പ്രതീകാത്മക ചിത്രം
രാജ്യത്ത് ഫാസ്ടാഗ് ഉപയോഗിച്ച് സംസ്ഥാന, ദേശീയ പാതകളിൽ യാത്ര ചെയ്യുന്ന വാഹന ഉടമകൾ യഥാർത്ഥ ഫാസ്ടാഗാണോ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയാനുള്ള 'നോ യുവർ വെഹിക്കിൾ' (കെ.വൈ.വി) രീതിയിൽ ഏറെ ആശയക്കുഴപ്പമാണ് ഉപഭോക്താക്കൾ നേരിടുന്നത്. ഫാസ്ടാഗുകളുടെ ദുരുപയോഗം തടയുന്നതിനായി 2024 ഒക്ടോബർ മുതലാണ് രാജ്യത്ത് കെ.വൈ.വി സംവിധാനം ആരംഭിച്ചത്. ഇതിനോടനുബന്ധിച്ച് നിരവധി സംശയങ്ങൾ ഫാസ്ടാഗ് ഉപഭോക്താക്കൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇനിമുതൽ കെ.വൈ.വി രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് ദേശീയപാത അതോറിറ്റി.
ഒരു ഫാസ്ടാഗ് ഉപയോഗിച്ച് പലതരത്തിലുള്ള വാഹനങ്ങൾ ടോൾ ബൂത്ത് കടക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഒരു വാഹനത്തിന് യഥാർത്ഥത്തിലുള്ള ഫാസ്ടാഗിന്റെ സ്ഥിരീകരണ സംവിധാനമാണ് ഫാസ്ടാഗ് കെ.വൈ.വി. കെ.വൈ.വി നിലവിൽ വന്നതോടെ ഏത് വാഹനത്തിനാണോ ഫാസ്ടാഗ് ഉള്ളത്, ആ വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി), വാഹനത്തിന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യണം. ഇത് ഫാസ്ടാഗ് ദുരുപയോഗം ചെയ്യുന്നത് ഒരു പരിധിവരെ തടയുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം.
പുതിയ നയമനുസരിച്ച് ഫാസ്ടാഗ് ഉപഭോക്താക്കൾക്ക് ഒന്നിലധികം രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറും വിൻഡ്ഷീൽഡിൽ സ്ഥാപിച്ചിട്ടുള്ള ഫാസ്ടാഗ് കാണിക്കുന്ന വാഹനത്തിന്റെ ചിത്രവും അപ്‌ലോഡ് ചെയ്താൽ മതിയാകും. വാഹനനമ്പർ അപ്‌ലോഡ് ചെയ്യുന്നത് വഴി ഡാറ്റബേസിൽ നിന്നും വാഹനത്തിന്റെ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ ഓട്ടോമാറ്റിക്കായി ലഭിക്കും.
കെ.വൈ.വി അപൂർണ്ണമാണെങ്കിൽ പോലും ഫാസ്ടാഗ് സേവനങ്ങൾ താൽക്കാലികമായി റദ്ദ് ചെയ്യില്ല. പകരം കെ.വൈ.വി നടപടികൾ പൂർത്തിയാക്കാൻ വാഹന ഉടമക്ക് ഫാസ്ടാഗുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് നടപടികൾ പൂർത്തീകരിക്കാനുള്ള സന്ദേശം ലഭിക്കും. വാഹന ഉടമക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒന്നിലധികം ഫാസ്ടാഗുകൾ ഉണ്ടെങ്കിൽ ഏത് വാഹനമാണ് കെ.വൈ.വി നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതെന്ന് ഉടമ സ്ഥിരീകരിക്കണം. ശേഷം വിവരങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തടസ്സം നേരിട്ടാൽ ഫാസ്ടാഗുള്ള ബാങ്ക് വഴി നടപടികൾ പൂർത്തീകരിക്കുകയും വേണം.
ഫാസ്ടാഗ് കെ.വൈ.വി പൂർത്തീകരിക്കാൻ വാഹന ഉടമകൾ ഔദ്യോഗിക വെബ്സൈറ്റായ https://fastag.ihmcl.com സന്ദർശിക്കണം. ശേഷം വാഹനത്തിന്റെ ഫാസ്ടാഗുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. പിന്നീട് വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറും ഫാസ്ടാഗും ദൃശ്യമാകുന്ന ഫോട്ടോ അപ്‌ലോഡ് ചെയ്യുക. തുടർന്ന് വാഹനത്തിന്റെ ആർ.സി വിവരങ്ങൾ ലഭിക്കുന്നുണ്ടോ എന്ന പരിശോധിക്കണം. ശേഷം വാഹന ഉടമ കെ.വൈ.വി അഭ്യർത്ഥന സ്ഥിരീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.