ടെൻഷനടിച്ച്​ വാഹനമോടിക്കുന്നവരാണോ നിങ്ങൾ​?; ഡ്രൈവിങ് ആസ്വാദ്യകരമാക്കാൻ ഇക്കാര്യങ്ങൾ ഒന്ന്​ പരീക്ഷിച്ച്​ നോക്കൂ

ഡ്രൈവിങ്​ ആസ്വദിക്കുന്ന ഒരാളാണോ നാം? പുറകിലെ വാഹനം ഹോൺ അടിച്ചാൽ നമുക്ക് അസ്വസ്ഥത തോന്നാറുണ്ടോ ? അവരെ കടത്തിവിടുമ്പോൾ ആണോ അതോ വിടാതിരിക്കുമ്പോഴോ നമ്മൾ സന്തോഷം അനുഭവിക്കുന്നത് ? പുറകിലെ വാഹനം നിങ്ങളെ മറികടന്നു പോകുമ്പോഴുംട്രാഫിക് സിഗ്നലിൽ കാത്ത് കിടക്കുമ്പോൾ വരി തെറ്റിച്ച് കടന്നു പോകുന്നവരെ കാണുമ്പോഴും അസ്വസ്ഥതപ്പെടാറുണ്ടോ ? റോഡ് മുറിച്ച് കടക്കാൻ നിൽക്കുന്നവർക്കും മറ്റു വാഹനങ്ങൾക്കും മുൻഗണന നൽകുന്നതിൽ സന്തോഷം കണ്ടെത്താറുണ്ടോ ? നമുക്ക് മുൻഗണന നൽകിയ ഡ്രൈവറെ നോക്കി പുഞ്ചിരിക്കാറുണ്ടോ? നമുക്ക് തടസ്സമുണ്ടാക്കുന്നില്ലെങ്കിലും എതിരെ നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്ന വാഹനത്തെ ഹെഡ് ലൈറ്റിലൂടെ പ്രതികരിക്കാറുണ്ടോ......ഒരു വാഹനം നമ്മെ മറികടക്കാൻ ശ്രമിക്കുമ്പോൾ വേഗത കൂട്ടാറുണ്ടോ? ഒരു മെലഡി പോലെ,കുളിർ കാറ്റു പോലെ ആ വാഹനത്തിലെ മറ്റ് യാത്രക്കാർ, വാഹനം ഓടുന്നുണ്ട് എന്ന് പോലും അറിയാതെ ശാന്തമായി ഒഴുകി നീങ്ങുന്ന ഒന്നാണോ നമ്മുടെ ഡ്രൈവിങ്​ ....

റിലാക്‌സ്ഡ് ഡ്രൈവിംഗ് എന്നത് ഒരു കലയാണ് ...

വാഹനം ഓടിക്കുമ്പോൾ ശാന്തവും സന്തോഷകരവുമായ ഒരു അനുഭവത്തെയും മാനസികാവസ്ഥയെയും സൂചിപ്പിക്കുന്ന ഒന്ന് ....കൂടുതൽ ആസ്വാദ്യകരവും സമ്മർദ്ദരഹിതവുമായ ഡ്രൈവിംഗ് ഒരു സ്വഭാവ സവിശേഷതയും. ശാന്തമായ മാനസികാവസ്ഥയിലേക്കെത്താനുള്ള നിരന്തരവും ബോധപൂർവ്വവുമായ ശ്രമവും മറ്റുള്ളവരോടുള്ള സഹാനുഭൂതിയോടെയുള്ള സമീപന രീതികളും ഇതിൽ ഉൾപ്പെടുന്നു.


ഡ്രൈവിങ്​ എങ്ങനെ സന്തോഷകരമായ അനുഭവമാക്കാം എന്നതിനെക്കുറിച്ചുള്ള ചില ടിപ്പുകൾ ഇതാ

1. ക്ഷമയും സഹാനുഭൂതിയും പരിശീലിക്കുക: ട്രാഫിക് കാലതാമസങ്ങളും അപ്രതീക്ഷിത സാഹചര്യങ്ങളും ഡ്രൈവിംഗിന്റെ ഭാഗമാണെന്ന് അംഗീകരിക്കുക. ചുവന്ന സിഗ്നൽ കാണുമ്പോൾ അത് റിലാക്സ് ചെയ്യാനുള്ള ഒരു അവസരമായി കണ്ടുപെരുമാറുകയും മറ്റ് ഡ്രൈവർമാരോട് ക്ഷമയും സഹാനുഭൂതിയും പുലർത്തുക, ഇത് നിരാശ കുറയ്ക്കാനും കൂടുതൽ പോസിറ്റീവ് മാനസികാവസ്ഥയിലേക്ക് മാറുന്നതിനും സഹായിക്കും. പുറകിൽ നിന്ന് ഹോണടിക്കുന്ന വാഹനങ്ങളെ കടത്തിവിടുന്നതിൽ സന്തോഷം കണ്ടെത്തുക. റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്നവരെ ഒരു പുഞ്ചിരിയോടെ കടന്നു പോകാൻ അനുവദിക്കുക. വാഹനം നിർത്തി നമ്മെ മുൻഗണന നൽകി കടത്തി വിടുന്ന ഡ്രൈവറെ നോക്കി കൈ വീശി ക്കാണിച്ച് നന്ദി അറിയിക്കുക ....

2. നേരത്തേ ഇറങ്ങുക: ഒൻപത് മണിക്ക് വീട്ടിൽ നിന്നിറങ്ങേണ്ടുന്ന നാം ഒമ്പതരയ്ക്ക് ഇറങ്ങിയതിനു ശേഷം വീട്ടിൽ നഷ്ടപ്പെട്ട അരമണിക്കൂർ റോഡിൽ തിരിച്ചു പിടിക്കാൻ ശ്രമിച്ചാൽ നമ്മുടെ ഡ്രൈവിംഗ് സന്തോഷകരമാവില്ല സദാ നിറഞ്ഞൊഴുകുന്ന നമ്മുടെ നിരത്തുകളിൽ മുൻകൂട്ടിയുള്ള യാത്ര ശീലമാക്കാൻ തുടങ്ങുക.

3. വേഗത കുറക്കൂ : വേഗത ഡ്രൈവിംഗിൽ സമ്മർദ്ദം സൃഷ്ടിക്കുന്നതിൽ പ്രധാനമാണ്.

4. മുൻകൂട്ടി ആസൂത്രണം ചെയ്യുക: റോഡിൽ എത്തുന്നതിന് മുമ്പ്, നമ്മുടെ റൂട്ട് മുൻകൂട്ടി പ്ലാൻ ചെയ്യുക. ട്രാഫിക് സാഹചര്യങ്ങൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ ഇതര റൂട്ടുകളും തിരക്ക് കുറഞ്ഞ സമയവും പരിഗണിക്കുകയും ചെയ്യുക. കൃത്യമായി എവിടേക്കാണ് പോകേണ്ടന്നതെന്നും എപ്പോഴാണ് പ്രതീക്ഷിക്കേണ്ട സമയമെന്നും അറിയുന്നത് ഡ്രൈവിംഗ് സമ്മർദ്ദം കുറയ്ക്കും.


5. ഡിഫൻസീവ് ഡ്രൈവിംഗ് പരിശീലിക്കുക: ഒരു ഡിഫൻസീവ് ഡ്രൈവർ ആകുക എന്നതിനർത്ഥം നിങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ബോധവാനായിരിക്കുകയും അപകടസാധ്യതകൾ മുൻകൂട്ടി കാണുകയും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയവയാണ്.

6. സുഖപ്രദമായ അന്തരീക്ഷം സൃഷ്‌ടിക്കുക: നിങ്ങളുടെ വാഹനം നന്നായി പരിപാലിക്കുന്നതും വൃത്തിയുള്ളതും ക്ഷമത ഉള്ളതും ടയർ തേയ്മാനം ഇല്ലാത്തതും ആണെന് ഉറപ്പാക്കുക. താപനില, സീറ്റ് പൊസിഷനുകൾ, കണ്ണാടികൾ, ടയർ പ്രഷർ, എന്നിവ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കുക. സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ പ്രധാനമാണ്.

7. ശാന്തമായ സംഗീതം ശ്രവിക്കുക: നിങ്ങൾ ആസ്വദിക്കുന്നതും വിശ്രമിക്കുന്നതുമായ സംഗീതമോ പോഡ്‌കാസ്റ്റുകളോ തിരഞ്ഞെടുക്കുക. ശാന്തമായ ഉള്ളടക്കം കേൾക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും നിങ്ങളുടെ ഡ്രൈവ് കൂടുതൽ ആസ്വാദ്യകരമാക്കാനും സഹായിക്കും. ഉറങ്ങുന്നതിന് മുൻപ് സംഗീതം കേൾക്കുന്ന സ്വഭാവമുള്ള ആളുകൾ ആണെങ്കിൽ അത്തരം പാട്ടുകൾ ഒഴിവാക്കുന്നത് നന്ന്.

8. ആവശ്യമുള്ളപ്പോൾ ഇടവേളകൾ എടുക്കുക: നീണ്ട യാത്രയിലാണെങ്കിൽ, നിങ്ങളുടെ കാലുകൾ നീട്ടാനും വിശ്രമമുറി സൗകര്യങ്ങൾ ഉപയോഗിക്കാനും ഉന്മേഷദായകമായ പാനീയമോ ലഘുഭക്ഷണമോ കഴിക്കാനും പതിവായി ഇടവേളകൾ ക്രമീകരിക്കുക.

9. ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് കുറയ്ക്കുക: ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് കുറച്ച് ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ഭക്ഷണം കഴിക്കുക, കൂടെയുള്ളവരോട് ഉച്ചത്തിൽ സംസാരിക്കുക ദേഷ്യപ്പെടുക അല്ലെങ്കിൽ റോഡിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയും ഒഴിവാക്കണം..

10. ശ്രദ്ധാപൂർവ്വമുള്ള ഡ്രൈവിംഗ് പരിശീലിക്കുക: ഡ്രൈവിംഗ് സമയത്ത് ഓരോ നിമിഷവും സന്നിഹിതരായിരിക്കുക ഡ്രൈവറായി തന്നെയിരിക്കുക. മനസ്സിനെ അലയാൻ അനുവദിക്കുന്നതിനുപകരം, ഡ്രൈവിംഗിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുക. റോഡ് അടയാളങ്ങൾ, ട്രാഫിക് സിഗ്നലുകൾ, മറ്റ് ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവ ശ്രദ്ധിക്കുക.

11. മുന്നിൽ തടസ്സം കണ്ടിട്ടും തൊട്ടടുത്തെത്തുമ്പോൾ സഡൻ ബ്രേക്ക് ഇടുന്ന ശീലം ഒഴിവാക്കി, ബ്രേക്കിന്റെ ഉപയോഗം കുറച്ച് നിയന്ത്രിത വേഗതയിൽ ആക്സിലറേറ്റർ വഴി വാഹനത്തിൻറെ വേഗത നിയന്ത്രിക്കുന്ന ശീലമാക്കിയാൽ സുരക്ഷ മാത്രമല്ല സാമ്പത്തിക ലാഭവും ഉണ്ടാകും.

വാഹനമോടിക്കുമ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതോടൊപ്പം സ്റ്റിയറിംഗിന് പുറകിൽ ശാന്തതയോടെയും മറ്റുള്ളരോട് കരുതലോടെയും സന്തോഷം നൽകുന്നതുമായ ഒരു സമീപനം സ്വീകരിക്കുകയും ചെയ്താൽ അത് നമുക്കും സന്തോഷകരവും ഉന്മേഷകരവുമായ അനുഭവമാക്കി ഡ്രൈവിങ്ങിനെ മാറ്റാൻ കഴിയും. തുടർച്ചയായി 3 ആഴ്ച ബോധപൂര്വ്വം ഇവ പരിശീലിച്ചു നോക്കൂ നമ്മുടെ ഡ്രൈവിംഗിൽ സന്തോഷവും സമാധാനവും നിറയുന്നതും ഡ്രൈവിംഗ് ആസ്വാദ്യകരമായ അനുഭവമായി മാറുന്നത് നമുക്ക് നമുക്കനുഭവിച്ചറിയാനാകും .....

വിവരങ്ങൾക്ക്​ കടപ്പാട്​ എം.വി.ഡി കേരള

Tags:    
News Summary - Tips For Stress-Free Driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.