കൊച്ചി: നിർത്തിയിട്ട കാറിൽ നിന്ന് പൊടുന്നനെ പുക ഉയരുന്നു, അത് തീയായി ആളിക്കത്തുന്നു, ഓടിക്കൊണ്ടിരിക്കുന്ന വാഹനം തീയിൽ കത്തിയമരുന്നു... ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നത് വാഹനങ്ങൾ ഓടിക്കുന്നവരെയും അല്ലാത്തവരെയും ആശങ്കയിലാഴ്ത്തുകയാണ്. സുരക്ഷാമുൻകരുതലുകളെക്കുറിച്ച് ബോധവത്കരണം നടത്തുമ്പോഴും വാഹനങ്ങളിലെ തീപിടിത്തം ആവർത്തിക്കുകയാണെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു.
ഇരുചക്രവാഹനങ്ങൾ മുതൽ ഹെവി വാഹനങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ഉടൻ ജീവൻരക്ഷാമാർഗങ്ങൾ തേടിയില്ലെങ്കിൽ ആളപായത്തിന് വരെ സാധ്യതയുണ്ടെന്ന് മുൻകാല സംഭവങ്ങൾ വിശദീകരിച്ച് വിദഗ്ധർ വ്യക്തമാക്കുന്നു. രണ്ടുമാസത്തിനിടെ ഏഴോളം വാഹനങ്ങളാണ് ജില്ലയിൽ ഇത്തരത്തിൽ തീപിടിച്ച് കത്തിനശിച്ചത്.
അമ്പലമേട്ടിൽ ബി.പി.സി.എല്ലിന്റെ ഗ്യാസ് പ്ലാന്റിന് സമീപം റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചതാണ് ഒടുവിലെ സംഭവം. തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നയാൾ ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പെരുമ്പാവൂര്‍ പി.പി റോഡിലെ പാത്തിപാലത്തില് വാത്തിയായത്ത് ഹോസ്പിറ്റലിന് മുന്നില്‍ ഓട്ടത്തിനിടെ കാർ കത്തിനശിച്ചിരുന്നു. പെരുമ്പാവൂർ മുടക്കുഴയിലും എറണാകുളം പാലാരിവട്ടത്തും സമാന നിലയിൽ കാറുകൾ തീപിടിച്ച് കത്തിനശിച്ചു.
പാലാരിവട്ടത്ത് ഓടുന്നതിനിടെ എക്സ് യുവി 500 ഡീസൽ കാറിന് തീപിടിച്ചത് സമീപത്തുകൂടെയെത്തിയ ബൈക്ക് യാത്രികരാണ് കാറിന്റെ ഡ്രൈവറെ അറിയിച്ചത്. ഉടൻ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. പള്ളുരുത്തിയിലാണ് പോർച്ചിൽ നിർത്തിയിട്ട കാർ കത്തിനശിച്ചത്. ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിലാണ് കത്തിനശിച്ചത്. കാർ പോർച്ചും തീപിടിത്തത്തിൽ നശിച്ചിരുന്നു.
വാഹനങ്ങളിലെ രൂപമാറ്റം ഷോർട്ട്സർക്യൂട്ടിനും അതിലൂടെ തീപിടിത്തത്തിനും വഴിവെക്കുന്ന സംഭവങ്ങൾ നിരവധിയാണെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അനുവദനീയമല്ലാത്തതും ഉയർന്ന ശേഷിയുള്ളതുമായ ഹോണുകൾ, ലൈറ്റുകൾ, സ്പീക്കറുകൾ എന്നിവയൊക്കെ അപകടം വരുത്തിവെക്കും.
55/60 വാട്സ് ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100 - 130 വാട്ട് ഹാലജൻ ബൾബുകളിടുന്ന സംഭവങ്ങളൊക്കെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇതൊക്കെ നിയമവിരുദ്ധമാണ്. വയറിങിലെ നിലവാരക്കുറവ് പലപ്പോഴും രൂപമാറ്റം വരുത്തുന്ന വാഹനങ്ങളിലെ പരിശോധനയിൽ കാണാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.