സഞ്ജു ടെക്കിയുടെ ടാറ്റ സഫാരിക്ക് എന്താണ് പറ്റിയത്? അറിയാം ആധുനിക വാഹനങ്ങളിലെ സെൻസർ ലോകത്തെക്കുറിച്ച്

സഞ്ജു ടെക്കിയെന്ന യൂ ട്യൂബറുടെ വാഹനത്തിന്റെ തകരാറുകൾ സംബന്ധിച്ച ചർച്ചകൾ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ടാറ്റ സഫാരിയെന്ന വാഹനം വാങ്ങി അധികം ദിവസംകഴിയുംമുമ്പ് തകരാറിലായെന്നാണ് സഞ്ജു പറയുന്നത്. ഇതുസംബന്ധിച്ച് നിരവധി വിഡിയോകളും ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വ്ലോഗർമാരും രംഗത്തുവന്നു.

അവസാനം ടാറ്റ ഡീലർഷിപ്പുകാരുടെ പരാതിയിൽ സഞ്ജുവിനെതിരേ കോടതി വിധിയും വന്നു. ഈ വിഷയത്തിൽ ഇനി വിഡിയോ ചെയ്യരുതെന്നാണ് സഞ്ജുവിന് കോടതി നൽകിയിരിക്കുന്ന നിർദേശം. നേരത്തേ ഇ ബുൾജെറ്റ് എന്ന യൂ ട്യൂബേഴ്സിന് സംഭവിച്ചതിന് ഏതാണ്ട് സമാനമായ സംഭവവികാസങ്ങൾ തന്നെയാണ് ഇവിടേയും ഉണ്ടായിരിക്കുന്നത്.

സഞ്ജുവിന്റെ വാദങ്ങൾ

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് താൻ ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ സഫാരി എസ്.യു.വി വാങ്ങുന്നതെന്ന് സഞ്ജു പറയുന്നു. 25 ലക്ഷം രൂപ അടുപ്പിച്ച് ഇതിന് ചിലവാകുകയും ചെയ്തു. രണ്ടാഴ്ച മുമ്പാണ് തന്റെ പുതിയ കാറിന് തകരാറുകൾ ഉണ്ടെന്നുപറഞ്ഞ് സഞ്ജു വിഡിയോകൾ ചെയ്യാൻ തുടങ്ങിയത്. 'സഫാരി കാര്‍ വാങ്ങി പണികിട്ടി, ആര്‍ക്കും ഈ ഗതി വരരുത്' തുടങ്ങിയ തലക്കെട്ടുകളോടെയാണ് ഇയാൾ വീഡിയോകൾ പങ്കുവച്ചത്.


വാഹനത്തിന്റെ മെക്കാനിക്കല്‍ സംബന്ധിയായ പ്രശ്‌നങ്ങളെകുറിച്ചും സഞ്ജു വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ വാഹനം സര്‍വീസിന് കൊടുത്തതിനുശേഷവും പ്രശ്‌നം പരിഹരിച്ചില്ലെന്നും ഇയാൾ ചൂണ്ടിക്കാട്ടുന്നു. ഓടിക്കൊണ്ടിരുന്ന വാഹനം നിന്നുപോകുന്നു, പിന്നീട് വാഹനം ഇററുകൾ കാണിക്കുന്നു, സ്റ്റിയറിങ് വീലിൽ നിന്ന് ശബ്ദം വരുന്നു, എഞ്ചിന് കടുത്ത ഒച്ചയുണ്ട് ഇങ്ങിനെപോകുന്നു സഞ്ജുവിന്റെ പരാതികൾ. ഇയാളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കമ്പനി ഡീലര്‍മാര്‍ കോടതിയെ സമീപിച്ചത്. തുടർന്നാണ് കോടതി സഞ്ജുവിനെ വിഡിയോ ചെയ്യുന്നതിൽ നിന്ന് വിലക്കുന്നത്.

ഡീലർഷിപ്പിന്റെ വാദം

സഞ്ജുവിന്റെ വിഡിയോകൾ വൈറലായതോടെ ഡീലർഷിപ്പുകാർ തങ്ങളുടെ ഭാഗം പറയുന്നതിന് മ​െറ്റാരുകൂട്ടം യൂ ട്യൂബേഴ്സിനെ രംഗത്ത് ഇറക്കിയിട്ടുണ്ട്. ഇവരിലൂടെ തങ്ങളുടെ ഭാഗം ടാറ്റ ഡിലർഷിപ്പ് അവതരിപ്പിക്കുന്നു. ഇവരുടെ വാദമനുസരിച്ച് സഞ്ജുവിന്റെ ടാറ്റ സഫാരിയുടെ പ്രശ്നം അതിന്റെ ഇന്റർകൂളർ ഹോസ് വിട്ടുകിടന്നതാണ്. എവിടെയോ വാഹനം ശക്തമായി ഇടിച്ചതാണ് ഇതിന് കാരണമെന്നും അവർ പറയുന്നു. പിന്നീടുള്ള സ്റ്റിയറിങ് ശബ്ദമെന്ന വാദം ശരിയല്ലെന്നും സാധാരണയായി ഉള്ള ശബ്ദം മാത്രമാണ് അതെന്നുമാണ് ഡീലർഷിപ്പുകാർ പറയുന്നത്.

ഡീലർഷിപ്പുകാരുടെ വാദം മുഖവിലയ്ക്ക് എടുക്കാനാവില്ലെന്നാണ് സഞ്ജുവിനെ അനുകൂലിക്കുന്നവർ പറയുന്നത്. കാരണം വാഹനത്തിന്റെ അടിയിടിച്ച് ഇന്റർകൂളർ ഹോസ് വിട്ടുപോയി എന്നത് അസാധാരണ സംഭവമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വാഹനം ഇടിച്ച് തകർന്നാലാണ് അങ്ങിനൊരു സാധ്യതയുള്ളത്. കാരണം വാഹനത്തിന്റെ ഏറെ ഉള്ളിലാണ് ഇന്റർകൂളർ ഹോസ് പിടിപ്പിച്ചിരിക്കുന്നത്. അത് വിട്ടുപോവുക എന്നത് സാധാരണമല്ല. എന്തായാലും തർക്കങ്ങൾ ഇപ്പോഴും സജീവമാണ്.


സഫാരിയെന്ന ഡീസൽ കാർ

ടാറ്റയുടെ പ്രമുഖമായ ഡീസൽ മോഡലാണ് സഫാരി. 1956 സി.സി എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. എടുത്തുപറയേണ്ടത് ഇതൊരു ബി.എസ് ആറ് മോഡൽ കാറാണ് എന്നതാണ്. സാ​​ങ്കേതികമായി ചില സങ്കീർണതകൾ ബി.എസ് ആറ് ഡീസൽ വാഹനങ്ങൾക്ക് അവ പുറത്തിറങ്ങിയതുമുതലേ ചൂണ്ടിക്കാണിക്കപ്പെടു​ന്നുണ്ട്. അതിൽ പ്രധാനം വാഹനത്തിന്റെ ഫ്യുവൽ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'ഡീസൽ പർട്ടിക്കുലേറ്റ് ഫിൽറ്റർ' അഥവാ ഡി.പി.എഫ് ഫിൽറ്റിന്റേതാണ്. മലിനീകരണം കുറയ്ക്കുകയാണ് ഡി.പി.എഫ് ഫിൽറ്റിറിന്റെ ചുമതല. പക്ഷെ ഫിൽറ്റർ ക്ലീൻ ചെയ്യാനുള്ള ലളിതമായൊരു വ്യവസ്ഥ ഇനിയും കണ്ടുപിടിച്ചിട്ടില്ല. കരിയും പുകയും ഫിൽറ്ററിൽ അടിയുകയും ഇവ ക്ലീനാകാതിരിക്കുകയും ചെയ്താൽ വാഹനം വഴിയിൽ കിടക്കും എന്നതാണ് അവസ്ഥ.


ടാറ്റയുടെ വാഹനങ്ങൾക്ക് മാത്രമല്ല എല്ലാ ബി.എസ് ആറ് ഡീസൽ വാഹനങ്ങൾക്കും ഈ പ്രശ്നമുണ്ട്. ടാറ്റ നെക്സൺ, കിയ സെൽറ്റോസ്, ഹ്യൂണ്ടായ് ക്രെറ്റ തുടങ്ങി ഫോർഡിന്റെ വാഹനങ്ങളിൽവരെ ഇതൊരു കീറാമുട്ടിയായിതുടരുകയാണ്. ഈ പ്രശ്നമാണ് സഞ്ജുവിന്റെ വാഹനത്തിനെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ലെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നത് ഫിൽറ്റർ പ്രശ്നങ്ങളിലേക്കാണ്.


ഡി.പി.എഫ് ഫിൽറ്റർ ക്ലീനിങ് രീതികൾ

സ്വയം വൃത്തിയാകുന്ന രീതിയാണ് ഡി.പി.എഫ് ഫിൽറ്ററുകൾക്കുള്ളത്. ചെറിയ സി.സിയുള്ള വാഹനങ്ങളിൽ അത്ര മികച്ച സംവിധാനമല്ല അതിനുള്ളത്. 2000 സി.സിക്കുമുകളിൽ വരുമ്പോൾ വൃത്തിയാക്കാൻ പ്രത്യേക ഫ്ല്യൂയിഡ് സിസ്റ്റമൊക്കെ ഉണ്ട്. എന്നാൽ ചെറിയ വാഹനങ്ങളിൽ ഉയർന്ന ആർ.പി.എമ്മിലും വേഗതയിലും സഞ്ചരിച്ചാലാണ് ക്ലീനിങ് കൃത്യമായി നടക്കുക. നല്ല ചൂടിൽ എഞ്ചിൻ പ്രവർത്തിക്കുമ്പോൾ ഫിൽറ്ററിൽ അടിഞ്ഞുകൂടിയ മാലിന്യം സ്വയം കത്തിപ്പോകും. എന്നാൽ വാഹനം നഗരരയാത്രകളാണ് കൂടുതൽ നടത്തുന്നതെങ്കിൽ എഞ്ചിൻ ചൂടാവാനൊ മാലിന്യം സ്വയം പുറന്തള്ളാനോ കഴിയാതെവരും. പ്രത്യേകിച്ചും ട്രാഫിക് കുരുക്കുകളില കുടുതലായി കിടക്കുന്ന വാഹനങ്ങൾക്ക് ഇത് വേഗത്തിൽ സംഭവിക്കും.


ഫിൽറ്റർ നിറഞ്ഞാൽ ആദ്യം വാഹനം മുന്നറിയിപ്പ് തരും. പിന്നേയും ഓടിച്ചാൽ പതിയെ എഞ്ചിൻ ഓഫാവുകയും ചെയ്യും. ലിംഫ് മോഡ് എന്നാണിത് പറയുക. ഈ മോഡിൽ വാഹനം 30-40 കിലോമീറ്റർ വേഗതയിൽക്കൂടുതൽ സഞ്ചരിക്കില്ല. വാഹനം സർവ്വീസ് സെന്ററിൽ എത്തിക്കാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈയവസ്ഥയിൽ വാഹനം ചവിട്ടി​പ്പൊളിച്ചിട്ടോ നാം നിലവിളിച്ചിട്ടോ കാര്യമില്ല. ഈ മുന്നറിയിപ്പുകൾക്കുശേഷം പിന്നേയും വാഹനം ഓടിച്ചാൽ ഫിൽറ്റർ തകരാറിലാവുകയും ആയിരക്കണക്കിന് രൂപ ചിലവാകുകയും ചെയ്യുകയായിരിക്കും ഫലം.


സെൻസർ മയം

ആധുനിക വാഹനങ്ങളുടെ ഏറ്റവും വലിയ ഗുണവും ദോഷവും അതിലെ സെൻസറു​കളുടെ അധിപ്രസരമാണ്. ഡി.പി.എഫ് ഫിൽറ്റർ ക്ലീനിങും വിവിധ സെൻസറുകളുടെ ഉത്തരവാദിത്വമാണ്. വിലയും വലുപ്പവും കൂടുന്തോറും വാഹനത്തിലെ സെൻസറുകളുടെ എണ്ണവും കൂടും. സെൻസർ തകരാറിലായാൽ ഇന്ധനത്തിന്റെ പമ്പിങ് കുറച്ച് വേഗത നിയന്ത്രിച്ച് സുരക്ഷിതമാക്കലാണ് ഇ.സി.യു എന്ന തലച്ചോർ ആദ്യം ചെയ്യുക. സഞ്ജു തന്റെ വാഹനം ഇത്തരത്തിലുള്ള നിരവധി മുന്നറിയിപ്പുകൾ നൽകിയതായി പറയുന്നുണ്ട്. വാഹനത്തിൽ ഏതുതരത്തിലുള്ള വാണിങ് ലൈറ്റുകൾ തെളിഞ്ഞാലും മുന്നറിയിപ്പ് മെസ്സേജുകൾ ലഭിച്ചാലും അത് അവഗണിക്കാനേ പാടില്ല. കാരണം ഗുരുതര പ്രശ്നങ്ങളുടെ തുടക്കമാവും അത്. പിന്നീട് എത്രയും പെട്ടെന്ന് സർവ്വീസ് സെന്ററിൽ ബന്ധപ്പെടുകയാണ് ചെയ്യേണ്ടത്.  

Tags:    
News Summary - Tata dealership goes to court after YouTuber complains about Safari issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.