വാഹനത്തിന്റെ അടിതട്ടുന്ന പ്രശ്നമുണ്ടോ? ഗ്രൗണ്ട് ക്ലിയറൻസ് കൂട്ടാനുള്ള എളുപ്പമാർഗങ്ങൾ ഇതാണ്

സെഡാനുകൾ ഹാച്ച്ബാക്കുകൾ എന്നിവ ഓടിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അടിതട്ടുക എന്നത്. വലിയ കുഴികളും മറ്റും ചാടുമ്പോഴും ഹമ്പുകൾ മറികടക്കുമ്പോഴും ഇത്തരത്തിൽ സംഭവിക്കാം. രാജ്യത്ത് വർധിച്ചുവരുന്ന എസ്‌.യു.വി, ക്രോസ്ഓവർ വിൽപ്പനക്ക് കാരണങ്ങളിൽ ഒന്ന് അവ ഉപയോഗിച്ച് അനായാസം റോഡിലെ തടസങ്ങൾ മറികടക്കാം എന്നതാണ്. വാഹനം മാറാതെതന്നെ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. നിലവിലെ ഹാച്ച്ബാക്കിന്റെയോ സെഡാന്‍റെയോ ഗ്രൗണ്ട് ക്ലിയറന്‍സ് വർധിപ്പിക്കുക എന്നതാണ് ഇവിടെ ​ചെയ്യുന്നത്. ലളിതവും ചെലവു കുറഞ്ഞതുമായ ചില വഴികൾ ഇതിനായി അവലംബിക്കാവുന്നതാണ്.

കോയിൽ സ്‍പ്രിങ് അസിസ്റ്റേഴ്‌സ്

ചെറിയ കാറിന്‍റെ ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കാൻ കഴിയുന്ന ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണിത്. വാഹനത്തിന്‍റെ ഗ്രൗണ്ട് ക്ലിയറൻസ് ഏകദേശം 10 എംഎം മുതല്‍ 15 എംഎം വരെ വർധിപ്പിക്കാൻ ഇതിന് കഴിയും. കോയില്‍ അസിസ്റ്ററുകൾ വളരെ കട്ടിയുള്ള റബ്ബർ (പോളിയുറീൻ) കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അവ കാറിന്റെ കോയിൽ സ്‍പ്രിങുകൾക്കിടയിൽ സ്ഥാപിക്കാം. ഇത്തരം സ്‍പ്രിങ് അസിസ്റ്റുകള്‍ സസ്പെൻഷന്റെ ട്രാവലിന്റെ അളവ് പരിമിതപ്പെടുത്തുന്നു. അതിനാൽ കുഴികളിലും സ്പീഡ് ബ്രേക്കറുകളിലും കാറിന്റെ അടിതെറ്റാനുള്ള സാധ്യതകൾ കുറയ്ക്കുന്നു.


കോയിൽ സസ്പെൻഷൻ സജ്ജീകരണമുള്ള കാറുകളിൽ കോയിൽ അസിസ്റ്റഡ് സജ്ജീകരിക്കാം. കോയിൽ സ്‍പ്രിങ് അസിസ്റ്റർ സ്ഥാപിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്‍ത സ്ഥാനങ്ങളുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. നല്ല നിലവാരമുള്ള അസിസ്റ്ററാണ് ഉപയോഗിക്കുന്നതെങ്കിൽ, അത് വളരെക്കാലം നിലനിൽക്കും. ഇത് ഇൻസ്റ്റാൾ ചെയ്യുന്നതും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പരിചയസമ്പന്നരായ ഏതൊരു മെക്കാനിക്കിനും ഇത് എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

സസ്പെൻഷൻ പരിഷ്കരണം

സസ്പെൻഷൻ പരിഷ്കരണമാണ് ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്താനുള്ള മ​റ്റൊരു മാർഗം. എന്നാല്‍ ഈ രീതി കുറച്ച് ചെലവേറിയതാണ്. കാറിലെ സ്റ്റോക്ക് സസ്പെൻഷൻ നീക്കം ചെയ്യുകയും അസംബ്ലി സഹിതം ഒരു പുതിയ സജ്ജീകരണം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യുകയാണിതിൽ ചെയ്യുന്നത്. അത്തരം ജോലിയിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു വർക്ക്ഷോപ്പിൽ ചെയ്യുന്നതാകും എല്ലായ്പ്പോഴും ഉചിതം. തിരഞ്ഞെടുക്കുന്ന ബ്രാൻഡിനെ ആശ്രയിച്ച് ഒരു പുതിയ സസ്പെൻഷൻ സജ്ജീകരണം ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ചെലവ് വ്യത്യാസപ്പെടും.

റിമ്മുകൾ ടയറുകൾ എന്നിവയുടെ ഉയരം കൂട്ടുക

ഉയരം കൂടിയ ടയറുകളും റിമ്മുകളും വാഹനത്തിൽ പിടിപ്പിക്കുന്നത് ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കാൻ സഹായിക്കും. ഒറിജിനൽ റിമ്മുകൾ നിലനിർത്തിക്കൊണ്ട് വലുപ്പമുള ടയറിലേക്ക് മാറുന്നതാണ് ഇതി​ൽ ഏറ്റവും എളുപ്പമുള്ള മാർഗം. മറ്റൊരു മാർഗം റിമ്മുകൾ നവീകരിക്കുകയാണ്. വീൽ സൈസ് നവീകരിക്കുമ്പോൾ, ടയറിന്റെ വലുപ്പവും വർധിക്കും. അതിനാൽ ഗ്രൗണ്ട് ക്ലിയറൻസും വർധിക്കും.പുതിയ ടയറുകള്‍ ഉള്‍പ്പെടെ വാങ്ങേണ്ടി വരുന്നതിനാല്‍ ഇത് ചെലവേറിയ മാര്‍ഗ്ഗമാണ്. മാത്രമല്ല ഈ വഴി തെരെഞ്ഞെടുക്കുമ്പോള്‍ ടയർ ഫെൻഡർ ലൈനിംഗ് ഉരയില്ലെന്ന് ഉറപ്പാക്കേണ്ടതും അത്യാവിശ്യമാണ്. കുഴിയിൽ ഇടിക്കുമ്പോൾ നിലവാരമില്ലാത്ത റിം പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ നല്ല നിലവാരമുള്ള അലോയി ഉറപ്പാക്കുക.

ഇക്കാര്യം ശ്രദ്ധിക്കാം

ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ടകാര്യം ഒരു വാഹനത്തിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് വാറന്‍റി അസാധുവാക്കിയേക്കാം എന്നതാണ്. പുതിയ കാറിലാണെങ്കിൽ ഇക്കാര്യം തീർച്ചയായും ശ്രദ്ധിക്കണം.

Tags:    
News Summary - 3 Ways To Increase the Ground Clearance of Your Vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.