ഒബാമയുടെ സ്വന്തം വന്യമൃഗം

അമേരിക്ക ഒരു പൈശാചിക രാഷ്ട്രമാണെന്ന് പറയുന്നവരുണ്ട്. അമേരിക്ക സ്വന്തം നിലക്കും കുറേ രാജ്യങ്ങളെ പൈശാചിക ലിസ്റ്റില്‍പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ഇരുകൂട്ടരും സമ്മതിക്കുന്നൊരു കാര്യം അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ യാത്ര ചെയ്യുന്ന കാറൊരു ‘വന്യമൃഗ’മാണെന്നതാണ്. ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റ്. ഒരുപക്ഷേ ഏറ്റവും വെറുക്കപ്പെടുന്നവനും. അയാളുടെ സഞ്ചാരവും താമസവും വിനോദങ്ങളും വാര്‍ത്തയാകാറുണ്ട്. ആകാശത്തിലൂടെയും കരയിലൂടെയും സഞ്ചരിക്കാന്‍ മറ്റ് മനുഷ്യര്‍ക്കില്ലാത്ത ചില വാഹനങ്ങളാണ് പ്രസിഡന്‍റ് ഉപയോഗിക്കുന്നത്. അതൊരുപക്ഷേ, അവരുടെ ഗതികേടാകാം, ശക്തിപ്രകടനമാകാം, ധാര്‍ഷ്ട്യമാകാം. എയര്‍ഫോഴ്സ് വണ്‍ എന്ന വിമാനവും ഗ്രൗണ്ട് ഫോഴ്സ് വണ്‍ എന്ന ബസും ബീസ്റ്റ് ലിമോസിന്‍ എന്ന കാറുമാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ യാത്രാ ഉപകരണങ്ങള്‍. കടലിലൂടെയുള്ള സഞ്ചാരം അപൂര്‍വമാണ്. 1977 വരെ സ്വന്തമായി യു.എസ്.എസ് സെക്കോയ എന്ന പേരില്‍ ഒരു യാച്ച് ഇതിനായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ വാടകക്കെടുക്കുകയാണ് ചെയ്യുന്നത്.1897 മുതല്‍ 1901 വരെ പ്രസിഡന്‍െറായിരുന്ന വില്യം മക്കെന്‍ലിയാണ് കാറില്‍ യാത്രചെയ്ത ആദ്യ അമേരിക്കന്‍ പ്രസിഡന്‍െറ്. ലിങ്കണ്‍ സീരീസ് ലിമോസിനുകളായിരുന്നു ഏറെക്കാലം  പ്രസിഡന്‍െറുമാരുടെ വാഹനം. 1963 നവംബര്‍ 23ന് 35ാമത്തെ പ്രസിഡന്‍െറായിരുന്ന ജോണ്‍.എഫ്.കെന്നഡി കൊല്ലപ്പെടുന്നത് ലിങ്കണ്‍  കോണ്ടിനെന്‍റല്‍ കണ്‍വര്‍ട്ടബിളില്‍ യാത്ര ചെയ്യുമ്പോഴാണ്. ഈ സംഭവം അമേരിക്കയെ വല്ലാതെ ഉലച്ചിരുന്നു. സുരക്ഷയെ പറ്റിയുള്ള ഗൗരവകരമായ ചിന്ത ലോക പോലീസിനുണ്ടാകുന്നതും അന്ന് മുതലാണ്.നാല് പ്രസിഡന്‍െറുമാര്‍ കൊല്ലപ്പെട്ട ഒരു രാജ്യത്തിനുണ്ടാകുന്ന സ്വാഭാവിക ഭയം. 2009 മുതലാണ് നിലവിലെ ബീസ്റ്റ് സീരീസ് വൈറ്റ്ഹൗസിലത്തെുന്നത്. 

1.ബീസ്റ്റ് ഒറ്റക്കല്ല 
അമേരിക്കയില്‍ ധാരാളം കാടന്‍മാരുണ്ട്. പറഞ്ഞത് ബീസ്റ്റിനെ പറ്റിയാണ്. ഒമ്പതെന്നും 12 എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രവര്‍ത്തനത്തിലും രൂപത്തിലും ഇവ തമ്മില്‍ വ്യത്യാസമുണ്ട്. പലപ്പോഴും നിരവധി കാറുകളുടെ അകമ്പടിയിലാണ് പ്രസിഡന്‍റിന്‍െറ സഞ്ചാരം. ശത്രുക്കളെ ആശയകുഴപ്പിലാക്കാന്‍. ചില ബീസ്റ്റുകള്‍ ഉന്നത ഉദ്യോഗസ്ഥരും ഭരണ രംഗത്തുള്ളവരും ഉപയോഗിക്കുന്നു. 
2. ഇപ്പോഴത്തെ ബീസ്റ്റ് 
ലോകത്ത് നിലവില്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങളുമായൊന്നും താരതമ്യമില്ലാത്ത ഒന്നാണ് ബീസ്റ്റ്. എത്ര പണം മുടക്കിയാലും ഒരു ബീസ്റ്റ് നിങ്ങള്‍ക്ക് സ്വന്തമാക്കാനാകില്ല. അമേരിക്കന്‍ വാഹന ഭീമന്‍മാരായ ജനറല്‍ മോട്ടോഴ്സാണ് വാഹനം നിര്‍മിക്കുന്നത്. നിര്‍മാണ മേല്‍നോട്ടം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എക്കും. വെടിയേല്‍ക്കില്ല, ബോംബ് വീണാല്‍ പൊട്ടില്ല, പഞ്ചറാകില്ല എന്നൊക്കെ പറഞ്ഞാല്‍ ബീസ്റ്റിനത് കുറച്ചിലാണ്. കാരണം ഇതൊന്നുമാകാത്ത കാറുകള്‍ ചില കോടികള്‍ മുടക്കിയാല്‍ ആര്‍ക്കും ലഭിക്കും. അപ്പോഴവനൊരു സംഭവമാണ്. അറിയാത്തതും അറിയുന്നതും അറിയിക്കാന്‍ ആഗ്രഹിക്കാത്തതും ഒക്കെ കൂട്ടിക്കുഴച്ച മൃഗം. 
3. ബീസ്റ്റൊരു കാഡിലാക്കല്ല
ജനറല്‍ മോട്ടോഴ്സിന്‍െറ അത്യാഡംബര വാഹനങ്ങളുടെ ബ്രാന്‍ഡാണ് കാഡിലാക്. ബീസ്റ്റിന്‍െറ രൂപഭാവങ്ങളും ഗ്രില്ലും കാഡിലാക്കിന് സമമാണ്. എന്നാല്‍ ഇതൊരു കാഡിലാക്കല്ല. ഷാസിയോ, എഞ്ചിനോ, പ്ളാറ്റ്ഫോമോ ട്രാന്‍സ്മിഷനോ ഒന്നും മറ്റ് കാഡിലാക്കുകളുമായി സാമ്യപ്പെടുത്താനുമാകില്ല. ജി.എമ്മിന്‍െറ കോഡിയാക്ക് ട്രക്കുകളുടെ ഷാസി, എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ തുടങ്ങിയവയാണ് ബീസ്റ്റിന്. 18 അടി നീളവും അഞ്ച് അടി 10 ഇഞ്ച് വീതിയും എട്ട് ടണ്ണിയേറെ ഭാരവുമുണ്ട്. ഇതൊരു ട്രക്കല്ലാതെ പിന്നെന്താണ്. 
4. സ്വന്തം ഏറോപ്ളെയിന്‍ 
എയര്‍ഫോഴ്സ് വണ്ണില്‍ അമേരിക്കന്‍ പ്രസിഡന്‍റ് യാത്ര ചെയ്യുമ്പോള്‍ ബീസ്റ്റും ഒപ്പം യാത്ര ചെയ്യും. (പാവം പ്രസിഡന്‍റ് പോകുന്നിടത്തൊക്കെ കാറും വീടും ആളും കുടിയും വരെ കൊണ്ടുപോകണം). അതിനായി പ്രത്യേകമൊരു വിമാനമുണ്ട്. C17 ഗ്ളോബ്മാസ്റ്റര്‍. കുറഞ്ഞത് മൂന്ന് ബീസ്റ്റുകള്‍ എല്ലായിടത്തും കൊണ്ടുപോകും. പ്രസിഡന്‍റ് എത്തുന്നതിന് മുമ്പേ ബീസ്റ്റുകള്‍ എത്തിച്ച് തയാറാക്കി നിര്‍ത്തും. 


5. സുരക്ഷ 
മിസൈലുകളെ വഴിതെറ്റിക്കാന്‍ പിന്നില്‍നിന്ന് ഉയര്‍ന്ന് പൊട്ടിച്ചിതറുന്ന പ്രത്യേക ബലൂണുകള്‍, ഉള്ളിലെ പ്രത്യേക അറകളില്‍ സൂക്ഷിച്ചിരിക്കുന്ന തോക്കുകള്‍, ഗ്രനേഡുകള്‍, ടിയര്‍ ഗ്യാസ്ഷെല്ലുകള്‍, റോക്കറ്റ് ലോഞ്ചറുകളേറ്റാല്‍ തകരാത്ത ബോഡി, നേരിട്ട് മിസൈല്‍ പതിച്ചാല്‍ പോലും തകരാത്ത ഇന്ധനടാങ്ക് തുടങ്ങിയവയാണ് ബീസ്റ്റിന്‍െറ പുറത്ത് പറയാന്‍ കൊള്ളാവുന്ന പ്രത്യേകതകള്‍. ടൈറ്റാനിയം, സെറാമിക്, സ്റ്റീല്‍, അലൂമീനിയം എന്നിവ ചേര്‍ത്ത് നിര്‍മിച്ച ശരീരം, എട്ട് ഇഞ്ച് കനമുള്ള ബോയിങ് 757 എയര്‍ക്രാഫ്റ്റിന് തുല്യമായ ഡോറുകള്‍, അഞ്ച് ഇഞ്ച് കനമുള്ള വിവിധ പാളികളായി ക്രമീകരിച്ച ഗ്ളാസുകള്‍, ബോംബേറ്റ് ടയര്‍ തകര്‍ന്നാലും (പഞ്ചറായാലല്ല) പിന്നേയും ഓടാന്‍ കഴിയുന്ന നൈലോണ്‍ പാളികളുള്ള ഗുഡ് ഇയര്‍ ടയറുകള്‍, ജൈവായുധങ്ങളെ തടയാന്‍ പ്രത്യേക ഓക്സിജന്‍ ചേംബര്‍ തുടങ്ങി സവിശേഷ നിര്‍മിതിയാണ് ബീറ്റ്സ്.

 
6. ഉള്‍വശം 
ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സുഖമായിരിക്കാം. പിന്നിലെ രണ്ട് സീറ്റുകള്‍ പ്രസിഡന്‍റിനും വി.ഐ.പി സുഹൃത്തിനും. ഇതിനെ അഭിമുഖീകരിച്ച് മൂന്ന് സീറ്റുകള്‍. മുന്നില്‍ പ്രധാന സുരക്ഷാഭടന്‍. സാറ്റലൈറ്റ് ഫോണ്‍, അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പാനിക്ക് ബട്ടണ്‍, പൂര്‍ണമായും ചരിക്കാവുന്ന സീറ്റുകള്‍, വൈഫൈ കണക്ടിവിറ്റി തുടങ്ങി സൗകര്യ സമൃദ്ധമാണ് ഉള്‍വശം. സി.ഐ.എ പ്രത്യേക പരിശീലനം നല്‍കുന്ന ഡ്രൈവറാണ് ഓടിക്കുന്നത്. 
7. എഞ്ചിന്‍ 
ഡീസല്‍ പ്രേമികള്‍ വിജയിപ്പൂതാക. ബീസ്റ്റ് ഓടുന്നത് ഡീസലിലാകുന്നു. പെട്രോള്‍ കുടിയന്‍ രാജ്യമെന്നറിയപ്പെടുന്ന അമേരിക്കയുടെ നേതാവിന്‍െറ വാഹനം ഓടിക്കാന്‍ ഡീസല്‍. അല്‍പം വൈരുധ്യമുണ്ടല്ളേ. കാരണമുണ്ട്, ഡീസലിന് പെട്ടെന്ന് തീപിടിക്കില്ല, ലോകത്തെവിടെയും ലഭിക്കും. 6.5 ലിറ്റര്‍ ഡ്യുറാമാക്സ് എഞ്ചിനാണ് ബീസ്റ്റിന് കരുത്ത് പകരുന്നത്. പൂജ്യത്തില്‍നിന്ന് നൂറിലത്തൊന്‍ പത്തിന് മുകളില്‍ സെക്കന്‍ഡ് വേണം. ഇനിയാണ് ഇന്ത്യന്‍സിന്‍െറ സുപ്രധാന സംശയം. എത്ര കിട്ടും? 100 കിലോമീറ്റര്‍ ഓടാന്‍ 29 ലിറ്റര്‍ ഡീസല്‍ അടിക്കണം. അതായത് 3.44 km/l.


ബാക്കിവെച്ചത്
1, 2013ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഒരു തീരുമാനമെടുത്തു. ബീസ്റ്റുകള്‍ വാഷിങ്ടണ്‍ ഡി.സിയില്‍ രജിസ്റ്റര്‍ ചെയ്ത് ടാക്സടക്കാം. ഒരു തന്ത്രം. ജനങ്ങളോട് താദാത്മ്യം പ്രാപിക്കാനുള്ള ശ്രമം.
2, അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ ബസുകളായ ‘ഗ്രൗണ്ട് ഫോഴ്സ് വണ്‍’ നേരത്തെ നിര്‍മിച്ചിരുന്നെങ്കിലും നിലവില്‍ വാടകക്കെടുക്കുകയാണ് പതിവ്. എന്തിനാണന്നല്ളേ. ചിലവ് ചുരുക്കാന്‍!!! വേണമെങ്കില്‍ പ്രധാനമന്ത്രി മോദിക്കും മാതൃകയാക്കാം.

ഷബീര്‍ പാലോട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.