കൃഷി നശിച്ചു. തമിഴ്നാട്ടില്‍ മാത്രം 6,749 കോടിയുടെ നഷ്ടം സംഭവിച്ചതായി വ്യവസായികളുടെ ദേശീയ സംഘടനയായ ‘അസോചാം’ വ്യക്തമാക്കി.  

1994നു ശേഷം ചെന്നൈ കണ്ട ശക്തിയേറിയ ചുഴലിക്കാറ്റാണ് വര്‍ദ എന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേവരെ 10 സെന്‍റീമീറ്റര്‍ മഴ രേഖപ്പെടുത്തി. ദക്ഷിണ കര്‍ണാടകയിലും വടക്കന്‍ കേരളത്തിലും കനത്ത  മഴക്കു സാധ്യതയുണ്ട്. ഈ മേഖലകളില്‍ മൂടിക്കെട്ടിയ ആകാശമാണ്. ബുധനാഴ്ച ദക്ഷിണ ഗോവയിലൂടെ കടന്നുപോകുന്ന വര്‍ദ നല്ല മഴക്ക് കാരണമാകും. ഗോവയിലെ അന്തരീക്ഷ താപനില ഉയരുമെന്നും രണ്ടു ദിവസം മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

 

Tags:    
News Summary - 18 people killed in Cyclone Vardah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.