ഭോപ്പാൽ: മധ്യപ്രദേശിൽ വിവിധ ഇടങ്ങളിൽ കാർബൈഡ് ഗൺ എന്നറിയപ്പെടുന്ന പടക്കം ഉപയോഗിച്ച് 14 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു. 122 കുട്ടികളെ കണ്ണിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി കുട്ടികൾ വ്യാപകമായി കാർബൈഡ് ഗണ്ണുകൾ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്. ദേശി ഫയർ ക്രാക്കർ ഗണ്ണെന്നും അറിയപ്പെടുന്ന ഇവ ടിൻ പൈപ്പും വെടി മരുന്നും ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഇവ പൊട്ടിത്തെറിച്ച് കുട്ടികളുടെ മുഖത്തും കണ്ണുകളിലും പരിക്കേൽക്കുകയായിരുന്നു.
കാർബൈഡ് ഗണ്ണുകൾ വിൽക്കുന്നത് മധ്യപ്രദേശ് സർക്കാർ നേരത്തെ വിലക്കിയിരുന്നു. യൂടൂബ് നോക്കി ഫയർ ഗൺ നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് പരിക്കേറ്റെന്നാണ് ഒരു കുട്ടി പറഞ്ഞത്. താൻ വാങ്ങിയ വീട്ടിൽ നിർമിച്ച ഫയർ ക്രാക്കർ പടക്കം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് ചികിത്സയിലുള്ള മറ്റൊരു പെൺകുട്ടി പറഞ്ഞു.
പടക്കങ്ങൾ ഉപയോഗിക്കരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം കേസുകൾ വർധിച്ചു വരികയാണെന്നാണ് ഭോപ്പാൽ, ഇന്ദോർ, ജബൽപ്പൂർ തുടങ്ങിയ ഇടങ്ങളിലെ ഡോക്ടർമാർ പറയുന്നത്. ഇത്തരം പടക്കങ്ങൾ കളിപ്പാട്ടങ്ങളെല്ലെന്നും സ്ഫോടക വസ്തുക്കളാണെന്നുമാണ് ഡോക്ടർമാർ പറയുന്നു.
150 മുതൽ 200 രൂപ വരെ വില വരുന്ന ഇത്തരം ഗൺ തോക്കുകൾ കളിപ്പാട്ടമായാണ് കടകളിൽ വിൽക്കുന്നത്. ഇവയിൽ നിന്നുള്ള തീ കണ്ണിന്‍റെ റെറ്റിനയെ തകർക്കുമെന്ന് അവർ പറയുന്നു. ഇത്തരം അപകടകരമായ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയക്ക് വലിയ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.