വൈദ്യുതി തിന്നുന്ന കാംറി

രണ്ടു പതിറ്റാണ്ടുമുമ്പ് നമ്മുടെ നാട്ടില്‍ സുലഭമായിരുന്ന മോപ്പഡുകളെ ഓര്‍ക്കുന്നുണ്ടോ. ബൈക്കിന്‍െറയും സൈക്കിളിന്‍െറയും ചില സ്വഭാവങ്ങള്‍ ചേരുന്ന സങ്കരയിനം. നിരപ്പായ സ്ഥലത്ത് ഇരമ്പലോടെ പായുകയും കയറ്റംവരുമ്പോള്‍ സൈക്കിള്‍പോലെ ചവിട്ടിക്കൊടുക്കുകയും ചെയ്യേണ്ടിയിരുന്ന ഈ മോപ്പഡുകളാണ് നമ്മള്‍ ഏറ്റവുമധികം കണ്ടിട്ടുള്ള ഹൈബ്രീഡ് വെഹിക്കിളുകള്‍. രണ്ടുതരം ശക്തികള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വണ്ടികളെയാണ് ഹൈബ്രീഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഇനത്തില്‍പെട്ട ഒന്നിനെ ടൊയോട്ട ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. കാംറി ഹൈബ്രീഡ്. പഴയ മോപ്പഡ് കുഴിയാനയാണെങ്കില്‍ കാംറി ഹൈബ്രീഡ് നീലത്തിമിംഗലമാണ്. മോപ്പഡിന്‍െറ കാര്യത്തില്‍ 50 സി.സി എന്‍ജിനും നമ്മുടെ കാലുകളുമാണ് ശക്തികള്‍. കാംറിയുടെ കാര്യത്തിലാകുമ്പോള്‍ ഒരു പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മേട്ടോറുമായി ഇത് മാറുന്നു. എന്‍ജിനില്‍ ഓട്ടം തുടങ്ങുന്ന വണ്ടിയെ പിന്നീട് ഇലക്ട്രിക് മേട്ടോറായിരിക്കും നയിക്കുക. ഞെട്ടിക്കുന്ന ഇന്ധനലാഭമാണ് ഫലം. 


കഴിഞ്ഞവര്‍ഷം മോസ്കോ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച മുഖംമിനുക്കിയ കാംറി ഹൈബ്രീഡാണ് ഇന്ത്യയില്‍ വന്നിരിക്കുന്നത്. ഇതിലെ 2495 സി.സി പെട്രോള്‍ എന്‍ജിന്‍ 5700 ആര്‍.പി.എമ്മില്‍ 160 പി.എസ് കരുത്തും 4500 ആര്‍.പി.എമ്മില്‍ 213 എന്‍.എം ടോര്‍ക്കും നല്‍കും. പെര്‍മനെന്‍റ് മാഗ്നറ്റ് സിംക്രണസ് മോട്ടോര്‍ എന്നറിയപ്പെടുന്ന ഇലക്ട്രിക് മോട്ടോര്‍ 143 പി.എസ് കരുത്തും 270 എന്‍.എം ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. രണ്ടുംകൂടി ചേരുമ്പോള്‍ 205 പി.എസ് ആണ് കാറിന് കിട്ടുന്ന കരുത്ത്. 34 മൊഡ്യൂളുകളും 204 സെല്ലുകളുമുള്ള 244.8 വോള്‍ട്ടിന്‍െറ ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒരു മൊബൈല്‍ഫോണിന്‍െറ ബാറ്ററിപോലും നേരെചൊവ്വേ പ്രവര്‍ത്തിക്കാത്ത നമ്മുടെ രാജ്യത്ത് ഈ കാറിന്‍െറ ബാറ്ററി എന്ത് വിപ്ളവം കൊണ്ടുവരുമെന്ന് കണ്ടുതന്നെ അറിയണം. വിദേശത്ത് ബസൊക്കെ വൈദ്യുതിയില്‍ ഓടുന്നുണ്ട് എന്ന വാര്‍ത്ത മാത്രമാണ് ആശ്വാസം. 4825 മില്ലീമീറ്റര്‍ നീളവും 1825 മി.മീ വീതിയും 1480 മി.മീ ഉയരവുമുള്ള പടുകൂറ്റര്‍ കാറാണ് കാംറി.

എന്‍ജിനും മോട്ടോറും ജോലി വീതിച്ചെടുക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളില്‍ 19 കിലോമീറ്ററോളം ഓടാന്‍ 1625 കിലോയുള്ള കാംറിക്ക് കഴിയും. കമ്പ്യൂട്ടര്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. അതുകൊണ്ട് വാശിക്ക് ഗിയര്‍മാറി മൈലേജ് കുറക്കാം എന്ന് കരുതേണ്ട. പെട്രോള്‍ വേരിയന്‍റിന് 28.8 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്സ് ഷോറൂം വില. ഡീസല്‍ വകഭേദത്തിന് 31.92 ലക്ഷം നല്‍കണം. 70,000 കാംറി ഹൈബ്രീഡുകള്‍ ഒരുവര്‍ഷം ഇന്ത്യയില്‍ വിറ്റഴിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത് എന്നറിയുമ്പോള്‍ വാഹനത്തില്‍ അവര്‍ക്കുള്ള വിശ്വാസം വ്യക്തമാണ്. ഹൈബ്രീഡിന് മാത്രമായി തയാറാക്കിയ ഗ്രില്ലുകളും എംബ്ളവും, മസ്കുലര്‍ ബമ്പര്‍, വെര്‍ട്ടിക്കല്‍ ഇന്‍ഡിക്കേറ്ററുകള്‍, ഓട്ടോ ലെവലിങ് സംവിധാനമുള്ള ഓട്ടോമാറ്റിക് എല്‍.ഇ.ഡി ഹെഡ്ലൈറ്റുകള്‍, വലിയ എയര്‍ഡാം, 10 സ്പോക് അലോയ് വീലുകള്‍, റിയര്‍ ഫോഗ് ലാമ്പ് എന്നിവയാണ് പുറത്തെ സവിശേഷതകള്‍.

ലെതര്‍ സീറ്റുകള്‍, നാല് സ്പോക് സ്റ്റിയറിങ് വീല്‍, ടു ഡിന്‍ ടച്ച് സ്ക്രീന്‍ ഡീവീഡി ഡിസ്പ്ളേ, തുകല്‍ പൊതിഞ്ഞ ഡാഷ്ബോര്‍ഡും ഗിയര്‍നോബും സൈ്ളഡിങ് ലെതര്‍ ആംറെസ്റ്റ് ഉള്ള സെന്‍റര്‍ കണ്‍സോള്‍ ബോക്സ്, മുന്നിലും പിന്നിലുമിരിക്കുന്ന യാത്രക്കാര്‍ക്ക് വായിക്കാന്‍ സഹായിക്കുന്ന പേഴ്സനല്‍ ലൈറ്റുകള്‍ എന്നിവയൊക്കെ അകത്തെ വിശേഷങ്ങള്‍. ഡ്രൈവര്‍ സീറ്റും പാസഞ്ചര്‍ സീറ്റും എട്ടുതരത്തിലും അഞ്ചു സീറ്റുകളുടേയും ഹെഡ് റെസ്റ്റ് രണ്ടു തരത്തിലും ക്രമീകരിക്കാം. ട്രിപ്പ്ള്‍ സോണ്‍ കൈ്ളമറ്റ് കണ്‍ട്രോള്‍, സ്റ്റാര്‍ട്ട് സ്റ്റോപ് ബട്ടണ്‍ തുടങ്ങി എ.ബി.എസും ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോളും വെഹിക്ക്ള്‍ സ്റ്റെബിലിറ്റി കണ്‍ട്രോളും ഒക്കെ ചേരുന്ന ആധുനിക ആഡംബരകാറാണ് കാംറി. ഓട്ടോമാറ്റിക് കാറുകളും ഡബ്ള്‍ സിം മൊബൈല്‍ ഫോണും ആദ്യം അദ്ഭുതവും പിന്നെ അനിവാര്യതയുമായപോലെ സമീപഭാവിയില്‍ ഹൈബ്രീഡും റോഡുകള്‍ കീഴടക്കിയേക്കും. പിന്നെ ഇതിനുള്ളിലെ എന്‍ജിനെ ഉപേക്ഷിച്ച് മോട്ടോര്‍ മാത്രമായി ഓട്ടം തുടരുകയും ചെയ്തേക്കാം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.