ആര്‍ത്തിതോന്നും ആര്‍ത്രി

കുട്ടികള്‍ക്കൊപ്പം കളിക്കാനും പറ്റില്ല മുതിര്‍ന്നവര്‍ക്കൊപ്പം കൂട്ടുകയുമില്ല. ജനിച്ച് പത്ത് പതിനാറ് വര്‍ഷം കഴിയുമ്പോള്‍ ഏതാണ്ട് എല്ലാ മനുഷ്യരും അനുഭവിക്കുന്ന പ്രതിസന്ധിയാണിത്. ഇതേ അവസ്ഥയാണ് യമഹ ആര്‍ ത്രീക്കും. സൂപ്പര്‍ ബൈക്കാണോ എന്ന് ചോദിച്ചാല്‍ അല്ല. സാധാരണ ബൈക്കാണോ അതുമല്ല. ഇംഗ്ളീഷ് സിനിമയിലൊക്കെ കാണുന്നവിധത്തിലുള്ള സൂപ്പര്‍ ബൈക്ക് ഓടിക്കാനുള്ള പക്വത അടുത്തകാലത്താണ് നമ്മുടെ രാജ്യക്കാര്‍ക്കുണ്ടായത്. നാട് ഈ മൂപ്പിലത്തെുന്നതുവരെ ഓടിച്ചുപഠിക്കാന്‍ യമഹ ആര്‍15 എന്ന കുട്ടിബൈക്ക് ഉണ്ടാക്കിയിരുന്നു. സ്പോര്‍ട്സ് ബൈക്കിന്‍െറ ആവേശം യുവാക്കളുടെ തലയിലേക്ക് കയറ്റാന്‍ ഈ ബൈക്കിനായി. ഇതിനെക്കാള്‍ കുറച്ചുകൂടി വളര്‍ച്ച പ്രാപിച്ചരൂപമാണ് ആര്‍ത്രീക്ക്.  യമഹയുടെ സൂപ്പര്‍ ബൈക്കുകളായ ആര്‍ സിക്സിന്‍െറയും ആര്‍ വണിന്‍െറയുമൊക്കെ രൂപഭാവാദികളിലാണ് നിര്‍മാണം. ആര്‍15 മടുക്കുകയും ചെയ്തു ആര്‍ സിക്സിനെ പേടിയുമാണ് എന്ന നിലയിലുള്ളവര്‍ക്ക് ആര്‍ത്രീയെ സമീപിക്കാം.

കാവസാക്കി നിന്‍ജ 300  പോലുള്ള ബൈക്കുകളെ പേടിപ്പിക്കാനാണ് ആര്‍ത്രീയെ ഇറക്കിയത്. പുതിയതായി ഉണ്ടാക്കിയ 321 സി.സി, ഫോര്‍സ്ട്രോക് ഇന്‍–ലൈന്‍ ടു സിലിണ്ടര്‍ എന്‍ജിനാണ് ആര്‍ത്രീയില്‍. 10,750 ആര്‍.പി.എമ്മില്‍ 42.0 പി.എസ് പവറും 9000 ആര്‍.പി.എമ്മില്‍ 29.6 എന്‍.എം ടോര്‍ക്കും കിട്ടും. ഫോര്‍ജ്ഡ് അലൂമിനിയം പിസ്റ്റണുകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ എന്‍ജിന്‍ വൈബ്രേഷന്‍ കുറയുമെന്നാണ് യമഹ പറയുന്നത്. പുതിയ കംബസ്റ്റ്യന്‍ അനാലിസിസ് ടെക്നോളജി മെച്ചപ്പെട്ട വായു ഇന്ധന മിശ്രണവും ജ്വലനവും സാധ്യമാക്കുന്നുവെന്ന അവകാശവാദവുമുണ്ട്. ആറു സ്പീഡ് ട്രാന്‍സ്മിഷനാണ് എഞ്ചിന് കൂട്ട്. ഇരട്ട ഹെഡ്ലൈറ്റുകള്‍ എല്‍.ഇ.ഡിയാണ്. ഇന്‍ഡിക്കേറ്ററുകള്‍ സൈഡ് ഫെയറിങ്ങിലാണ് ഘടിപ്പിച്ചിരിക്കുന്നത്. താഴ്ന്ന റൈഡിങ് പൊസിഷനാണ്.  സീറ്റിന്‍െറ ഉയരം 780 എം.എം മാത്രമെയുള്ളൂവെന്നതിനാല്‍ താഴ്ന്ന റൈഡിങ് പൊസിഷനാണ്. ആര്‍15ന്‍െറ അത്ര ഉയരമില്ല പിന്‍സീറ്റിന്. അതുകൊണ്ട് ഇരിപ്പ് നല്ല സുഖമായിരിക്കും. 10 സ്പോക്ക് അലോയ് വീലാണ്. മസില്‍ കുടുതല്‍ തോന്നിക്കുന്ന ഇന്ധന ടാങ്ക്, നീളം കുറഞ്ഞ തടിച്ച മഫ്ളര്‍, ടു ഇന്‍ വണ്‍ ഡിസൈനുള്ള എക്സ്ഹോസ്റ്റ് പൈപ്പ്, എല്‍.ഇ.ഡി ടെയില്‍ ലാമ്പുകള്‍, മള്‍ട്ടി ഫങ്ഷന്‍ ഇന്‍സ്ട്രമെന്‍റ് ക്ളസ്റ്റര്‍ എന്നിവയൊക്കെ കാഴ്ചയിലെ വിശേഷങ്ങള്‍.

സ്പീഡോമീറ്റര്‍ ഡിജിറ്റലും ടാക്കോമീറ്റര്‍ അനലോഗുമാണ്. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, നിലവിലെ ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത, ക്ളോക്ക്, രണ്ടു ട്രിപ് മീറ്ററുകള്‍, ഗിയര്‍ ഷിഫ്റ്റ് ടൈമിങ് ഇന്‍ഡിക്കേറ്റര്‍ എന്നീ സൗകര്യങ്ങളുമുണ്ട്. ഭാരം കുറഞ്ഞതുമായ പുതിയ ഡയമണ്ട് ടൈപ് സ്റ്റീല്‍ ഫ്രേമിലാണ് നിര്‍മാണം. 169 കിലോയാണ് ഭാരം. ഏഴു തരത്തില്‍ ക്രമീകരിക്കാവുന്ന മോണാ ഷോക്ക് സസ്പെന്‍ഷനാണ് ഇതിന് പിന്നിലുള്ളത്. ഇരട്ട കാലിപ്പറോടു കൂടിയ  298 എം.എമ്മിന്‍െറ ഒറ്റ ഡിസ്ക്ക് ബ്രേക്കാണു മുന്നില്‍. പിന്നില്‍ 220 എം.എം ഒറ്റ ഡിസ്ക്കും നല്‍കിയിട്ടുണ്ട്. ഒരു ലിറ്റര്‍ പെട്രോളില്‍ ഏകദേശം 27 കിലോമീറ്റര്‍ ഓടാന്‍ ത്രാണിയുള്ള ഇതിന് നാല് ലക്ഷത്തോളം രൂപ വിലയാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.