പ്രതീകാത്മക ചിത്രം
ദിനംപ്രതി വർധിക്കുന്ന സ്വർണ വിലയിൽ ഏറെ പ്രതിസന്ധിയിലാണ് രാജ്യത്ത് മിഡിൽ ക്ലാസ് കുടുംബങ്ങൾ. എന്നാൽ കഴിഞ്ഞ അക്ഷയ തൃതീയയിൽ മാത്രം രാജ്യത്ത് സ്വർണ വിൽപ്പനയിൽ റെക്കോഡ് നേട്ടത്തിലെത്തുകയും ചെയ്തു. ജനങ്ങൾക്ക് സ്വർണം എന്നത് ഏറ്റവും സുരക്ഷിതമായ സമ്പാദ്യമാണ്. അതിനാൽ തന്നെ വലിയ രീതിയിൽ സ്വർണത്തിൽ നിക്ഷേപിക്കാനും വാങ്ങി കൂട്ടാനും ആളുകൾക്ക് താൽപര്യം കൂടുതലാണ്.
അതിനിടയിൽ കഴിഞ്ഞ വർഷങ്ങളിലേയും ഇപ്പോഴത്തെ വില വർധനവിനേയും വാഹനങ്ങളുടെ വിലയുമായി ബന്ധിപ്പിക്കുന്ന ഒരു കുറിപ്പ് സാമൂഹിക മാധ്യങ്ങളിൽ ഏറെ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ് ഗ്രൂപ്പായ ആർ.പി.ജി എന്റർപ്രൈസസ് ചെയർമാൻ ഹർഷ ഗോയങ്കയാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സിൽ' വളരെ രസകരമായ കുറിപ്പ് പങ്കുവെച്ചത്.
1980 മുതൽ ഒരു കിലോഗ്രാം സ്വർണ മൂല്യത്തിൽ ഒരു പുത്തൻ കാർ രാജ്യത്ത് ലഭിച്ചിരുന്നു. ഇന്നും അത് ലഭിക്കുന്നു. എന്നാൽ വിലയിലും മോഡലിലും ഏറെ മാറ്റത്തോടെ. 1990ൽ ഒരു കിലോഗ്രാം സ്വർണത്തിന്റെ വിലയിൽ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ '800' സ്വന്തമാക്കാമായിരുന്നു. 2000ത്തിൽ ഒരു കിലോഗ്രാം സ്വർണത്തിന്റെ വില മാരുതിയുടെ സെഡാൻ മോഡലായ 'എസ്റ്റീം' മോഡലിന് തുല്യമായിരുന്നു. 2005ലെ നിരക്കുമായി ബന്ധിപ്പിച്ചാൽ ടൊയോട്ടയുടെ സൂപ്പർ എം.പി.വിയായ ഇന്നോവയും 2010ൽ ടൊയോട്ട ഫോർച്ചുണർ, 2019ൽ ബി.എം.ഡബ്യു കാറും സ്വന്തമാക്കാനുള്ള മൂല്യത്തിനോട് ഒപ്പമെത്തിയെന്ന് ഹർഷ് ഗോയങ്ക തന്റെ കുറിപ്പിൽ പറയുന്നു.
എന്നാൽ തന്റെ പോസ്റ്റിൽ ഏറ്റവും ചർച്ചക്ക് വിധേയമായത് 2025ലെ സ്വർണത്തിന്റെ വിലയാണ്. ദിനംപ്രതി വില വർധിക്കുന്ന സ്വർണത്തിന് ഒരുവർഷം കഴിയുമ്പോഴേക്കും വില എവിടെചെന്ന് നിൽക്കും എന്നത് പ്രവചനത്തിനും അപ്പുറമാണ്. 2025ൽ ഒരു കിലോഗ്രാം സ്വർണം കൈവശം ഉള്ളവർക്ക് ലാൻഡ് റോവർ എസ്.യു.വികൾ സ്വന്തമാക്കാമെന്നും ഹർഷ് ഗോയങ്കയുടെ പോസ്റ്റിൽ പറയുന്നുണ്ട്. ഒരു കിലോഗ്രാം സ്വർണം കയ്യിലുള്ളവർ അതിനെ 2030വരെ അതേപോലെ സൂക്ഷിച്ചാൽ റോൾസ് റോയ്സിനോട് തുല്യവും 2040വരെ ആണെങ്കിൽ ഒരു പ്രൈവറ്റ് ജെറ്റും സ്വന്തമാക്കാമെന്ന വാക്കോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
രാജ്യത്ത് ലാൻഡ് റോവറിന്റെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള മോഡൽ ഡിസ്‌കവറി സ്‌പോർട് ആണ്. 63.37 ലക്ഷം രൂപയാണ് ഈ മോഡലിന്റെ പ്രാരംഭ എക്സ് ഷോറൂം വില. പക്ഷെ ഹർഷ് ഗോയങ്കയുടെ പോസ്റ്റ് വിരൽ ചൂണ്ടുന്നത് ഡിസ്‌കവറി സ്‌പോർട് മോഡലിലേക്കല്ല. ലാൻഡ് റോവറിന്റെ ഐതിഹാസിക എസ്.യു.വിയായ ഡിഫൻഡറിലേക്കാണ്. 98 ലക്ഷം രൂപയാണ് ഡിഫൻഡർ എസ്.യു.വിയുടെ പ്രാരംഭ എക്സ് ഷോറൂം വില. നിലവിൽ ഒരു കിലോ സ്വർണത്തിന്റെ ഏകദേശ വില 1.12 കോടിയാണ്. അതിനാൽ തന്നെ ഡിസ്‌കവറി മോഡലിന് ഒരു കിലോ സ്വർണത്തേക്കാൾ വില കുറവാണ്. ആഡംബര വാഹനമായ റോൾസ് റോയ്സിന്റെ എൻട്രി ലെവൽ ഗോസ്റ്റ് സീരീസ് 2 മോഡലിന് രാജ്യത്ത് 8.95 കോടി രൂപയുമാണ് എക്സ് ഷോറൂം വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.