മണവാളനെ കൊണ്ടുവരാൻ ഇനി ധർമേന്ദ്രയുടെ ടാക്സിയില്ല; മുംബൈയുടെ നിരത്തുകളിൽനിന്ന്​ ‘കാലി പീലി’ ടാക്സികൾ വിടവാങ്ങുന്നു

മലയാളികളെ കുടുകുടെ ചിരിപ്പിച്ച മണവാളൻ കൊച്ചിയിലേക്ക്​ നടത്തിയ ടാക്സി യാത്ര ഓർമയില്ലേ. മുംബൈയിലെ ധാരാവിയിൽ നിന്നുള്ള ടാക്സി ഡ്രൈവർ ധർമേന്ദ്രയുടെ പ്രീമിയർ പദ്​മിനിയിലായിരുന്നു ആ യാത്ര. മണവാളനും ധർമേന്ദ്രയും അയാളുടെ ടാക്സിയും അങ്ങിനെ മലയാളികൾക്കും പ്രിയങ്കരമായിമാറി. എന്നാലിനി മുംബൈയിൽ പ്രീമിയർ പദ്​മിനി ടാക്സികൾ ഉണ്ടാകില്ല. ‘കാലി പീലി’ ടാക്സികൾ എന്നറിയപ്പെടുന്ന മുംബൈയിലെ ‘പ്രീമിയർ പദ്മിനി’കൾ ഓർമയാവുകയാണ്​. 2023 ഒക്​റ്റോബറോടുകൂടി മുംബൈയുടെ നിരത്തുകളിൽനിന്ന്​ ഈ ഐതിഹാസിക ടാക്സികൾ പിൻവാങ്ങും.

ഐതിഹാസിക ടാക്സി ജീവിതം

നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറക്കാനായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിവിധ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തിലെ ജനപ്രിയ ഡബിള്‍ ഡക്കര്‍ ബസുകള്‍ അടുത്തിടെ നിര്‍ത്തലാക്കിയിരുന്നു. സെപ്റ്റംബര്‍ 15 മുതലാണ് ഈ ബസുകള്‍ നിരത്തൊഴിഞ്ഞത്. മുംബൈ നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ഈ ഡബിള്‍ ഡക്കര്‍ ബസുകള്‍. മലിനീകരണം കൂടിയ സാഹചര്യത്തില്‍ ഡീസലില്‍ ഓടുന്ന ഈ ബസുകള്‍ സര്‍വീസ് നിര്‍ത്താന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

പ്രീമിയർ പത്മിനിയും മുംബൈ ജീവിതം തുടങ്ങുന്നത്​ 1964 ലിലാണ്​. ഫിയറ്റ്-1100 ഡിലൈറ്റ്’ എന്ന മോഡലാണ്​ ആദ്യ കാലത്ത്​ ടാക്സികൾക്ക്​ ഉപയോഗിച്ചിരുന്നത്​. സ്റ്റിയറിങിന്​ സമൂഹം ഘടിപ്പിച്ച ഗിയർ ഷിഫ്റ്ററുള്ള ശക്തമായ 1200 സി.സി കാറുമായാണ് പ്രീമിയർ പദ്മിനിയുടെ ടാക്‌സി യാത്ര ആരംഭിച്ചതെന്ന് മുംബൈ ടാക്‌സിമെൻസ് യൂനിയൻ ജനറൽ സെക്രട്ടറി എഎൽ ക്വാഡ്രോസ് ഓർമിക്കുന്നു. പ്ലൈമൗത്ത്, ലാൻഡ്മാസ്റ്റർ, ഡോഡ്ജ്, ഫിയറ്റ് 1100 തുടങ്ങിയ ‘വലിയ ടാക്സികളുമായി’ താരതമ്യപ്പെടുത്തുമ്പോൾ ഇത് ചെറിയ വാഹനമായിരുന്നു. ഈ വലുപ്പക്കുറവ്​ മുംബൈ മഹാനഗരത്തിലെ തിരക്കിൽ ഊളിയിടാൻ പദ്​മിനികളെ സഹായിച്ചു.


1970-കളിൽ ഈ മോഡലിനെ "പ്രീമിയർ പ്രസിഡന്റ്" എന്നും പിന്നീട് "പ്രീമിയർ പദ്മിനി" എന്നും പേരുമാറ്റി. പ്രീമിയർ ഓട്ടോമൊബൈൽ ലിമിറ്റ് (പിഎഎൽ) 2001-ൽ അതിന്റെ ഉൽപ്പാദനം നിർത്തുന്നതുവരെ പിന്നീട് പേരുമാറ്റത്തിന് വിധേയമായിട്ടില്ല. ഉത്​പ്പാദനം അവസാനിച്ചതിന് ശേഷം ഏറെക്കാലം 100-125 പ്രീമിയർ പദ്മിനി കാബുകൾ വിവിധ കാരണങ്ങളാൽ രജിസ്റ്റർ ചെയ്യപ്പെടാതെ കിടന്നു. 2003-ലാണ്​ കാർ ഡീലർമാർ ഇവയുടെ രജിസ്ട്രേഷൻ എടുത്തുനൽകിയത്​.

അറുപതുകളിൽ, മുംബൈയിലും കൊൽക്കത്തയിലും ഓരോ രണ്ടാം മാസത്തിലും 25-30 ഫിയറ്റ്-1100D അല്ലെങ്കിൽ അംബാസഡർ കാറുകൾ ടാക്സികളായി ഇറങ്ങുമായിരുന്നെന്ന് ക്വാഡ്രോസ് പറഞ്ഞു. “സർക്കാർ രണ്ട് നഗരങ്ങൾക്കും ക്വാട്ട നിശ്ചയിച്ചിരുന്നു, എന്നാൽ മുംബൈയിലെ ഡ്രൈവർമാർ അംബാസഡർ വാങ്ങാൻ വിമുഖത കാണിച്ചു. കൊൽക്കത്തക്കാർക്ക്​ ഫിയറ്റിന്റെ കാര്യത്തിലും താത്​പ്പര്യമില്ലായിരുന്നു. യൂനിയൻ കൊൽക്കത്തയുമായി ക്വാട്ട കൈമാറ്റം ചെയ്തതിനാൽ മുംബൈയ്ക്ക് ഫിയറ്റ് ടാക്സികൾ മാത്രമേ ലഭിച്ചുള്ളൂ’- ക്വാഡ്രോസ് പറഞ്ഞു.

ക്വാഡ്രോസിന്റെ അഭിപ്രായത്തിൽ പ്രീമിയർ പദ്മിനിയുടെ എണ്ണം 1990-കളിൽ ഉയർന്നിരുന്നു. മഹാരാഷ്ട്ര സർക്കാർ 2008-ൽ കാബുകൾക്ക് 25 വയസ്സ് പ്രായപരിധി നിശ്ചയിക്കുകയും 2013-ൽ അത് 20 വർഷമായി കുറയ്ക്കുകയും ചെയ്‌തതിരുന്നു. ഇതോടെ നിരവധി കാലി പീലി ടാക്സികൾ തങ്ങളുടെ ഓട്ടം അവസാനിപ്പിച്ചുകൊണ്ടിരുന്നു.

വലിപ്പക്കുറവ്​, വിശ്വസനീയമായ എഞ്ചിൻ, അറ്റകുറ്റപ്പണികളിലെ കുറവ്​, സുഖപ്രദമായ ഇന്റീരിയർ എന്നിവ കാരണം പ്രീമിയർ പദ്മിനികൾ യാത്രക്കാർക്കിടയിൽ ജനപ്രിയമായിരുന്നു. എന്നാൽ അവയുടെ ഉത്പാദനം നിർത്തിയതിന് ശേഷം സ്പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവാണ് പ്രധാന പ്രശ്‌നമായി മാറിയത്.


ഏകദേശം 60 വര്‍ഷമായി ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രീമിയര്‍ പത്മിനി ടാക്‌സികള്‍ മുംബൈയുടെ അഭിമാനവും തങ്ങളുടെ ജീവിതവുമായിരുന്നുവെന്നാണ് നഗരത്തിലെ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു പ്രഭാദേവി സ്വദേശി അബ്ദുല്‍ കരീം പറയുന്നത്. നഗരത്തിലെ പൈതൃകം പേറുന്ന കാലപ്പഴക്കം ചെല്ലുന്ന പല കെട്ടിടങ്ങളും സംരക്ഷിക്കം പോലെ കുറഞ്ഞത് ഒരു പ്രീമിയര്‍ പത്മിനി ടാക്‌സിയെങ്കിലും സംരക്ഷിച്ചു പോരണമെന്നും പല കോണില്‍ നിന്നായി ആവശ്യമുയര്‍ന്നിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ ടാക്‌സി യൂണിയന്‍ ഇതേ ആവശ്യം ഉന്നയിച്ച് സര്‍ക്കാറിനെ സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. നിലവില്‍ നഗരത്തിലെ ചുമരുകളില്‍ മ്യൂറല്‍ പെയിന്റിംഗുകളായി അവ അവശേഷിക്കുമെന്നും കാലക്രമേണ അവ ജനങ്ങളുടെ ഹൃദയത്തില്‍ മാത്രമായി ചുരങ്ങുമെന്നുമാണ് ഖാലി-പീലി ഫാന്‍സിന്റെ സങ്കടം.


പ്രീമിയർ പദ്മിനികൾ വിടവാങ്ങാൻ കാരണം

2003 ഒക്‌ടോബർ 29-ന് മുംബൈയിലെ ദ്വീപ് മെട്രോപോളിസിന്റെ മേൽനോട്ടം വഹിക്കുന്ന ടാർഡിയോ ആർടിഒയിൽ ബ്ലാക്ക് ആൻഡ് യെല്ലോ കാബായി അവസാന പ്രീമിയർ പദ്മിനി രജിസ്റ്റർ ചെയ്തതായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. നഗരത്തിലെ ക്യാബുകളുടെ പ്രായപരിധി 20 വയസ്സായതിനാൽ, ഒക്​ടോബർ 30 മുതൽ മുംബൈയിൽ ഔദ്യോഗികമായി പ്രീമിയർ പദ്മിനി ടാക്സി ഉണ്ടാകില്ല. എന്നാലും അധിക നികുതിയടച്ച്​ ഓടുന്ന ചില ടാക്സികൾ ഇപ്പോഴും നഗരത്തിൽ തുടരുന്നുണ്ട്​. മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്ര ഉൾപ്പടെ നിരവധിപേർ സമൂഹമാധ്യമങ്ങളിൽ ‘മുംബൈ വാല’ ടാക്സികൾക്ക്​ വിടപറഞ്ഞ്​ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പങ്കുവച്ചിട്ടുണ്ട്​.

‘ഇന്നു മുതൽ ഐതിഹാസികമായ പ്രീമിയർ പദ്മിനി ടാക്സികൾ മുംബൈയിലെ റോഡുകളിൽ നിന്ന് അപ്രത്യക്ഷമാകുകയാണ്​. അവണ്പലതരം കുഴപ്പങ്ങളുള്ളവരും ശബ്ദമുണ്ടാക്കുന്നവരുമായിരുന്നു. അധികം ലഗേജ് കപ്പാസിറ്റിയും ഇല്ല. എന്നാൽ എന്റെ തലമുറയിലെ ആളുകൾക്ക് അവർ ധാരാളം ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്​. ഞങ്ങളെ പോയിന്റ് എയിൽ നിന്ന് ബിയിലേക്ക് എത്തിക്കുക എന്ന അവരുടെ ജോലി അവർ ചെയ്തു. വിട കാലി-പീലി ടാക്സികൾ. എല്ലാ നല്ലകാര്യങ്ങൾക്കും നന്ദി’-ആനന്ദ്​ മഹീന്ദ്ര എക്സിൽ കുറിച്ചു.

Tags:    
News Summary - End of an era: Mumbai's Premier Padmini taxis go off-road after 6 decades; Anand Mahindra pays tribute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.