പ്രതീകാത്മക ചിത്രം 

ടോളുകളിൽ ഫാസ്ടാഗ് ഉപയോഗിക്കാത്തവർക്ക് ആശ്വാസം; യു.പി.ഐ വഴി ടോൾ നൽകുന്നവർക്ക് പിഴയിൽ ഇളവ്

ന്യൂഡൽഹി: ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് ഉപയോഗിച്ച്‌ ടോൾ നൽകാത്തവർക്ക് ചുമത്തുന്ന പിഴയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. യു.പി.ഐ (യൂനിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) വഴി ടോൾ നൽകുന്നവർക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുകൊയൊള്ളു എന്നും ഹൈവേ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ടോൾ നിരക്കിന്റെ 1.25 മടങ്ങുമാത്രം പിഴ ഇനത്തിൽ യു.പി.ഐ വഴി ഇടപാട് നടത്തുന്നവർ നൽകിയാൽ മതി.അതായത് ഫാസ്ടാഗ് ഉപയോഗിച്ച്‌ 100 രൂപ ടോൾ നൽകുന്ന റോഡുകളിൽ ഫാസ്ടാഗ് ഇല്ലാതെ യു.പി.ഐ വഴി ടോൾ നൽകുന്നവർ 1.25 മടങ്ങ് (125 രൂപ) നൽകിയാൽ മതിയാകും. നേരത്തെ ഇത് ടോൾ നിരക്കിന്റെ ഇരട്ടിയായിരുന്നു. പുതിയ ഈ നീക്കം നവംബർ 15 മുതൽ രാജ്യത്ത് നിലവിൽ വരുമെന്നും ഹൈവേ മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നുണ്ട്.

'ദേശീയ പാതകളിൽ ടോൾ പിരിവുകൾക്കിടയിലുള്ള തട്ടിപ്പ് തടയുക' എന്ന് ലക്ഷ്യം വെച്ചാണ് ഹൈവേ മന്ത്രാലയം പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. എന്നാൽ യു.പി.ഐ വഴി അല്ലാതെ പണമായി ടോൾ നൽകുന്നവർ 25 ശതമാനം അധിക പണം നൽകണം. കൂടാതെ നിലവിൽ ഉപയോഗിക്കുന്ന ഫാസ്ടാഗിൽ നിന്നും പണം സ്വീകരിക്കുന്നതിൽ ടോൾ ബൂത്തുകൾ പരാജയപ്പെട്ടാൽ വാഹന ഉടമക്ക് പണം നൽകാതെ ടോൾ ബൂത്ത് കടക്കാനും പുതിയ പദ്ധതി പ്രകാരം സാധിക്കും. ടോൾ പിരിവ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ടോൾ ഓപ്പറേറ്റർമാരെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ദേശീയ പാതകളിൽ 98 ശതമാനവും ഫാസ്ടാഗ് ഉപയോഗിക്കുന്നവരാണ്. ഇത് 2022 മുതൽ ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം 47 സെക്കന്റുകളായി കുറഞ്ഞിട്ടുണ്ടെന്ന് സർക്കാർ അവക്ഷപ്പെടുന്നു.

2025 ആഗസ്റ്റ് 15 മുതൽ രാജ്യത്ത് പുതിയ വാർഷിക ഫാസ്ടാഗ് പ്ലാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അവതരിപ്പിച്ചിരുന്നു. ഈ വാർഷിക ഫാസ്ടാഗ് അനുസരിച്ച് വർഷത്തിൽ 3000 രൂപ റീചാർജ് ചെയ്താൽ പണം തീരുന്നത് വരെയോ അല്ലെങ്കിൽ 200 യാത്രകളോ ചെയ്യാൻ സാധിക്കും.      

Tags:    
News Summary - Relief for those who do not use FASTag at tolls;penalty reduced if paid through UPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.